ആണവാക്രമണത്തെ എങ്ങനെ അതിജീവിക്കാം? അമേരിക്കൻ ആക്രമണ ഭീഷണിക്കിടയിൽ പൊതുജനങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങളുമായി ഇറാൻ

ടെഹ്റാൻ: ഇറാനിലെ ആണവനിലയങ്ങൾക്കുനേരെ അമേരിക്കൻ ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ, അണുബോംബ് ആക്രമണവും റേഡിയോ ആക്ടീവ് വികിരണങ്ങളും ഉണ്ടായാൽ എങ്ങനെ സ്വയം രക്ഷപ്പെടണം എന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങളുമായി ഇറാൻ. ഇതുമായി ബന്ധപ്പെട്ട എട്ട് മിനിറ്റ് ദൈർഘ്യമുള്ള ബോധവൽക്കരണ വീഡിയോയും ഇറാൻ അധികൃതർ പുറത്തുവിട്ടു.
ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ. വഴിയാണ് ഈ അടിയന്തര മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. നതാൻസ് ആണവനിലയം സ്ഥിതി ചെയ്യുന്ന ഇസ്ഫഹാൻ പ്രവിശ്യയിലെ അടിയന്തര സേവന വിഭാഗമാണ് ഈ വീഡിയോ നിർമ്മിച്ച് നൽകിയത്. ഇറാന്റെ 'പാസീവ് ഡിഫൻസ് വീക്ക്' ആചരണത്തിന്റെ ഭാഗമായാണ് ഈ ബോധവൽക്കരണം നൽകിയതെങ്കിലും, ഇത്തരത്തിലൊരു ആണവാക്രമണ അതിജീവന മാർഗ്ഗരേഖ ഇറാൻ പുറത്തുവിടുന്നത് ആദ്യമായാണ്.
പിക്ആക്സ് മൗണ്ടയ്ന് നേരെ അമേരിക്കൻ സൈനിക ആക്രമണം ഉണ്ടായേക്കുമെന്ന ഊഹാപോഹങ്ങൾ ശക്തമാകുന്നതിനിടെയാണ് ഈ അടിയന്തര മുന്നറിയിപ്പ് പുറത്തുവന്നത്. ഈ കേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയേക്കുമെന്ന് മുൻപ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചിപ്പിച്ചിരുന്നെങ്കിലും ആണവായുധങ്ങൾ ഉപയോഗിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ, പിക്ആക്സ് മൗണ്ടയ്ന് നേരെ ആണവാക്രമണം നടത്താൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മേൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കടുത്ത സമ്മർദ്ദം ചെലുത്തുന്നതായി അമേരിക്കൻ മാധ്യമപ്രവർത്തകൻ ടക്കർ കാൾസൺ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആണവാക്രമണത്തിന്റെ അനന്തരഫലങ്ങളെ നേരിടാൻ ജനങ്ങളെ സജ്ജരാക്കുന്ന പുതിയ നിർദ്ദേശങ്ങൾ ഇറാൻ നൽകിയത്.
തീവ്രമായ പ്രകാശം, വൻ സ്ഫോടന തരംഗങ്ങൾ, കടുത്ത ചൂട്, റേഡിയോ ആക്ടീവ് പദാർത്ഥങ്ങളുടെ ചോർച്ച എന്നിവയാണ് ആണവ സ്ഫോടനത്തിന്റെ പ്രധാന നാല് അപകടങ്ങളെന്ന് ഇറാന്റെ മാർഗ്ഗരേഖ വിശദീകരിക്കുന്നു. സ്ഫോടനമുണ്ടായാൽ ജനലുകളിൽനിന്നുമാറി കെട്ടിടങ്ങളുടെ മധ്യഭാഗത്തുള്ള മുറികളിൽ അഭയം തേടാനാണ് ഇസ്ഫഹാൻ റെഡ് ക്രസന്റ് സൊസൈറ്റി ഡെപ്യൂട്ടി ഡയറക്ടർ ഇബ്രാഹിം അദെൽസാദേ ജനങ്ങളോട് നിർദ്ദേശിച്ചത്. കെട്ടിടങ്ങളുടെ വാതിലുകളും ജനലുകളും പൂർണ്ണമായി അടയ്ക്കണമെന്നും പുറത്തെ വായു അകത്തേക്ക് വലിച്ചെടുക്കുന്ന എയർകണ്ടീഷണറുകളും വെന്റിലേഷൻ സിസ്റ്റങ്ങളും ഉടനടി ഓഫ് ചെയ്യണമെന്നും അതോറിറ്റി നിർദ്ദേശിക്കുന്നു.
