മയക്കുമരുന്ന് കേസ്: ടെലിവിഷൻ അവതാരക ഉൾപ്പെടെ 12 പേർക്ക് ഈജിപ്തിൽ തൂക്കുകയർ

കെയ്‌റോ: ഈജിപ്തിൽ മയക്കുമരുന്ന് കേസിൽ പ്രതികളായ ടെലിവിഷൻ അവതാരക ഉൾപ്പെടെ 12 പേർക്ക് തൂക്കുകയർ. വിൽപ്പനയ്ക്കുള്ള മയക്കുമരുന്ന് നിർമിക്കാനാവശ്യമായ വസ്തുക്കൾ രാജ്യത്തേക്ക് കടത്തിക്കൊണ്ടുവന്ന സംഘത്തിന്റെ ഭാഗമായവരാണ് ഇവർ കുറ്റം തെളിയിക്കപ്പെട്ടതിനെ തുടർന്നാണ് കോടതി ഇവർക്ക് വധശിക്ഷ വിധിച്ചതെന്ന് ഈജിപ്ഷ്യൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പത്രമായ അൽ അഹ്‌റം റിപ്പോർട്ട് ചെയ്തു. തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ നിയമവിരുദ്ധമായി കൈവശം വെച്ചുവെന്ന കേസും ഇവർക്കെതിരെ ഉണ്ട്.
സാറാ ഖലീഫ എന്ന 39-കാരിയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ടെലിവിഷൻ അവതാരക. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട മിഷൻ ഇംപോസിബിൾ എന്ന പ്രശസ്തമായ ടിവി പരിപാടിയുടെ അവതാരകയാണ് ഇവർ. തനിക്കുമേൽ ചാർത്തപ്പെട്ട കുറ്റങ്ങൾ എല്ലാം സാറ നിഷേധിച്ചു. ജീവിതത്തിൽ താൻ ഒരുതരത്തിലുള്ള മയക്കുമരുന്നും കണ്ടിട്ടുപോലുമില്ല. പോലീസ് ഒപ്പം നിർത്തി ചിത്രമെടുത്തപ്പോഴാണ് ആദ്യമായി മയക്കുമരുന്ന് കാണുന്നതെന്നും സാറ കോടതിയിൽ പറഞ്ഞിരുന്നു. വധശിക്ഷയ്‌ക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സാറയുടെ അഭിഭാഷകൻ അറിയിച്ചു.
കഴിഞ്ഞമാസമാണ് കോടതി പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. പിന്നീട് ഈജിപ്തിലെ ഗ്രാൻഡ് മുഫ്തിയിൽ നിന്ന് മതപരമായ അഭിപ്രായം തേടിയശേഷമാണ് വധശിക്ഷ സ്ഥിരീകരിക്കപ്പെട്ടത്. വധശിക്ഷ വിധിക്കുന്ന കേസുകളിൽ ഇത്തരത്തിൽ ഗ്രാൻഡ് മുഫ്തിയുടെ അഭിപ്രായം തേടുകയെന്നത് ഈജിപ്തിലെ നിയമപ്രകാരം നിർബന്ധമാണ്.
പ്രതികളിൽ നിന്ന് മയക്കുമരുന്നും മയക്കുമരുന്ന് ഉണ്ടാക്കാനായി ഇറക്കുമതി ചെയ്ത വസ്തുക്കളും ഉൾപ്പെടെ 750 കിലോഗ്രാം തൊണ്ടിയാണ് പിടികൂടിയത്. കേസിൽ 20 സാക്ഷികളാണ് ഉണ്ടായിരുന്നത്. വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് തെളിവുകളും പ്രതികൾക്കെതിരെ ഉണ്ടായിരുന്നു.
ആംനസ്റ്റി ഇന്റർനാഷണലിന്റെ കണക്ക് പ്രകാരം 2025-ൽ 492 പേരെയാണ് ഈജിപ്തിൽ വധശിക്ഷയ്ക്ക് വിധിച്ചത്. ഇതിൽ 23 എണ്ണമാണ് ഇതുവരെ നടപ്പാക്കിയത്.
Content Highlights: Egyptian court sentenced 12 people, including TV crime show host Sarah Khalifa, to death for drug trafficking., Convicts were also charged with illegal possession of weapons., Authorities seized 750 kilograms of drugs and manufacturing materials., The death sentences were confirmed after consulting Egypt's Grand Mufti., The defense team plans to appeal the death sentence in a higher court.