കപ്പൽപ്പാതകളിൽ മരണനിഴൽ; മറ്റാരുടെയോ യുദ്ധങ്ങളിൽ ജീവിതം ഹോമിക്കപ്പെടുന്ന ഇന്ത്യൻ നാവികർ

മോസ്കോ: കരിങ്കടലിലെ എം.വി. എ.ജി.എൻ റാഗ്നർ (MV AGN Ragnar) എന്ന ചരക്കുകപ്പലിനു നേരെ റഷ്യ നടത്തിയ ഡ്രോൺ ആക്രമണം ഇന്ത്യൻ നാവികർ നേരിടുന്ന അതീവ ഗുരുതരമായ സാഹചര്യത്തെ ഒരിക്കൽക്കൂടി ലോകത്തിന് മുന്നിലെത്തിച്ചിരിക്കുകയാണ്. കരിങ്കടൽ മേഖലയിൽ ചരക്കുക്കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ പതിവാകുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ് ഉയർത്തുന്നത്. തങ്ങൾക്കു പങ്കില്ലാത്ത യുദ്ധങ്ങളിൽ ഇന്ത്യൻ നാവികർ ഇരകളാകുന്നു. അന്താരാഷ്ട്ര ചരക്കുനീക്കം സുഗമമാക്കാൻ പണിയെടുക്കുന്ന സാധാരണക്കാരായ മനുഷ്യർ യുദ്ധക്കളത്തിലെ നിസ്സഹായരായ ഇരകളായി മാറുന്നു.
യുക്രെനിയൻ തീരത്തുനിന്ന് പുറപ്പെടുന്നതിനിടെയാണ് എം.വി. എ.ജി.എൻ റാഗ്നർ ആക്രമിക്കപ്പെട്ടത്. കപ്പലിലെ ഒൻപത് ജീവനക്കാരിൽ നാല് പേർ ഇന്ത്യക്കാരായിരുന്നു. ആക്രമണത്തെത്തുടർന്ന് ചന്ദ്ര റാം ദുബെ, ദീപക് കുമാർ ഗുപ്ത എന്നീ ഇന്ത്യൻ നാവികരെ കാണാതായതായി ഫെഡറേഷൻ ഓഫ് സീഫിയറേഴ്സ് യൂണിയൻ ഓഫ് ഇന്ത്യ (FSUI) അറിയിച്ചു.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ആധുനിക യുദ്ധമുറകളിൽ ചരക്കുകപ്പലുകൾ ഇപ്പോൾ യുദ്ധത്തിന്റെ ലക്ഷ്യങ്ങളായി മാറിയിരിക്കുന്നു. സമീപകാലത്തെ അന്താരാഷ്ട്ര സംഘർഷങ്ങളിൽ ഇതിനോടകം 18 ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് സ്ട്രാറ്റ് ന്യൂസ് ഗ്ലോബൽ റിപ്പോർട്ട് ചെയ്തു. ഇതിൽ 13 പേർ പശ്ചിമേഷ്യൻ മേഖലയിലും അഞ്ചുപേർ കരിങ്കടലിലുമാണ് മരിച്ചത്. ഹോർമുസ് കടലിടുക്കിനും ഒമാൻ ഉൾക്കടലിനും സമീപമുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ മറ്റ് മൂന്ന് ഇന്ത്യക്കാരെക്കൂടി കാണാതായിട്ടുണ്ട്.
കരിങ്കടൽ മേഖല ഇന്ന് ഇന്ത്യൻ നാവികർക്ക് ഏറ്റവും അപകടം പിടിച്ച ഇടമായി മാറിയിരിക്കുകയാണ്. 2026 ജൂലൈ 18-ന് ഒഡേസയ്ക്ക് സമീപം 'ഗോൾഡൻ ലിയോ' എന്ന ധാന്യക്കപ്പലിന് നേരെ നടന്ന മിസൈൽ ആക്രമണത്തിൽ നാല് ഇന്ത്യൻ നാവികർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ ഇന്ത്യ ഔദ്യോഗികമായി നയതന്ത്ര പ്രതിഷേധം രേഖപ്പെടുത്തിയിരുന്നുവെങ്കിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് നാവികരുടെ സുരക്ഷയെക്കുറിച്ച് വലിയ ചോദ്യചിഹ്നങ്ങൾ ഉയർത്തുന്നു.
