തലയ്ക്കടിയേറ്റ് ബോധംമറഞ്ഞു, ചുറ്റും നിലവിളികൾ; ജീവൻ നഷ്ടപ്പെടുമോയെന്ന് ഭയന്നു- ഫ്ലെെ ദുബായ് സംഭവത്തെക്കുറിച്ച് സ്മിത് മച്ചാർ

ന്യൂഡൽഹി: ദുബായ്- ടെൽ അവീവ് ഫ്ലെെ ദുബായ് വിമാനം പറത്തുന്നതിനിടെ നേരിട്ട ആക്രമണത്തെക്കുറിച്ചും ഭീതിദമായ നിമിഷങ്ങളെക്കുറിച്ചും വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ. ആക്രമണത്തിനിടെ ഒരുഘട്ടത്തിൽ ജീവൻ നഷ്ടപ്പെടുമോ എന്ന ഭയമുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സ്വയംരക്ഷയ്ക്കൊപ്പം വിമാനത്തിലെ യാത്രക്കാരുടെകൂടി സുരക്ഷ ഉറപ്പാക്കാൻ ശ്രമിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചികിത്സയിലിരിക്കേ നൽകിയ ഒരു അഭിമുഖത്തിനിടെയാണ് ക്യാപ്റ്റൻ തന്റെ അനുഭവങ്ങൾ വിവരിച്ചത്.
തലയ്ക്ക് ഗുരുതരമായ അടിയേറ്റതിനെത്തുടർന്ന് ബോധം മറഞ്ഞും തെളിഞ്ഞുമുള്ള അവസ്ഥയിലായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്നുപോലും മനസ്സിലാക്കാൻ കഴിഞ്ഞില്ല. പക്ഷേ, അതിജീവിക്കണമെങ്കിൽ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞു. ഒരു അതിജീവന വാസനയാണ് ആ സമയത്ത് പ്രവർത്തിച്ചത്. സഹപ്രവർത്തകരിലൊരാൾ കോക്ക്പിറ്റിൽ നിർണായകമായി ഇടപെട്ട് വിമാനത്തിന്റെ നിയന്ത്രണമേറ്റെടുത്തതും അദ്ദേഹം ഓർത്തെടുത്തു.
മരണഭയം തോന്നിയ നിമിഷത്തെക്കുറിച്ച് ചോദിച്ചപ്പോൾ, നിഷ്ക്രിയനായി തുടരാനാവില്ലെന്നും ഗുരുതരമായ ആ സാഹചര്യം മാറ്റാൻ എന്തെങ്കിലും ചെയ്യണമെന്നും മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ജീവിതംമാത്രമല്ല, മറ്റുള്ളവരുടെ സുരക്ഷയുംകൂടി മുന്നിലുണ്ടായിരുന്നു. അടിയന്തരമായി ഇടപെടേണ്ടതിന്റെ ഗൗരവം ആ ഘട്ടത്തിലാണ് ബോധ്യപ്പെട്ടത്. ജോലിചെയ്യുന്നതിനിടെ ശക്തമായ എന്തോ ഒന്ന് തലയിലിടിച്ചതായി തോന്നി. പിന്നെ ബോധം മറഞ്ഞും തെളിഞ്ഞുംകൊണ്ടിരുന്നു. വാതിൽ തുറന്നപ്പോൾ താൻ കമിഴ്ന്നു കിടക്കുന്നതായാണ് ഓർമയിലുള്ളത്. ആ സമയത്ത് അവിടെയുണ്ടായിരുന്ന പരിഭ്രാന്തിയും നിലവിളികളും ഓർക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭീതിജനകമായ സാഹചര്യത്തിൽ ഓരോരുത്തരും വ്യത്യസ്ത രീതിയിലാണ് പ്രതികരിച്ചത്. സ്വന്തം ഉത്തരവാദിത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ശ്രമിച്ചത്. അടിയന്തര ഘട്ടത്തിൽ വിമാനത്തിന്റെ നിയന്ത്രണമേറ്റെടുത്ത സഹപ്രവർത്തകന് നന്ദി രേഖപ്പെടുത്തിയ മച്ചാർ, അദ്ദേഹത്തിന്റെ രക്ഷാപ്രവർത്തനം ജീവിതാവസാനംവരെ ഓർക്കുമെന്നും കൂട്ടിച്ചേർത്തു.
സെപ്റ്റംബർ 30-നാണ് ഫ്ളൈ ദുബായ് വിമാനത്തിനുള്ളിൽവെച്ച് സഹപൈലറ്റായ ഒമാൻ സ്വദേശി ഹമാം അൽ ഹമാമി, ക്യാപ്റ്റൻ സ്മിത് മച്ചറിനെ ആക്രമിക്കുകയും വിമാനം തകർക്കാൻ ശ്രമിക്കുകയും ചെയ്തത്. ഇതോടെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. പരിക്കേറ്റ സ്മിത്തിനെ സഹയാത്രക്കാർ ചേർന്ന് പരിചരിക്കുകയും ഹമാമിയെ കീഴ്പ്പെടുത്തുകയും ചെയ്തു. പിന്നാലെ യാത്രക്കാരായിരുന്ന രണ്ട് പെെലറ്റുമാർ ചേർന്ന് വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുത്തശേഷം സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി ലാൻഡിങ് നടത്തി. ഇസ്രയേലിലെ ബെൻ ഗുറിയൻ എയർപോർട്ട് ടെർമിനലിലേക്ക് ഇടിച്ചിറക്കിയുള്ള ആക്രമണമായിരുന്നു ഹമാമി ലക്ഷ്യമിട്ടിരുന്നതെന്ന് പിന്നീട് അന്വേഷണത്തിൽ വ്യക്തമായി.
Content Highlights: Flydubai Captain Smit Machchhar shares details of a terrifying physical assault.Highlights survival instincts and teamwork during an extreme in-flight crisis.