കുടുംബകാര്യമോ അതോ ജീവനിൽ ഭയമോ? വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പദവിയൊഴിഞ്ഞ് ട്രംപിന്റെ വിശ്വസ്ത കരോലിൻ

വാഷിങ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്തുനിന്ന് ഈ മാസം അവസാനം സ്ഥാനമൊഴിയുമെന്ന് കരോലിൻ ലീവിറ്റ്. വൈറ്റ് ഹൗസ് പ്രസ് റൂമിൽ യു.എസ്. പ്രസിഡന്റ് ട്രംപിന്റെ നയങ്ങളെ പ്രതിരോധിച്ചിരുന്ന ലീവിറ്റിന്റെ പെട്ടെന്നുള്ള പിന്മാറ്റം പലരേയും അമ്പരപ്പിച്ചിട്ടുണ്ട്. രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തെത്തുടർന്ന് താത്കാലികമായി മാറിനിന്ന ഈ ഇരുപത്തെട്ടുകാരി, കഴിഞ്ഞ ജൂണിലാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്.
കുടുംബകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ തുർക്കിയിൽവെച്ച് ഇറാനിൽനിന്നുള്ള ഭീഷണിയെത്തുടർന്ന് ട്രംപ് വിമാനം മാറിക്കയറി രക്ഷപ്പെട്ടതുമായി ബന്ധപ്പെടുത്തി ഈ രാജിയെ വിലയിരുത്തുന്നവരുണ്ട്. ജൂലായ് 7, 8 തീയതികളിൽ നടന്ന നാറ്റോ ഉച്ചകോടിക്കുശേഷം അങ്കാറ വിമാനത്താവളത്തിൽവെച്ച് ട്രംപ് എയർഫോഴ്‌സ് വൺ വിമാനത്തിൽ കയറുന്നത് പരസ്യമായി കാണിച്ചെങ്കിലും, പിന്നീട് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ ഒരു കാറ്ററിങ് ട്രക്കിൽ മാറ്റി മറ്റൊരു ചെറിയ മിലിട്ടറി വിമാനത്തിൽ സുരക്ഷിതമായി കടത്തുകയായിരുന്നു.
അതേസമയം, ട്രംപ് എയർ ഫോഴ്‌സ് വൺ വിമാനത്തിൽതന്നെയാണ് യാത്രചെയ്യുന്നതെന്ന് മാധ്യമപ്രവർത്തകരേയും വൈറ്റ് ഹൗസ് ജീവനക്കാരേയും വിശ്വസിപ്പിക്കാൻ ഈ വിമാനം ഒരു 'ഡികോയ്' (ശ്രദ്ധതിരിക്കാനുള്ള വ്യാജവിമാനം) ആയി യു.കെ.യിലെ മിൽഡൻഹാളിലേക്ക് പറത്തിയിരുന്നു. മാധ്യമപ്രവർത്തകരും ജീവനക്കാരുമടക്കം നൂറിലധികം പേർ ഈ വിമാനത്തിലുണ്ടായിരുന്നെന്നും ഇതിൽ കരോലിൻ ലീവിറ്റും ഉൾപ്പെട്ടിരുന്നെന്നുമാണ് റിപ്പോർട്ടുകൾ. അങ്കാറ വിമാനത്താവളത്തിലെ ഈ ഡികോയ് വിമാനത്തിൽ ലീവിറ്റ് ഇരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുമുണ്ട്.
ട്രംപിനൊപ്പം പ്രവർത്തിക്കുമ്പോഴുള്ള ഇത്തരം കടുത്ത സുരക്ഷാ ഭീഷണികളും അപകടസാധ്യതകളും തിരിച്ചറിഞ്ഞതാണ് ലീവിറ്റിന്റെ പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിലെന്ന് സാമൂഹികമാധ്യമങ്ങളിൽ ഒരുവിഭാഗം വാദിക്കുന്നു. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നുമില്ല.
അതേസമയം, തന്റെ രണ്ടു ചെറിയ മക്കൾക്കായി കൂടുതൽ സമയം മാറ്റിവയ്ക്കാനാണ് പദവിയൊഴിയുന്നതെന്ന് കരോലിൻ ലീവിറ്റ് വ്യക്തമാക്കിയിട്ടുണ്ട്. പ്രസ് സെക്രട്ടറിയുടെ കഠിനമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റുമ്പോൾ ഒരു അമ്മയെന്ന നിലയിൽ മക്കൾക്ക് നൽകേണ്ട സമയവും ശ്രദ്ധയും പൂർണമായി നൽകാൻ സാധിക്കുന്നില്ലെന്നും, അതിനാലാണ് വേദനയോടെയാണെങ്കിലും ഈ തീരുമാനമെടുത്തതെന്നും അവർ എക്‌സിൽ കുറിച്ചു.
പ്രസ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാലും കരോലിൻ തന്റെ അടുത്ത സഹായിയായി തുടർന്നും പ്രവർത്തിക്കുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചിട്ടുണ്ട്.
Content Highlights: White House Press Secretary Karoline Leavitt announced her resignation to focus on her family., Her departure follows a return from maternity leave in June and an incident involving a secret evacuation from Türkiye on July 7-8., Social media theories link her sudden exit to being on the Air Force One decoy plane during the Türkiye security threat.