റഷ്യയിലെ കാംചത്ക തീരത്ത് വീണ്ടും ഭൂകമ്പം; 7.4 തീവ്രത, സുനാമി മുന്നറിയിപ്പ്

Photo: ANI
Photo: ANI

മോസ്‌കോ: റഷ്യയിലെ കാംചത്ക മേഖലയിലെ കിഴക്കന്‍ തീരത്തിന് സമീപം ശനിയാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമുണ്ടായതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ. ഇക്കഴിഞ്ഞ ജൂലായില്‍ പസഫിക് സമുദ്രത്തില്‍ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ട അതേ പ്രദേശത്താണ് ഇത്തവണയും ഭൂകമ്പം ഉണ്ടായത്. പസഫിക്കില്‍ സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഭൂകമ്പത്തെ തുടര്‍ന്ന് നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ജൂലായില്‍ ഈ മേഖലയിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് കിഴക്കന്‍ റഷ്യയിലുടനീളം തീവ്രമായ ഭൂചലനങ്ങളുണ്ടായിരുന്നു. അന്ന് ജപ്പാനും അമേരിക്കയും അടക്കം നിരവധി പസഫിക് ദ്വീപ് രാജ്യങ്ങളിലും സുനാമി മുന്നറിയിപ്പും നല്‍കിയിരുന്നു. ഭൂകമ്പ സാധ്യതകളുടെ നീണ്ട ചരിത്രമുള്ള പ്രദേശമായ കാംചത്ക ഉപദ്വീപിനടുത്തായിരുന്നു അന്ന് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

കംചത്ക എന്തുകൊണ്ട് ഒരു ഭൂകമ്പ സാധ്യതാ കേന്ദ്രമാകുന്നു?

വലിയ ഭൂകമ്പ സാധ്യതയുള്ള പ്രദേശമാണ് റഷ്യയുടെ കിഴക്കന്‍ മേഖലയില്‍ സ്ഥിതിചെയ്യുന്ന കംചത്ക ഉപദ്വീപ്. ഭൂകമ്പങ്ങളുടെ അസ്വസ്ഥമായ നീണ്ട ചരിത്രമുള്ള പ്രദേശമാണിത്. പസഫിക് സമുദ്രത്തെ ചുറ്റിപ്പറ്റിയുള്ള 'റിങ് ഓഫ് ഫയര്‍' (ഭൂപ്രളയങ്ങള്‍ സ്ഥിരമായി സംഭവിക്കുന്ന ഇടം) മേഖലയിലാണ് കംചത്ക സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഒന്നാണിത്.

ഈ വര്‍ഷം ജൂലായ് ആദ്യം പെട്രോപാവ്‌ലോവ്‌സ്‌ക്-കംചത്സ്‌കിയില്‍ നിന്ന് 144 കിലോമീറ്റര്‍ (89 മൈല്‍) അകലെ 7.4 തീവ്രതയുള്ള ഭൂകമ്പം ഉള്‍പ്പെടെ അഞ്ച് പ്രധാന തീരദേശ ഭൂകമ്പങ്ങള്‍ ഈ മേഖലയില്‍ അനുഭവപ്പെട്ടിരുന്നു. 1900 മുതല്‍ 8.3 തീവ്രത രേഖപ്പെടുത്തിയ ഏഴു ഭൂകമ്പങ്ങള്‍ പ്രദേശത്തുണ്ടായിട്ടുണ്ട്. 1952-ല്‍ 9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായെങ്കിലും അന്ന് ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

Content Highlights: A powerful 7.4 magnitude earthquake hit Russia`s Kamchatka Peninsula, triggering a tsunami warning f