'ഇങ്ങനെയാകുമെന്ന് പറഞ്ഞിട്ടും ചെവിക്കൊണ്ടില്ല', ഫ്രാൻസിലെ പ്രതിഷേധത്തിന് കാരണം കുടിയേറ്റമെന്ന് വാൻസ്; അമേരിക്കക്കാർക്ക് മുന്നറിയിപ്പ്

വാഷിങ്ടൺ: ഫ്രാൻസിൽ നടക്കുന്ന സംഘർഷഭരിതമായ പ്രതിഷേധത്തിന് കാരണം യൂറോപ്പിലെ ലിബറലുകളുടെ കുടിയേറ്റ നയങ്ങളാണെന്ന വിമർശനവുമായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. സാമൂഹികമാധ്യമമായ എക്സിലെ കുറിപ്പിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'വൈവിധ്യത്തിന്റെയും സഹാനുഭൂതിയുടെയും പേരിൽ മൂന്നാംലോകരാജ്യങ്ങളിൽനിന്നുള്ളവരെ പാശ്ചാത്യ ലിബറലുകൾ ഫ്രാൻസിലേക്കും മറ്റുരാജ്യങ്ങളിലേക്കും ഇറക്കുമതി ചെയ്തു. കുടിയേറ്റക്കാർ ആ രാജ്യത്തെ എങ്ങനെ സ്വാംശീകരിക്കും, അവിടവുമായി എത്രത്തോളം ഒത്തുപോകും തുടങ്ങിയവയെക്കുറിച്ചുള്ള അടിസ്ഥാന ചോദ്യങ്ങൾ അവഗണിച്ചു. അത്, ഇത്തരം സാഹചര്യങ്ങളിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ് കൊടുത്തിരുന്നെങ്കിലും അവർ അത് ചെവിക്കൊണ്ടില്ല, വാൻസ് എക്സിലെ കുറിപ്പിൽ പറഞ്ഞു.
'അതിശയിപ്പിക്കുന്ന മനുഷ്യരുള്ള, മനോഹരമായ രാജ്യമായ ഫ്രാൻസ്, അവരുടെ കൂടുതൽ ചരിത്രസ്മാരകങ്ങൾ അഗ്നിക്കിരയാകുംമുൻപേ ഈ ഭ്രാന്തിന് അവസാനം വരുത്തുമെന്ന് ഞാൻ പ്രാർഥിക്കുന്നു. മാത്രമല്ല, അമേരിക്കക്കാരും ഇത് ശ്രദ്ധിക്കുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. നിങ്ങളുടെ രാജ്യത്തെയും ഇതേ അവസ്ഥയിലേക്ക് നയിക്കാനാണ് ഡെമോക്രാറ്റുകൾ ആഗ്രഹിക്കുന്നത്, വാൻസ് കൂട്ടിച്ചേർത്തു. ഫ്രാൻസിലെ സിറ്റി ഹാൾ അഗ്നിക്കിരയാകുന്നതിന്റെ വീഡിയോയ്ക്കൊപ്പമാണ് വാൻസിന്റെ പ്രതികരണം.
വിദ്യാഭ്യാസം, തൊഴിൽസാഹചര്യങ്ങൾ, പൊതുചെലവ് തുടങ്ങിയവയെക്കുറിച്ചുള്ള ആശങ്കകൾക്ക് പിന്നാലെയാണ് ഫ്രാൻസിൽ പ്രതിഷേധം രൂപംകൊണ്ടത്. രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധത്തിൽ 5,50000 പേർ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്. പാരീസിൽ മാത്രം പ്രതിഷേധത്തിൽ പങ്കെടുത്തത് 1,10000 പേരാണ്. പല നഗരങ്ങളിലും പൊതുകെട്ടിടങ്ങൾ ആക്രമിക്കപ്പെടുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. പാരീസിൽ കടകളും ഭക്ഷണശാലകളും ആക്രമിക്കപ്പെട്ടു. ബോർഡെക്സിൽ ആപ്പിൾ, ലൂയി വിറ്റൺ തുടങ്ങിയവയുടെ ഷോറൂമുകൾ ആക്രമിക്കുകയും വിലപിടിപ്പുള്ളവ കവരുകയും ചെയ്തു.
ഫ്രാൻസിൽ മാത്രമല്ല, അൽബേനിയ, ബെൽജിയം, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലും വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്.
Content Highlights: US Vice President JD Vance criticized liberal immigration and diversity policies as the root cause of violent protests in France., Vance warned American citizens that Democrats in Congress want to bring similar conditions to the US., Protests in France drew hundreds of thousands of participants, resulting in attacks on public buildings, city halls, and luxury stores in Paris and Bordeaux.