'പ്രാകൃതം, ഭീരുത്വം': അഫ്ഗാൻ ആശുപത്രിയിൽ പാകിസ്താൻ നടത്തിയ ആക്രമണത്തിൽ അപലപിച്ച് ഇന്ത്യ

#ന്യൂസ് ഡെസ്ക്
വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടം | Photo: AFP
വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടം | Photo: AFP

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ 400 പേരുടെ മരണത്തിനിടയാക്കി പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ പ്രാകൃതമെന്നും ഭീരുത്വമെന്നും വിശേഷിപ്പിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. റംസാൻ മാസത്തിൽ നടന്ന ഈ ആക്രമണം മേഖലയിലെ സമാധാനത്തിന് ഭീഷണിയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച അർധരാത്രിയോടെ നടന്ന ആക്രമണത്തിൽ 400 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് വിവരം.

അതേസമയം, തങ്ങൾ അഫ്ഗാനിലെ ഭീകരവാദ കേന്ദ്രങ്ങളെയാണ് ലക്ഷ്യം വെച്ചതെന്നാണ്‌ പാകിസ്താന്റെ വിശദീകരണം. കഴിഞ്ഞ ഫെബ്രുവരി 27 മുതലാണ് അഫ്ഗാനുമായി പാകിസ്താൻ തുറന്ന യുദ്ധം പ്രഖ്യാപിച്ചത്. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ സമാധാന ചർച്ചകൾക്കായി ശ്രമിക്കുന്നതിനിടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമായിരിക്കുന്നത്.

ദുരന്തത്തിൽപെട്ട അഫ്ഗാൻ ജനതയോട് ഇന്ത്യ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. 'മാർച്ച് 16-ന്‌ രാത്രിയിൽ കാബൂളിലെ ഒമിദ് അഡിക്ഷൻ ട്രീറ്റ്മെന്റ് ഹോസ്പിറ്റലിൽ പാകിസ്താൻ നടത്തിയ ക്രൂരമായ വ്യോമാക്രമണത്തെ ഇന്ത്യ അസന്ദിഗ്ധമായി അപലപിക്കുന്നു. സൈനിക ലക്ഷ്യമെന്ന് ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയാത്ത ഒരു സ്ഥാപനത്തിൽ വൻതോതിൽ സാധാരണക്കാരുടെ ജീവൻ അപഹരിച്ച ഭീരുത്വപരവും മനസാക്ഷിയില്ലാത്തതുമായ അക്രമമാണിത്. ഒരു കൂട്ടക്കൊലയെ സൈനിക നടപടിയായി ചിത്രീകരിക്കാനാണ് പാകിസ്താൻ ഇപ്പോൾ ശ്രമിക്കുന്നത്.' വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

കാബൂളിലെ ലഹരിവിമോചന കേന്ദ്രത്തിൽ നടന്ന രാത്രി നടന്ന വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെടുകയും 250 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അഫ്ഗാൻ താലിബാൻ സർക്കാർ അറിയിച്ചു. എന്നാൽ, അഫ്ഗാൻ വാദങ്ങൾ തെറ്റാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പറഞ്ഞ പാകിസ്താൻ, 'സൈനിക താവളങ്ങളെയും ഭീകരർക്ക് പിന്തുണ നൽകുന്ന അടിസ്ഥാന സൗകര്യങ്ങളെയും കൃത്യമായി ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്.' എന്ന് അവകാശപ്പെട്ടു.

കാബൂളിലെ പാകിസ്താന്റെ വ്യോമാക്രമണം, പ്രാദേശിക സമാധാനത്തിനും സുസ്ഥിരതയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു. ലോകമെമ്പാടുമുള്ള മുസ്ലിം സമൂഹങ്ങൾക്കിടയിൽ സമാധാനത്തിന്റെയും കരുണയുടെയും കാലമായ വിശുദ്ധ റമദാൻ മാസത്തിൽ ഈ ആക്രമണം നടന്നത് ഇതിനെ കൂടുതൽ അപലപനീയമാക്കുന്നു എന്ന് മന്ത്രാലയം പറഞ്ഞു.

ഒരു ആശുപത്രിയെയും അവിടുത്തെ രോഗികളെയും ബോധപൂർവം ലക്ഷ്യമിടുന്നതിനെ ന്യായീകരിക്കാൻ ഒരു വിശ്വാസത്തിനോ നിയമത്തിനോ ധാർമ്മികതയ്‌ക്കോ കഴിയില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങളെ ഇന്ത്യ ആഴത്തിലുള്ള അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

'ഈ ദുരന്തസമയത്ത് ഇന്ത്യ അഫ്ഗാനിസ്ഥാനിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും ഇന്ത്യയുടെ അചഞ്ചലമായ പിന്തുണ വീണ്ടും ഉറപ്പുനൽകുന്നു.' മന്ത്രാലയം അറിയിച്ചു. 

യുദ്ധം വ്യാപിപ്പിക്കുന്നത് ഒഴിവാക്കാനും ചർച്ചയിലേക്ക് മടങ്ങാനും ചൈന ഇരു രാജ്യങ്ങളോടും അഭ്യർത്ഥിച്ചിരുന്നു. 2,600 കിലോമീറ്റർ (1,600 മൈൽ) അതിർത്തി പങ്കിടുന്ന അയൽരാജ്യങ്ങൾ തമ്മിലുള്ള ഏറ്റവും മോശമായ സംഘർഷമാണ് കഴിഞ്ഞ മാസം ആരംഭിച്ചത്. ചൈന ഉൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ സംഘർഷം കുറഞ്ഞിരുന്നെങ്കിലും, ഈദുൽ ഫിത്തർ ആഘോഷത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഇത് വീണ്ടും രൂക്ഷമായിരിക്കുകയാണ്. 

Content Highlights: India labels the airstrike as barbaric and cowardly, At least 400 civilians killed at a drug rehabilitation center, Pakistan claims to have targeted military installations, Attack occurred during the holy month of Ramadan, India reaffirms support for Afghanistan's sovereignty