കൊറോണ പേടി; എയര്‍പോര്‍ട്ടില്‍ താമസിച്ചത് മൂന്നു മാസം, ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍
ലോസ് ആഞ്ജിലിസ്: കൊറോണ വൈറസ് ബാധിക്കുമോ എന്ന ഭയത്താല്‍ ചിക്കാഗോ അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് മൂന്ന് മാസത്തോളം അനധികൃതമായി താമസിച്ച ഇന്ത്യന്‍ വംശജനെ പോലീസ് അറസ്റ്റ് ചെയ്തു.
ആദിത്യ സിങ് എന്ന 35 വയസ്സുകാരനെയാണ് ശനിയാഴ്ച യുഎസ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഒക്ടോബര്‍ 19 മുതല്‍ ചിക്കാഗോ വിമാനത്താവള ടെര്‍മിനല്‍ പരിസരത്ത് അധികൃതരുടെ ശ്രദ്ധില്‍പ്പെടാതെ താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ആദിത്യ സിങിനെതിരെ വിമാനത്താവളത്തിലെ നിരോധിത മേഖലയില്‍ കടന്നുകയറ്റം നടത്തിയതിനും മോഷണത്തിനും കേസ് ചാര്‍ജ് ചെയ്തതായി പോലീസ് വ്യക്തമാക്കി.
ഒക്ടോബര്‍ 19ന് ലോസ് ആഞ്ജലിസില്‍ നിന്നുവന്ന വിമാനത്തിലാണ് ആദിത്യ സിങ് ചിക്കാഗോയിലെത്തിയത്. അന്ന് മുതല്‍ അധികൃതരുടെ കണ്ണില്‍പ്പെടാതെ വിമാനത്താവളത്തിലെ സുരക്ഷാമേഖലയില്‍ താമസിക്കുകയായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്. ഒക്ടോബര്‍ മാസത്തില്‍ വിമാനത്താവളത്തിലെ ജീവനക്കാരിലൊരാളല്‍ നിന്ന് നഷ്ടപ്പെട്ട തിരിച്ചറിയല്‍ കാര്‍ഡ് ആണ് ആദിത്യ സിങിന്റെ പക്കലുണ്ടായിരുന്നതെന്ന് കണ്ടെത്തി. തുടര്‍ന്ന് ജീവനക്കാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
യാത്രക്കാരില്‍ നിന്ന് ലഭിച്ച സഹായം കൊണ്ടാണ് ഇയാള്‍ ജീവിച്ചത്.അതേസമയം ഇയാള്‍ എന്തിനാണ് ചിക്കാഗോയില്‍ എത്തിയതെന്നും ആരാണ് ഇയാളെ എയര്‍പോര്‍ട്ടിലെത്തിച്ചത് എന്നതിനെക്കുറിച്ച് വ്യക്തതയില്ലെന്ന് പോലീസ് പറഞ്ഞു.ലോസ് ആഞ്ജലിസിലെ ഓറഞ്ച് കൗണ്ടിയില്‍ സുഹൃത്തുക്കളോടൊപ്പമായിരുന്നു ആദിത്യ സിങ് താമസിച്ചിരുന്നതെന്നും ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. ഇയാള്‍ ബിരുദധാരിയാണെന്നും തൊഴില്‍ രഹിതനാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
കോവിഡ് ബാധിക്കുമെന്ന ഭയത്തെ തുടര്‍ന്നാണ് സ്വന്തം സ്ഥലത്തേക്ക് യാത്ര ചെയ്യാത്തത് എന്നാണ് ആദിത്യ സിങ് കോടതിയില്‍ പറഞ്ഞത്. ഇയാള്‍ക്കെതിരെ 1000 ഡോളര്‍ പിഴ ചുമത്തി. വിമാനത്താവളത്തില്‍ പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
Content Highlights: