പേര് 'ഹിറ്റ്ലർ മുസ്സോളിനി', പെറുവിലെ തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയി

ക്വെറോപാൽക്ക: പെറുവിലെ ക്വെറോപാൽക്കയിലെ തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയി തന്റെ പേരുകൊണ്ട് ലോകശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. ഇടത്-സെന്റർ പാർട്ടിയായ 'അഹോറ നാസിയോൺ' സ്ഥാനാർഥിയായ ഹിറ്റ്ലർ മുസ്സോളിനി സിമിയോൺ ഫ്ലോറസ് വിജയമാണ് ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. ആയിരത്തിൽ താഴെ മാത്രം ആളുകളെ പ്രതിനിധീകരിക്കുന്ന ക്വെറോപാൽക്കയിലാണ് ഹിറ്റ്ലർ മുസ്സോളിനി ജയിച്ച് മേയറായത്. 45-കാരനായ ഇദ്ദേഹം 25 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ച മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. നഗരസഭയിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടതെങ്കിലും, കുപ്രസിദ്ധ ഫാസിസ്റ്റ് ഏകാധിപതികളുടെ പേരുകളോട് സാമ്യമുള്ള അദ്ദേഹത്തിന്റെ പേര് വലിയ ചർച്ചയായിരുന്നു.
ഇരുപതാം നൂറ്റാണ്ടിലെ യൂറോപ്യൻ സ്വേച്ഛാധിപത്യ ഭരണാധികാരികളായ അഡോൾഫ് ഹിറ്റ്ലറുടെയും ബെനിറ്റോ മുസ്സോളിനിയുടെയും പേരുകൾ പങ്കിടുന്നത് അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വത്തെ ശ്രദ്ധേയമാക്കി മാറ്റിയെന്ന് പ്രാദേശിക മാധ്യമമായ 'പെറു21' റിപ്പോർട്ട് ചെയ്തു. പെറുവിലെ ഇലക്ഷൻ ഓഫീസിൽ നിന്നുള്ള കണക്കുകൾ പ്രകാരം എഴുനൂറിലധികം ആളുകൾ മാത്രമാണ് ഈ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ ഏകദേശം 34 ശതമാനം വോട്ടുകൾ നേടാൻ സിമിയോണിന് സാധിച്ചു.
വിചിത്രമായ പേരുകൾ കൊണ്ട് വാർത്തകളിൽ ഇടം നേടുന്നത് പെറുവിൽ ഇത് ആദ്യ സംഭവമല്ല. 2018-ൽ ഹിറ്റ്ലർ ഗെസ്ക്ലിൻ അൽബ സാഞ്ചസ് എന്ന വ്യക്തി "ഞാനാണ് നല്ല ഹിറ്റ്ലർ" എന്ന പ്രചാരണ മുദ്രാവാക്യവുമായി ലെനിൻ വ്ലാഡിമിർ റോഡ്രിഗസ് വാൽവെർഡെയെ പരാജയപ്പെടുത്തി യുൻഗാർ മേയറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൂടാതെ, 2020-ൽ നമീബിയയിൽ അഡോൾഫ് ഹിറ്റ്ലർ ഉനോന എന്ന രാഷ്ട്രീയ നേതാവ് തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചതും സമാനമായ രീതിയിൽ വലിയ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.