ഗാസയിൽ രണ്ട് പതിറ്റാണ്ട് നീണ്ട ഹമാസ് ഭരണം അവസാനിക്കുന്നു; അധികാരം പുതിയ ഭരണസമിതിക്ക് കൈമാറും

ഗാസ സിറ്റി: കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഗാസ മുനമ്പ് ഭരിച്ചുകൊണ്ടിരുന്ന ഭരണസമിതി പിരിച്ചുവിട്ടതായി പലസ്തീൻ സംഘടനയായ ഹമാസ് പ്രഖ്യാപിച്ചു. സിവിൽ ഭരണം നടപ്പിലാക്കുന്നതിനായി ഒരു ‘ടെക്നോക്രാറ്റിക്’ കമ്മിറ്റിക്ക് അധികാരം കൈമാറുന്നതിന്റെ ഭാഗമായാണ് ഈ നിർണ്ണായക നീക്കമെന്നാണ് റിപ്പോർട്ട്.
ഹമാസ് ഗവൺമെന്റ് എമർജൻസി കമ്മിറ്റി തലവൻ മുഹമ്മദ് അൽ ഫറ തന്റെ ഔദ്യോഗിക രാജി സമർപ്പിച്ചതായും ഭരണപരമായ മാറ്റങ്ങൾ സുഗമമാക്കുന്നതിന് കമ്മിറ്റി പിരിച്ചുവിടാൻ തീരുമാനിച്ചതായും ഹമാസ് മീഡിയ ഓഫീസ് മേധാവി ഇസ്മായിൽ അൽ-തവാബ്ത സ്ഥിരീകരിച്ചു.
നാഷണൽ കമ്മിറ്റി ഫോർ അഡ്മിനിസ്ട്രേഷൻ ഓഫ് ഗാസ (എൻസിഎജി) എന്ന പുതിയ സമിതിയായിരിക്കും ഇനി ഗാസയുടെ ഭരണം നിർവഹിക്കുക. 2025 ഒക്ടോബറിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ ഹമാസും ഇസ്രയേലും തമ്മിൽ ഒപ്പിട്ട വെടിനിർത്തൽ കരാറിന്റെയും സമാധാന ഉടമ്പടിയുടെയും ഭാഗമായാണ് ഈ സമിതി രൂപവത്കരിച്ചത്. 2006-ലെ തിരഞ്ഞെടുപ്പിന് ശേഷം ഏതാണ്ട് 20 വർഷമായി ഗാസയിൽ ഹമാസ് ആണ് ഭരണം നടത്തിവരുന്നത്. പുതിയ ഭരണമാറ്റത്തോടെ ഗാസയിലെ ഭരണപരമായ ചുമതലകളിൽനിന്ന് ഹമാസ് ഔദ്യോഗികമായി പിന്മാറും.
അധികാര കൈമാറ്റം എപ്പോൾ നടക്കും എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല. കരാറിലെ ചില വ്യവസ്ഥകളെച്ചൊല്ലി ഇസ്രയേലും ഹമാസും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ തുടരുന്നതാണ് ഇതിന് കാരണം. ഹമാസിനെ പൂർണമായും നിരായുധീകരിക്കുക, ഗാസയിൽനിന്ന് ഇസ്രയേൽ സൈന്യത്തെ പൂർണമായി പിൻവലിക്കുക തുടങ്ങിയ വിഷയങ്ങളിൽ തർക്കം നിലനിൽക്കുന്നുണ്ട്.
കൂടാതെ, പുതിയ ഭരണസമിതിയായ എൻസിഎജി അംഗങ്ങളെ മാസങ്ങളായി ഗാസയിലേക്ക് പ്രവേശിക്കുന്നതിൽനിന്ന് ഇസ്രയേൽ തടയുന്നതായും റിപ്പോർട്ടുകളുണ്ട്. ഗാസയിലേക്കുള്ള അവശ്യ സഹായങ്ങൾ എത്തിക്കുന്നതിനും തർക്കങ്ങൾ തടസ്സമാകുന്നുണ്ട്.
Content Highlights: Hamas formally dissolves its governing committee after 20 years of rule in Gaza., Power is being transferred to the National Committee for Administration of Gaza (NCAG)., The transition stems from the October 2025 peace deal brokered by Donald Trump., Ongoing disputes regarding disarmament and troop withdrawals hinder the transition process., Israel continues to restrict the entry of NCAG members into Gaza.