ഇന്ത്യയുടെ എതിര്‍പ്പ് മറികടന്ന് പാകിസ്താന് വീണ്ടും ഐഎംഎഫ് സഹായം; രണ്ടാം ഗഡുവായി 8,700 കോടി

Photo: imf.org/en, pixabay.com
Photo: imf.org/en, pixabay.com

ജനീവ: ഇന്ത്യയുടെ കടുത്ത എതിര്‍പ്പിനിടെ അന്താരാഷ്ട്ര നാണയ നിധിയില്‍ (ഐഎംഎഫ്) നിന്ന് പാകിസ്താന് വീണ്ടും സാമ്പത്തിക സഹായം. ദീര്‍ഘകാല വായ്പാ പദ്ധതിയായ എക്സ്റ്റന്‍ഡഡ് ഫണ്ട് ഫെസിലിറ്റി (ഇഎഫ്എഫ്) പ്രകാരം രണ്ടാം ഗഡുവായ 8,700 കോടി രൂപ (1.02 ബില്യണ്‍ ഡോളര്‍) ആണ് ഐഎംഎഫ്, പാകിസ്താന് നല്‍കിയത്.

പാകിസ്താന്റെ കേന്ദ്ര ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താനാണ് ഇക്കാര്യം അറിയിച്ചത്. വിദേശനാണ്യ കരുതല്‍ശേഖരത്തില്‍ തുക കാണിക്കുമെന്നും ബാങ്ക് വ്യക്തമാക്കി. 2024 സെപ്റ്റംബറില്‍ ആരംഭിച്ച് 37 മാസത്തേക്ക് നീണ്ടുനില്‍ക്കുന്ന ഏഴ് ബില്യണ്‍ ഡോളറിന്റെ ഐഎംഎഫ് വായ്പാ കരാറാണിത്. ഇതിന്‍റെ രണ്ടാം ഗഡുവിന്റെ ഭാഗമായാണ് ഈ തുക ലഭിച്ചിരിക്കുന്നത്. ഇതോടെ ഇഎഫ്എഫ് പദ്ധതി പ്രകാരം ഐഎംഎഫ് പാകിസ്താന് നല്‍കിയ തുക 17,931 കോടിയിലെത്തി (2.1 ബില്യണ്‍ ഡോളര്‍).

മേയ് ഒമ്പതിന് ഐഎംഎഫിന്റെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് ഫണ്ടുകള്‍ അനുവദിച്ചിരിക്കുന്നത്.

പണം പാകിസ്താന്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന് ഇന്ത്യ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. പാകിസ്താന് സാമ്പത്തികസഹായം നല്‍കുന്നത് ഭീകരവാദപ്രവര്‍ത്തനത്തെ സഹായിക്കുമെന്നും അത് ആപത്കരമായ സന്ദേശം നല്‍കുമെന്നും കഴിഞ്ഞ ഐഎംഎഫ് യോഗത്തില്‍ ഇന്ത്യ വാദിച്ചിരുന്നു. കടക്കെണിയിലുള്ള പാകിസ്താന്‍ 35 വര്‍ഷത്തിനിടെ 28 തവണ ഐഎംഎഫില്‍നിന്ന് കടംവാങ്ങിയിട്ടുണ്ട്.

Content Highlights: Pakistan receives second IMF tranche of $1.02 billion despite India`s strong opposition