ലെബനന് നേർക്ക് ഇസ്രയേൽ വ്യോമാക്രമണം; തകർത്തത് ഹിസ്ബുള്ള കേന്ദ്രങ്ങളുടെ പുനർനിർമാണ സാമഗ്രികൾ സൂക്ഷിച്ചിരുന്നിടം

ടെല്‍ അവീവ്: ലെബനന്റെ തെക്കന്‍ മേഖലയ്ക്കു നേരെ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ശനിയാഴ്ച പുലര്‍ച്ചെ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചയാള്‍ സിറിയന്‍ പൗരനാണെന്നും പരിക്കേറ്റവരില്‍ ഒരു സിറിയക്കാരനും ആറ് ലൈബനന്‍കാരും ഉള്‍പ്പെടുന്നതായി ലെബനന്റെ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ലെബനനിലെ സായുധസംഘമായ ഹിസ്ബുള്ളയുടെ കേന്ദ്രങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിനാവശ്യമായ യന്ത്രസാമഗ്രികള്‍ സംഭരിച്ചിരുന്ന സ്ഥലത്തിനു നേര്‍ക്കായിരുന്നു ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) അറിയിച്ചു. എംസേലേ ഗ്രാമത്തിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ നിരവധി വാഹനങ്ങള്‍ നശിച്ചതുള്‍പ്പെടെ വലിയ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
പതിനാലുമാസമായി നീണ്ടുനിന്നിരുന്ന ഇസ്രയേല്‍-ഹിസ്ബുള്ള യുദ്ധം യുഎസിന്റെ മധ്യസ്ഥതയെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ മാസത്തിലാണ് അവസാനിച്ചത്. ശേഷവും നിരവധി ആളുകള്‍ കൊല്ലപ്പെടുന്ന വിധത്തില്‍ ഇസ്രയേല്‍, ലെബനന് നേര്‍ക്ക് ആക്രമണം നടത്താറുണ്ട്. യുദ്ധവേളയില്‍ കനത്ത നാശനഷ്ടം നേരിട്ട ഹിസ്ബുള്ള, തങ്ങളുടെ ശേഷി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്.
Content Highlights: israel attacks lebanon