നാവിക സമൂഹത്തിനിടയിൽ സർക്കാരിനെതിരെയുള്ള പ്രതിഷേധം ശക്തമാകുകയാണ്. നാവികരുടെ ജീവൻ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ അവർക്ക് നൽകിയിട്ടുള്ള 'കീ വർക്കേഴ്സ്' എന്ന പദവി പിൻവലിക്കണമെന്ന് എഫ്.എസ്.യു.ഐ. ആവശ്യപ്പെട്ടു. നയതന്ത്ര പ്രസ്താവനകളോ ജാഗ്രതാ നിർദ്ദേശങ്ങളോ യുദ്ധമേഖലകളിൽ ജോലി ചെയ്യുന്ന നാവികർക്ക് യാതൊരു സുരക്ഷയും നൽകുന്നില്ലെന്നാണ് ഇവരുടെ പക്ഷം. നാവികർ കൊല്ലപ്പെടുമ്പോൾ ഉത്തരവാദിത്വപ്പെട്ട രാജ്യങ്ങൾക്കെതിരെ ഇന്ത്യ കൂടുതൽ ശക്തമായി പ്രതികരിക്കണമെന്ന് യൂണിയൻ ജനറൽ സെക്രട്ടറി മനോജ് യാദവ് ആവശ്യപ്പെട്ടു.
ഇന്ത്യയുടെ വിദേശവ്യാപാരത്തിന്റെ 95 ശതമാനവും സമുദ്രമാർഗ്ഗമാണ് നടക്കുന്നത്. ആയിരക്കണക്കിന് ഇന്ത്യൻ ഓഫീസർമാരും എഞ്ചിനീയർമാരും ലൈബീരിയ, പനാമ, മാർഷൽ ഐലൻഡ്സ് തുടങ്ങിയ രാജ്യങ്ങളുടെ പതാക വഹിക്കുന്ന വിദേശ കപ്പലുകളിലാണ് ജോലി ചെയ്യുന്നത്. കപ്പലുകൾക്ക് ഇന്ത്യയുമായി നേരിട്ട് ബന്ധമില്ലെങ്കിൽ പോലും ജീവനക്കാരായ ഇന്ത്യക്കാർ മറ്റാരുടെയോ യുദ്ധങ്ങളിൽ ചാവേറുകളാകാൻ നിർബന്ധിതരാകുന്നു. തൊഴിലിനെ ബാധിക്കുമെന്ന ഭയത്താൽ പലപ്പോഴും അപകട മേഖലകളിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ ഇവർക്ക് കഴിയാറില്ല.
കരിങ്കടലിന് പുറമെ ചെങ്കടൽ മേഖലയിലും നാവികർ വലിയ ഭീഷണി നേരിടുന്നുണ്ട്. യെമനിലെ ഹൂതി വിമതർ ചരക്കുകപ്പലുകളെ ലക്ഷ്യം വെക്കാൻ തുടങ്ങിയതോടെ പല കമ്പനികളും കപ്പലുകൾ ആഫ്രിക്കൻ വൻകര ചുറ്റി തിരിച്ചുവിട്ടിരിക്കുകയാണ്. ഇത് ഇന്ധനച്ചെലവ് വർദ്ധിപ്പിക്കാനും ചരക്കുനീക്കം രണ്ടാഴ്ചയോളം വൈകാനും കാരണമാകുന്നു. ഔഷധങ്ങൾ, വസ്ത്രങ്ങൾ, വാഹനങ്ങൾ തുടങ്ങിയവയുടെ കയറ്റുമതിയെ ഇത് ബാധിക്കുന്നതിലൂടെ ഇന്ത്യയിൽ വിലക്കയറ്റത്തിന് പോലും ഇത് കാരണമായേക്കാം.
നാവികരുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ നാവികസേന 'ഓപ്പറേഷൻ സങ്കൽപ്പ്' വഴി ഊർജിതമായ ഇടപെടലുകൾ നടത്തുന്നുണ്ട്. 2019-ൽ ആരംഭിച്ച ഈ ദൗത്യത്തിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് നാവികസേന അകമ്പടി നൽകുന്നുണ്ടെങ്കിലും വിദേശ കപ്പലുകളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുക എന്നത് വലിയ വെല്ലുവിളിയാണ്.
Content Highlights: Indian seafarers face growing risks in global conflict zones. Read the latest on the 2026 Black Sea and West Asian maritime attacks and India's response.