'പടകൂടുന്ന ബീഗം'മാരില്ലാത്ത ബംഗ്ലാദേശ്; അവിചാരിതമായെത്തി, അധികാരത്തിൽനിറഞ്ഞ ഖാലിദ സിയ

ധാക്ക: അവിഭക്ത ഇന്ത്യയിലെ തേയില ബിസിനസുകാരന്റെ മകളായി ജനിച്ച ഖാലിദാ സിയയ്ക്ക് കാലംകാത്തുവെച്ചത് ബംഗ്ലാദേശ് രാഷ്ട്രീയത്തിന്റെ തീച്ചൂളയായിരുന്നു. ബംഗ്ലാദേശ് രാഷ്ട്രീയത്തിലെ 'പടകൂടുന്ന ബീഗം'മാരിൽ ഒരാളായി നാലുപതിറ്റാണ്ട് അവർ നിറഞ്ഞുനിന്നു. ബംഗ്ലാദേശിലെ ആദ്യ വനിതാപ്രധാനമന്ത്രിയായി. കേസുകളിൽപ്പെട്ട് ജയിൽവാസമനുഭവിച്ചു. കഠിനരോഗങ്ങളാൽ വലഞ്ഞപ്പോഴും വീണ്ടും പ്രധാനമന്ത്രിയാവുക എന്ന മോഹം അവർ ഉപേക്ഷിച്ചില്ല. പക്ഷേ, ബംഗ്ലാദേശ് വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ നേരിടാൻപോകുന്ന വേളയിൽ രോഗംമൂർച്ഛിച്ച് ഖാലിദ ലോകത്തോടു വിട പറഞ്ഞു.
അവരുമായി നിരന്തരകലഹത്തിലേർപ്പെട്ടിരുന്ന ഷെയ്ഖ് ഹസീനയും ഇത്തവണ തിരഞ്ഞെടുപ്പുകളത്തിലില്ല. 2024 ജൂലായ്-ഓഗസ്റ്റിലെ ജനകീയപ്രക്ഷോഭത്തിൽ നാടുവിടേണ്ടിവന്ന ഹസീനയുടെ അവാമി ലീഗ് പാർട്ടിക്ക് ബംഗ്ലാദേശിൽ നിരോധനമാണ്. 'പടകൂടുന്ന ബീഗം'മാരില്ലാത്ത ബംഗ്ലാദേശാണ് സംജാതമാകുന്നത്.
ഖാലിദ ഉദിക്കുന്നു
1946 ഓഗസ്റ്റ് 15-നാണ് ഖാലിദാ സിയ ജനിച്ചത്. അവിഭക്ത ഇന്ത്യയിലെ കിഴക്കൻ ബംഗാളിലുള്ള (ഇന്ന് വടക്കൻ ബംഗ്ലാദേശ്) ദിനാജ്പുരിൽ. ഇന്ത്യ വിഭജിക്കപ്പെട്ടതോടെ കുടുംബം കിഴക്കൻ പാകിസ്താനിലേക്കു കുടിയേറി. ദിനാജ്പുരിലായിരുന്നു ഖാലിദയുടെ വിദ്യാഭ്യാസം. 1960-ൽ ഏതാണ്ട് 15-ാം വയസ്സുള്ളപ്പോഴായിരുന്നു പട്ടാളക്കാരനായ സിയാവുർ റഹ്‌മാനുമായുള്ള വിവാഹം. പിന്നീട്, അദ്ദേഹം ജനറലായി, ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) സ്ഥാപിച്ചു. 1977-ൽ രാജ്യത്തിന്റെ പ്രസിഡന്റായി. 1981-ലെ പട്ടാളലഹളയിൽ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ കൊലപാതകം ബംഗ്ലാദേശിനെ അനിശ്ചിതത്വത്തിലാക്കി. ബിഎൻപിയെ നാഥനില്ലാപ്പാർട്ടിയും. ഭിന്നിപ്പുടലെടുത്ത ബിഎൻപിയെ ഒന്നിപ്പിച്ചുകൊണ്ടുപോകാൻ ഖാലിദയ്ക്കുമാത്രമേ കഴിയൂ എന്ന് പാർട്ടിയിലെ ഉന്നതനേതാക്കൾ
