മയോണൈസ് കിട്ടിയില്ല; പെട്രോളുമായെത്തി ഭക്ഷണശാലയ്ക്ക് തീയിട്ടു, 50-കാരന്‍ പിടിയില്‍

മാഡ്രിഡ്: മയോണൈസ് ലഭിക്കാത്തതിൽ കുപിതനായ മധ്യവയസ്‌കന്‍ ഭക്ഷണശാലയ്ക്ക് തീയിട്ടു. സ്‌പെയിനിലെ സെവില്ലെ പ്രവിശ്യയിലെ ലോസ് പലേഷ്യസ് വൈ വില്ലാഫ്രാന്‍കയില്‍ ബുധനാഴ്ച വൈകീട്ടാണ് സംഭവം. അന്‍പതുവയസ്സുകാരനായ അക്രമിയുടെ മറ്റുവിവരങ്ങള്‍ പുറത്തെത്തിയിട്ടില്ല.
തീയിട്ട ശേഷം കടന്നുകളഞ്ഞ അക്രമിയെ പോലീസ് ഉടന്‍ അറസ്റ്റ് ചെയ്തു. ലാസ് പോസ്റ്റാസ് കഫേ-ബാറിലാണ് അക്രമം നടന്നത്. സാന്‍ഡ്‌വിച്ചിലേക്ക് വേണ്ടി രണ്ടുവട്ടം മയോണൈസ് ചോദിച്ചെങ്കിലും കഫേ ജീവനക്കാര്‍ നല്‍കിയില്ല. ഇതോടെ കുപിതനായ ഇയാള്‍ പുറത്തേക്ക് പോയി. ശേഷം ഒന്നര ലിറ്റര്‍ പെട്രോളുമായി വരികയും സ്ഥാപനത്തിലെ ബാര്‍ ഏരിയയിലേക്ക് ഒഴിച്ച് തീയിടുകയുമായിരുന്നു. ഇതോടെ ആ സമയത്ത് കഫേയ്ക്കുള്ളിലുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഏകദേശം എട്ടുലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. ഭക്ഷണശാലയ്ക്ക് തീയിടുന്നതിനിടെ അക്രമിയുടെ ഇടതുകൈയ്ക്ക് പൊള്ളലേറ്റിട്ടുണ്ട്.
അതേസമയം, അക്രമി മയോണെെസ് ആവശ്യപ്പെട്ടപ്പോൾ ബാറിന് അടുക്കളയില്ലെന്നും, സാൻഡ്‌വിച്ചുകൾ പുറമേനിന്ന് തയ്യാറാക്കി എത്തിക്കുന്നതാണെന്നും ജീവനക്കാർ അറിയിച്ചിരുന്നെന്ന് സ്ഥാപന ഉടമ ജോസ് അന്റോണിയോ കൊബാലെരോ പറഞ്ഞു. തങ്ങളുടെ പക്കൽ സോസുകൾ ഇല്ലെന്നും പറഞ്ഞിരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: denied mayonnaise man in spain set fire on cafe