വിജയികളില്ലാത്ത യുദ്ധം; സമാധാനമല്ല, ഒരു ഇടവേളമാത്രം; ഇറാൻ യുദ്ധത്തിൽ ആര്, എന്ത് നേടി?

: അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരേ ആരംഭിച്ച പ്രകോപനരഹിതമായ യുദ്ധം ഇപ്പോൾ അനിശ്ചിതത്വങ്ങൾനിറഞ്ഞ ഒരു ഇടവേളയിൽ എത്തിനിൽക്കുകയാണ്. ട്രംപിന്റെ പ്രഖ്യാപനത്തിലൂടെ കണ്ടത് യഥാർഥ വെടിനിർത്തലല്ല. ഇനിയും വ്യക്തതയില്ലാത്ത രണ്ടാഴ്ചത്തെ ഈ ‘ഉടമ്പടി’ ഭാഗികവും അസ്ഥിരവുമാണ്. പ്രത്യേകിച്ച് ലെബനനിൽ ഇസ്രയേൽ സൈനികനീക്കങ്ങൾ ഇനിയും തുടരുമെന്ന പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ. നിലവിലെ അവസ്ഥയെ സമാധാനമെന്ന് കരുതാനാവില്ല. സമ്മർദങ്ങളും യുദ്ധം വ്യാപിക്കുമെന്ന ഭീതിയും ആഗോള സാമ്പത്തിക തകർച്ചയെക്കുറിച്ചുള്ള ആശങ്കകളും രൂപപ്പെടുത്തിയ അസ്വസ്ഥതനിറഞ്ഞ ഒരു ചെറിയ ഇടവേളയിലുണ്ടായ താത്‌കാലിക ആശ്വാസം മാത്രമാണിത്.
ഉടമ്പടി നിലനിൽക്കുമോ?
ഈ താത്കാലിക ഉടമ്പടി നിലനിൽക്കുമോ എന്നതാണ് പ്രധാനചോദ്യം. നിലവിൽ ഇതിനുള്ള സാധ്യത വളരെ കുറവാണ്. പാകിസ്താന്റെ നേതൃത്വത്തിൽ തുടരുന്ന ചർച്ചകൾ മറ്റൊരു ഇടവേളമാത്രമായിരിക്കും. നേരത്തേ ഒമാൻ തുടങ്ങിവെച്ച ചർച്ചകളെ അട്ടിമറിച്ചുകൊണ്ടാണ് അമേരിക്കയും ഇസ്രയേലും ആക്രമണം തുടങ്ങിയത്. പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ പ്രതിസന്ധിയുടെ മൗലികകാരണങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെടാതെ തുടരുന്നു. യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള അവകാശം, സാമ്പത്തിക ഉപരോധങ്ങളിൽനിന്നുള്ള മോചനം, തന്ത്രപരമായ സ്വയംഭരണം എന്നിവയിൽ ഇറാൻ ഉറച്ചുനിൽക്കുന്നു. ചർച്ചകളിലൂടെ എളുപ്പത്തിൽ പരിഹരിക്കാവുന്ന ചെറിയ തർക്കങ്ങളല്ല ഇതെല്ലാം.
വിജയികളില്ലാത്ത യുദ്ധം
യുദ്ധം വളരെ സങ്കീർണമായ ഒരു ഫലമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിൽ വ്യക്തമായ ഒരു വിജയിയില്ല. ഇറാനെ ദുർബലപ്പെടുത്തുക, അവരുടെ ആണവപദ്ധതികൾ തകർക്കുക, ഒരു ഭരണമാറ്റംതന്നെ കൊണ്ടുവരുക എന്നീ ലക്ഷ്യങ്ങളോടെയാണ് അമേരിക്കയും ഇസ്രയേലും രംഗത്തിറങ്ങിയത്. എന്നാൽ, ഇതിലൊന്നും അവർ വിജയിച്ചില്ല. കുറെയേറെ നേതാക്കളെ വധിച്ചിട്ടുണ്ടെകിലും ഇറാന്റെ രാഷ്ട്രീയസംവിധാനം ഇപ്പോഴും സുരക്ഷിതമാണ്, അവരുടെ സൈനികശേഷി തകർന്നിട്ടില്ല, ആണവപ്രശ്നം ഇപ്പോഴും പരിഹരിക്കപ്പെടാതെ തുടരുന്നു.
