‘ഇസ്രയേലി ഏജന്റുകള്‍ ചവറ്റുകുട്ടയില്‍’; അബു ഷബാബിനെ കൊലപ്പെടുത്തിയതില്‍ ഹമാസ്

ഗാസ: പലസ്തീന് പോപ്പുലർ ഫോഴ്സസ് നേതാവ് യാസര്‍ അബു ഷബാബിനെ കൊലപ്പെടുത്തിയത് ശത്രുക്കളുമായി സഹകരിച്ചതിനാലെന്ന് ഹമാസ്. വ്യാഴാഴ്ച ദക്ഷിണ ഗാസയിലെ റഫയില്‍ സായുധ സംഘമാണ് അബു ഷബാബിനെ കൊലപ്പെടുത്തിയത്.
അബു ഷബാബും അദ്ദേഹത്തിന്റെ സംഘവും ഇസ്രയേലി സൈന്യവുമായി സഹകരിച്ച് നടത്തിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ദേശീയവും സാമൂഹികവുമായ വ്യക്തിത്വത്തില്‍ നിന്നുള്ള വ്യതിചലനമായിരുന്നു' എന്നും പലസ്തീനിയന്‍ ജനതയുടെ മൂല്യങ്ങളുമായും പാരമ്പര്യങ്ങളുമായും യാതൊരു ബന്ധവുമില്ലെന്നും ഹമാസ് പറഞ്ഞു.
പലസ്തീന് ജനതയുടെ നിലപാടിനും പ്രതിരോധത്തിനും മുന്നില്‍ ഇസ്രയേലിന്റെ നിസ്സഹായതയാണ് പ്രാദേശിക സായുധ സംഘങ്ങളെ അവര്‍ ഉപയോഗിക്കുന്നതില്‍നിന്ന് വ്യക്തമാകുന്നതെന്ന് ഹമാസ് പറഞ്ഞു. ഇസ്രയേലി ഭരണകൂടത്തിന് അവരുടെ ഏജന്റുമാരെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ല. ശത്രുവിനെ സേവിക്കുകയും ചെയ്യുന്ന ഏതൊരാളും ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ വീഴുകയും ബഹുമാനം നഷ്ടപ്പെടുകയും ചെയ്യുമെന്നും ഹമാസ് ഊന്നിപ്പറഞ്ഞു.
രണ്ട് വര്‍ഷത്തെ യുദ്ധത്തിനിടയിലാണ് പോപ്പുലര്‍ ഫോഴ്സസിന്റെ തലവനായി അബു ഷബാബ് രംഗത്ത് വന്നത്. അബു ഷബാബിന്റെ പോപ്പുലര്‍ ഫോഴ്സസ് പലസ്തീന് വിഭാഗങ്ങളില്‍നിന്ന് കടുത്ത എതിര്‍പ്പ് നേരിട്ടിരുന്നു.
അബു ഷബാബിന്റെ സംഘത്തിന് ആയുധങ്ങള്‍ നല്‍കിയിരുന്നതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുമ്പ് സമ്മതിച്ചിരുന്നു. ഉന്നത അമേരിക്കന്‍ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചകളില്‍ അബു ഷബാബിന്റെ കൂട്ടാളികള്‍ പങ്കെടുത്തിരുന്നു.
മുപ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള, ഗാസയുടെ തെക്ക് ഭാഗത്തുള്ള ബെദൂയിന്‍ തറാബിന്‍ ഗോത്രത്തില്‍ നിന്നുള്ള അബു ഷബാബ് കഴിഞ്ഞ വര്‍ഷം തീവ്രവാദ സംഘത്തിന്റെ തലവനായി രംഗപ്രവേശം ചെയ്യുന്നതുവരെ അധികം അറിയപ്പെടാത്ത വ്യക്തിയായിരുന്നു. ആദ്യം 'ഭീകരവിരുദ്ധ സേവനം' എന്ന് വിളിക്കപ്പെട്ട ഈ സംഘം, ഈ വര്‍ഷം മെയ് ആയപ്പോഴേക്കും ഗാസയിലെ ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നൂറോളം പോരാളികളുള്ള 'പോപ്പുലര്‍ ഫോഴ്സ്' എന്ന പേരില്‍ പ്രചാരം നേടി.
ഹമാസിനെതിരെ പോരാടുന്ന ദേശീയ പലസ്തീനിയന്‍ ഗ്രൂപ്പായി ഇവര്‍ സ്വയം അവതരിപ്പിച്ചു. പോപ്പുലര്‍ ഫോഴ്സിന് ജനകീയ പിന്തുണ ലഭിച്ചില്ലെന്നത് ഇതിന് കാരണമായി. പലസ്തീനികളില്‍ പലര്‍ക്കും അബു ഷബാബ് ഒരു കുറ്റവാളിയായിരുന്നു. ഗാസയിലെ അധികാരികള്‍ ലഹരിമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്ക് അദ്ദേഹത്തെ തടവിലാക്കിയിരുന്നു. ഇസ്രയേലുമായുള്ള യുദ്ധം 2023-ല്‍ തുടങ്ങിയതോടെ ജയിലില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു,
Content Highlights: Hamas reveals the assassination of Yasser Abu Shabab in Gaza, accusing him of collaborating with Israeli forces and betraying Palestinian values. Discover the details and implications.