നോർവെയിലെ യുഎസ് എംബസിക്ക് സമീപം സ്‌ഫോടനം, പ്രദേശമാകെ പുക; ആളപായമില്ലെന്ന് പോലീസ്

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | AFP
പ്രതീകാത്മക ചിത്രം | AFP

ഓസ്‌ലോ: നോർവെയിലെ യുഎസ് എംബസിക്ക് സമീപം സ്‌ഫോടനം. പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് പടിഞ്ഞാറൻ ഓസ്‌ലോയിലെ എംബസി ഓഫീസ് വളപ്പിൽനിന്ന് സ്‌ഫോടനശബ്ദം കേട്ടത്. സംഭവത്തിൽ കെട്ടിടത്തിനും മറ്റും ചെറിയതോതിൽ തകരാറുണ്ടെയെന്നാണ് റിപ്പോർട്ട്. ആർക്കും പരിക്കില്ല.

സ്‌ഫോടനത്തിന് പിന്നാലെ പ്രദേശത്ത് വലിയതോതിൽ പുക ഉയർന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. എംബസിയിലെ കോൺസുലാർ വിഭാഗത്തിന്റെ പ്രവേശനകവാടത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായതെന്ന് ഓസ്‌ലോ പോലീസ് അറിയിച്ചു. പ്രവേശന കവാടത്തിന് ചില കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും പ്രദേശത്ത് നടത്തിയ പരിശോധനയിൽ കൂടുതൽ സ്‌ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

അതേസമയം, സംഭവത്തിന് പിന്നിൽ ആരാണെന്നോ എങ്ങനെയാണ് സ്‌ഫോടനമുണ്ടായതെന്നോ പോലീസ് വ്യക്തമാക്കിയിട്ടില്ല. ഒന്നോ അധിലധികമോ പേർക്ക് സംഭവത്തിൽ പങ്കുള്ളതായാണ് പോലീസിന്റെ നിഗമനം. ഡ്രോണുകളും ഹെലികോപ്റ്ററുകളും അടക്കം സ്ഥലത്തെത്തിച്ച് പോലീസ് സംഘം വിപുലമായ പരിശോധന നടത്തുന്നുണ്ട്.

അതേസമയം, സംഭവത്തിൽ യുഎസ് എംബസി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. നോർവെയിലുണ്ടായ സ്‌ഫോടനം സംബന്ധിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും പ്രതികരണം നടത്തിയിട്ടില്ലെന്നും അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട്‌ചെയ്തു.

Content Highlights: Explosion reported at the US Embassy in Oslo, Norway, at 1 AM local time., No casualties or injuries reported following the blast., Minor structural damage confirmed at the consular entrance., Police are conducting an extensive investigation using drones and helicopters., US State Department has not yet issued an official statement.