അതേസമയം ഇറാന് ‘വിജയം’ ആഘോഷിക്കാനും കഴിയില്ല. അടിസ്ഥാനസൗകര്യങ്ങൾക്കും സമ്പദ്‌വ്യവസ്ഥയ്ക്കും വൻനാശനഷ്ടങ്ങളാണ് ഇറാൻ നേരിട്ടത്. എങ്കിലും, കനത്ത ആക്രമണങ്ങളെ അതിജീവിച്ചത് ചർച്ചകളിൽ ഇറാന്റെ ഭൗമരാഷ്ട്രീയ പദവി ശക്തമാക്കിയിട്ടുണ്ട്. തോൽപ്പിക്കപ്പെട്ട ഒരു രാജ്യം എന്നനിലയിലല്ല, മറിച്ച് പൊരുതിനിന്ന ഒരു രാജ്യം എന്നനിലയിലാണ് ഇറാൻ ഇനി ചർച്ചകളിൽ പങ്കെടുക്കുക.
ആഗോളതലത്തിലുണ്ടായ പ്രത്യാഘാതങ്ങളും ഗൗരവകരമാണ്. ഹോർമുസ് കടലിടുക്ക് തന്ത്രപ്രധാനമായ ഒരു കേന്ദ്രമായി മാറിയിരിക്കുന്നു. ഇത് പൂർണമായും അടച്ചുപൂട്ടിയിട്ടില്ലെങ്കിൽപ്പോലും, തടസ്സമുണ്ടാകുമെന്ന ഭീതിതന്നെ എണ്ണവില വർധിപ്പിക്കാനും കപ്പൽഗതാഗതത്തെ ബാധിക്കാനും ആഗോള വിതരണശൃംഖലയെ തളർത്താനും കാരണമായി. ഹോർമുസ് കടലിടുക്കിന്റെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ഇതിൽ കൂടുതൽ നിയന്ത്രണം കൊണ്ടുവരാൻ ഇറാൻ ശ്രമിച്ചാൽ, അത് ആഗോള ഊർജവിപണിയെ തകിടംമറിക്കുകയും ടെഹ്‌റാന് ദീർഘകാലാടിസ്ഥാനത്തിൽ മേൽക്കൈ നൽകുകയും ചെയ്യും.ഈ സാഹചര്യത്തിൽ, നിലവിലെ ‘വെടിനിർത്തൽ’ താത്‌കാലികമായ ആശ്വാസം മാത്രമാണ് നൽകുന്നത്. ഇത് വിപണിയെ കുറച്ചുകാലത്തേക്ക് ശാന്തമാക്കിയേക്കാം. എന്നാൽ, അടിസ്ഥാനപ്രശ്നങ്ങളിൽ വിട്ടുവീഴ്ചചെയ്യാൻ ഇരുപക്ഷവും തയ്യാറാകാത്തിടത്തോളം കാലം ശാശ്വതമായ സമാധാനം സാധ്യമല്ല.
(ലേഖകൻ മഹാത്മാഗാന്ധി സർവകലാശാലാ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് ഡയറക്ടറും രാജ്യാന്തര പഠനവിദഗ്ധനുമാണ്)
Content Highlights: The 2026 ceasefire is a temporary pause, not a lasting peace agreement., US and Israeli objectives to weaken Iran's regime and nuclear program remain largely unmet., Iran maintains its geopolitical standing despite significant economic and infrastructure damage., Control over the Strait of Hormuz remains a critical leverage point for Iran in global energy markets., Root causes of the conflict remain unresolved, signaling potential for future escalation.