‘കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം’, പാക്-ചൈന സംയുക്ത പ്രസ്താവനയ്ക്കെതിരേ ഇന്ത്യ; സിപിഇസി പദ്ധതി തള്ളി

#ന്യൂസ് ഡെസ്ക്
രണ്‍ധീര്‍ ജയ്‌സ്വാള്‍ | Photo: ANI
രണ്‍ധീര്‍ ജയ്‌സ്വാള്‍ | Photo: ANI

ന്യൂഡൽഹി: ജമ്മു കശ്മീർ വിഷയത്തിൽ പാകിസ്താനും ചൈനയും  പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയ്ക്കെതിരെ വിമർശനമുന്നയിച്ച് ഇന്ത്യ. ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അതിലിടപെടാൻ മറ്റൊരു രാജ്യത്തിനും അവകാശമില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.

പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ചൈന സന്ദർശനത്തിന് പിന്നാലെ ഇരുരാജ്യങ്ങളും ചേർന്ന് പുറത്തിറക്കിയ  പ്രസ്താവനക്കെതിരെയായിരുന്നു ഇന്ത്യയുടെ പ്രതികരണം. കശ്മീർ പ്രശ്നം ‘ചരിത്രം അവശേഷിപ്പിച്ച ഒരു തർക്കം’ ആണെന്നും അത് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ, ഉഭയകക്ഷി കരാറുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ സമാധാനപരമായി  പരിഹരിക്കണമെന്നുമായിരുന്നു പ്രസ്താവന. കൂടാതെ, മേഖലയിലെ ‘ഏകപക്ഷീയമായ നടപടികളെ’ എതിർക്കുന്നതായും പരാമർശം ഉണ്ടായിരുന്നു.

ഇന്ത്യയുടെ ഭൂപ്രദേശത്ത് പാകിസ്താൻ നടത്തുന്ന നിയമവിരുദ്ധമായ അധിനിവേശത്തെ സാധൂകരിക്കാനോ ശക്തിപ്പെടുത്താനോ ഉള്ള മറ്റ് രാജ്യങ്ങളുടെ നീക്കങ്ങളെ ഇന്ത്യ തള്ളിക്കളയുന്നതായി ജയ്സ്വാൾ പറഞ്ഞു. ഇത്തരം നീക്കങ്ങൾ ഇന്ത്യയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ചൈനയെയും പാകിസ്താനെയും പലതവണ അറിയിച്ചിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരുരാജ്യങ്ങളും തമ്മിലുള്ള 'അതിർത്തികടന്നുള്ള ജലവിഭവ സഹകരണം' എന്ന അവകാശവാദത്തെയും ഇന്ത്യ തള്ളി. ചൈനയും പാകിസ്താനും തമ്മിൽ അതിർത്തി പങ്കിടാത്ത സാഹചര്യത്തിൽ ഇത്തരം ഒരു സഹകരണത്തിന്റെ ചോദ്യം തന്നെ ഉദിക്കുന്നില്ലെന്നും നദികൾ ഇന്ത്യൻ ഭൂപ്രദേശത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഇന്ത്യ വ്യക്തമാക്കി.

1963-ൽ പാകിസ്താൻ അനധികൃതമായി 5,180 ചതുരശ്ര കിലോമീറ്റർ ഭൂമി ചൈനയ്ക്ക് വിട്ടുകൊടുത്ത അതിർത്തി കരാറിനെ ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. കൂടാതെ ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതികളെ ഇന്ത്യ അംഗീകരിക്കുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

Content Highlights: India rejects China and Pakistan's joint statement on Jammu and Kashmir., Reiteration that J&K and Ladakh are integral parts of India., Strong opposition to CPEC projects on Indian territory., Rejection of 1963 illegal border agreement between China and Pakistan., India labels China's attempts to use water resources and Kashmir as a geopolitical tool.