വിലയിരുത്തി. രാഷ്ട്രീയത്തിൽ ഒട്ടും സജീവമല്ലാതിരുന്ന ഖാലിദ രണ്ടും കല്പിച്ചിറങ്ങി. 1982 ജനുവരിയിൽ ബിഎൻപിയിൽ അംഗത്വമെടുത്തു. പിറ്റേവർഷം ഉപാധ്യക്ഷയായി. 1984 ഓഗസ്റ്റിൽ പാർട്ടി അധ്യക്ഷയും.സേനാമേധാവി ജനറൽ എച്ച്.എം. ഇർഷാദിന്റെ ഭരണത്തിൽനിന്ന് ബംഗ്ലാദേശിനെ ജനാധിപത്യത്തിലേക്കെത്തിക്കാനുള്ള ശ്രമങ്ങൾക്ക് അവർ ചുക്കാൻപിടിച്ചു. 1990 ഡിസംബറിൽ ഇർഷാദിന്റെ ഭരണകൂടം വീണു. ചീഫ് ജസ്റ്റിസ് ഷഹാബുദ്ദിൻ അഹമ്മദിന്റെ നേതൃത്വത്തിൽവന്ന കാവൽസർക്കാർ 1991 ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പ് നടത്തി. ബംഗ്ലദേശിന്റെ സ്വാതന്ത്ര്യപ്പോരാട്ടത്തിൽ നിറഞ്ഞുനിന്ന അവാമി ലീഗിനെ തോൽപ്പിച്ച് ബിഎൻപി അധികാരത്തിലെത്തി. പുതിയ പർലമെന്റ് ബംഗ്ലാദേശിന്റെ ഭരണഘടന ഭേദഗതിചെയ്തു. പ്രസിഡൻഷ്യൻ ഭരണസംവിധാനത്തിൽന്ന് പാർലമെന്ററി സംവിധാനത്തിലേക്ക് രാജ്യത്തെ മാറ്റി. ഖാലിദാ സിയ ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി.
അധികാരമില്ലാതെ
1996-ൽ നടന്ന തിരഞ്ഞെടുപ്പിലും ബിഎൻപിക്കായിരുന്നു ജയം. പക്ഷേ, അവാമി ലീഗിന്റെ തെരുവുപ്രതിഷേധങ്ങൾ ശക്തമാകവേ 12 ദിവസം മാത്രം ഭരിച്ച് ബിഎൻപി സർക്കാർ ഒഴിഞ്ഞു. ആ വർഷം വീണ്ടും തിരഞ്ഞെടുപ്പ് നടന്നെങ്കിലും ബിഎൻപിക്ക് ജയിക്കാൻ കഴിഞ്ഞില്ല. എന്നാൽ, 116 സീറ്റോടെ ശക്തമായ പ്രതിപക്ഷമായി. ഖാലിദ വെറുതേയിരുന്നില്ല. നാലുപാർട്ടികളുടെ സഖ്യമുണ്ടാക്കി അവാമി ലീഗിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരേ പ്രക്ഷോഭം നടത്തി. 2001-ൽ വീണ്ടും അധികാരത്തിലേറി. ഭരണം പൂർത്തിയാക്കി, തിരഞ്ഞെടുപ്പ് നടത്താനായി കാവൽസർക്കാരിന് അധികാരം കൈമാറി 2006-ൽ അവർ പ്രധാനമന്ത്രിപദമൊഴിഞ്ഞു. പക്ഷേ, ആ കാവൽസർക്കാരിനെ അട്ടിമറിച്ചെത്തിയ പട്ടാളനേതൃത്വത്തിലുള്ള കാവൽസർക്കാർ, 2007 സെപ്റ്റംബറിൽ അഴിമതിക്കേസിൽ അവരെ അറസ്റ്റുചെയ്തു. മകൻ താരിഖ് റഹ്‌മാനും അഴിമതിക്കേസിൽ അറസ്റ്റിലായി. പുറത്തിറങ്ങിയ അദ്ദേഹം രാജ്യംവിട്ടു. ഖാലിദയുടെ 2001-2006-ലെ ഭരണകാലത്ത് അവരെ നിയന്ത്രിച്ചിരുന്നത് താരിഖാണെന്നാണ് ശ്രുതി.