ആക്രമണമുണ്ടായാൽ കുറഞ്ഞത് 24 മണിക്കൂറെങ്കിലും സുരക്ഷിത താവളങ്ങളിൽ തന്നെ തുടരാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനായി മുൻകൂട്ടി പാക്ക് ചെയ്ത ഭക്ഷണസാധനങ്ങളും കുപ്പിയിലെ വെള്ളവും ഉപയോഗിക്കണമെന്നും വാഹനങ്ങളെ അഭയകേന്ദ്രങ്ങളായി കരുതരുതെന്നും മുന്നറിയിപ്പുണ്ട്. സ്ഫോടന സമയത്ത് പുറത്തുള്ളവർ ആണവ സ്ഫോടനത്തിന്റെ തീവ്രമായ വെളിച്ചത്തിലേക്ക് നേരിട്ട് നോക്കരുതെന്നും, ഉടൻ തന്നെ നിലത്തു കിടന്ന് തലയും മുഖവും സുരക്ഷിതമായി മറയ്ക്കണമെന്നും മാർഗ്ഗരേഖ വ്യക്തമാക്കുന്നു. സ്ഫോടന തരംഗം കടന്നുപോയ ശേഷം തൊട്ടടുത്തുള്ള ഉറപ്പുള്ള കെട്ടിടത്തിലേക്ക് മാറണം. സ്ഫോടനം ക്യാമറയിൽ പകർത്തുവാൻ പുറത്തുനിൽക്കരുതെന്നും കെട്ടിടത്തിന് തകർച്ചയോ തീപ്പിടിത്തമോ ഉണ്ടായാൽ മാത്രം മറ്റ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും ഇറാൻ നിർദേശം നൽകിയതായി വാർത്താഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ആകാശത്തിലൂടെ സഞ്ചരിക്കുന്ന റേഡിയോ ആക്ടീവ് പൊടിപടലങ്ങളും വികിരണങ്ങളും സ്ഫോടന സ്ഥലത്തുനിന്നും വളരെ ദൂരെയേക്ക് വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ഇസ്ഫഹാൻ റെഡ് ക്രസന്റ് അധികൃതർ പ്രത്യേകം മുന്നറിയിപ്പ് നൽകി. കാറ്റിന്റെ ദിശ കിഴക്കോട്ട് ആണെങ്കിൽ റേഡിയോ ആക്ടീവ് വികിരണങ്ങൾ പാകിസ്താനിലേക്കും ഇന്ത്യയുടെ ചില ഭാഗങ്ങളിലേക്കും വരെ എത്താൻ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. വികിരണമേറ്റ പൊടിപടലങ്ങൾ തട്ടിയവർ തങ്ങളുടെ പുറം വസ്ത്രങ്ങൾ ശ്രദ്ധയോടെ ഊരി കവറുകളിലാക്കി സീൽ ചെയ്യണമെന്നും, ചെറുചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് ശരീരവും മുടിയും നന്നായി കഴുകണമെന്നും നിർദേശം നൽകുന്നു.
റേഡിയോ ആക്ടീവ് വികിരണങ്ങളിൽ നിന്ന് രക്ഷനേടാൻ ഡോക്ടർമാരുടെ നിർദ്ദേശമില്ലാതെ സ്വയം അയോഡിൻ ഗുളികകൾ കഴിക്കരുതെന്ന് ഇസ്ഫഹാൻ അടിയന്തര സേവന വിഭാഗം വക്താവ് അബ്ബാസ് അബേദി മുന്നറിയിപ്പ് നൽകി. അയോഡിൻ ഗുളികകൾക്ക് ചില പ്രത്യേക സാഹചര്യങ്ങളിൽ തൈറോയ്ഡ് ഗ്രന്ഥി റേഡിയോ ആക്ടീവ് അയോഡിൻ ആഗിരണം ചെയ്യുന്നത് കുറയ്ക്കാൻ സാധിക്കുമെങ്കിലും, ആണവ സ്ഫോടനത്തിൽ നിന്നുണ്ടാകുന്ന മറ്റ് അപകടകരമായ വികിരണങ്ങളിൽ നിന്ന് സംരക്ഷണം നൽകാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ആണവ സ്ഫോടനത്തെത്തുടർന്നുണ്ടാകുന്ന ശക്തമായ ഇലക്ട്രോമാഗ്നറ്റിക് പൾസുകൾ ഇലക്ട്രോണിക് ഉപകരണങ്ങളെയും വാർത്താവിനിമയ സംവിധാനങ്ങളെയും പൂർണ്ണമായി തകരാറിലാക്കാൻ സാധ്യതയുണ്ട്. അതിനാൽ വിവരങ്ങളും ഔദ്യോഗിക മുന്നറിയിപ്പുകളും തടസ്സമില്ലാതെ അറിയുന്നതിനായി ബാറ്ററികളിൽ പ്രവർത്തിക്കുന്ന റേഡിയോകൾ കരുതിവെക്കാനും ഇറാൻ ഭരണകൂടം ജനങ്ങളോട് അഭ്യർഥിച്ചു.