പടകൂടുന്ന ബീഗംമാർ
'ബാറ്റ്ലിങ് ബീഗംസ്', ഖാലിദാ സിയയ്ക്കും ഷെയ്ഖ് ഹസീനയ്ക്കും കിട്ടിയ വിളിപ്പേരായിരുന്നു അത്. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യസമര നായകൻ ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ മകളാണ് ഹസീന. ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി 1972 ജനുവരിയിൽ അധികാരത്തിലേറിയ മുജീബുർ റഹ്‌മാനും കുടുംബാംഗങ്ങളിൽ ഭൂരിപക്ഷവും 1975 ഓഗസ്റ്റിൽ കൊല്ലപ്പെട്ടു. കൊലയിൽ ഖാലിദയുടെ ഭർത്താവ് ജനറൽ സിയാവുർ റഹ്‌മാനു പങ്കുണ്ടെന്നു വിശ്വസിച്ചു ഹസീന. രാഷ്ട്രീത്തിലിറങ്ങിയ ഖാലിദയും ഹസീനയും തമ്മിലുള്ള വൈരവും ബംഗ്ലാദേശിന്റെ ഭാവിയിൽ നിർണായകമായി. ഹസീനയുടെ അവാമി ലീഗും ഖാലിദയുടെ ബിഎൻപിയും രാജ്യത്തെ മാറിമാറിഭരിച്ചു. ഒരാളുടെ സർക്കാരിനെ താഴെയിറക്കാൻ മറ്റെയാൾ ശ്രമിച്ചുകൊണ്ടിരുന്നു. അതിന്റെ അനന്തരഫലമായിരുന്നു 70 പിന്നിട്ടപ്പോഴും ഖാലിദയ്ക്ക് അനുഭവിക്കേണ്ടിവന്ന ജയിൽവാസം. 15 വർഷത്തോളം ബംഗ്ലാദേശ് ഭരിച്ച ഹസീന, ബിഎൻപിയെ അമർച്ചചെയ്യാൻ ആവതുശ്രമിച്ചു. ഒടുവിൽ വിദ്യാർഥികളുടെ നേതൃത്വത്തിലുണ്ടായ പ്രക്ഷോഭത്തിൽ ഹസീന സ്ഥാനഭ്രഷ്ടയും രാജ്യഭ്രഷ്ടയുമായി.
പിന്നാലെവന്ന കാവൽസർക്കാർ ഖാലിദയുടെയും മകന്റെയും കുറ്റങ്ങൾ നീക്കി. അപ്പോഴേക്കും ഖാലിദ രോഗാതുരയായിരുന്നു. രണ്ടാമത്തെ മകൻ അറാഫത്തിനെ അവർക്ക് നഷ്ടമായിരുന്നു. ഖാലിദയുടെ അവസാന ആശുപത്രിവാസക്കാലത്താണ് 17 വർഷത്തെ പ്രവാസത്തിനുശേഷം മകൻ താരിഖ് ബംഗ്ലാദേശിൽ തിരിച്ചെത്തിയത്. ബിഎൻപിയെ ഇനി അദ്ദേഹം നയിക്കും. ഫെബ്രുവരി 12-ലെ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ ബിഎൻപി രാജ്യത്തെയും.
Content Highlights: Remembering Khaleda Zia, the `Battling Begum` and first female PM of Bangladesh. Her political journey, triumphs, and struggles in a nation she shaped.