പറന്നുയരുന്നതിന് തൊട്ടുമുമ്പ് ബോയിങ് 757 വിമാനത്തിന്റെ മുന്‍ചക്രം ഊരിത്തെറിച്ചു | വീഡിയോ

ഡെൽറ്റ എയർലൈൻസിന്റെ ഒരു ബോയിങ് 757 വിമാനം (ഫയൽ ചിത്രം) | Photo: X (twitter) @andorinh1
ഡെൽറ്റ എയർലൈൻസിന്റെ ഒരു ബോയിങ് 757 വിമാനം (ഫയൽ ചിത്രം) | Photo: X (twitter) @andorinh1

അറ്റ്‌ലാന്റ (യു.എസ്): പറന്നുയരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ബോയിങ് 757 യാത്രാവിമാനത്തിന്റെ മുന്‍ചക്രം ഊരിത്തെറിച്ചു. യു.എസ്സിലെ ജോര്‍ജിയ സംസ്ഥാനത്തെ അറ്റ്‌ലാന്റയിലുള്ള ഹാര്‍ട്ട്‌സ്ഫീല്‍ഡ്-ജാക്‌സണ്‍ അറ്റ്‌ലാന്റാ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 184 യാത്രക്കാരും ആറ് ജീവനക്കാരും ആണ് വിമാനത്തിലുണ്ടായിരുന്നത്. സംഭവത്തിൽ ആര്‍ക്കും പരിക്കില്ലെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷൻ (എഫ്.എ.എ) പ്രസ്താവനയില്‍ അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ച രാവിലെ പ്രാദേശികസമയം 11:15-നാണ് അപകടമുണ്ടായതെന്ന് എഫ്.എ.എ. അറിയിച്ചു. കൊളംബിയയിലെ ബൊഗോട്ടയിലുള്ള എല്‍ ഡൊറാഡോ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്നുയരുന്നതിനിടെയാണ് ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ ഡി.എ.എല്‍ 982 വിമാനത്തിന്റെ മുന്‍ചക്രം ഊരിത്തെറിച്ചത്. ചക്രം റണ്‍വേയുടെ അതിര്‍ത്തി കടന്ന് ഉരുണ്ടുപോയി.

സംഭവസമയത്ത് വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളും (എ.ടി.സി) വിമാനത്തിന്റെ പൈലറ്റും തമ്മിലുള്ള ആശയവിനിമയത്തിന്റെ ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. ചക്രം ഊരിത്തെറിച്ചതായി എ.ടി.സി പൈലറ്റിന് മുന്നറിയിപ്പ് നല്‍കുന്നത് ശബ്ദരേഖയില്‍ കേള്‍ക്കാം. എഫ്.എ.എയുടെ റിപ്പോര്‍ട്ടിന്റെ ഭാഗമാണ് ഈ ശബ്ദരേഖ.

സംഭവത്തിന് ശേഷം യാത്രക്കാരേയും അവരുടെ ലഗ്ഗേജുകളും ബസ്സില്‍ വിമാനത്താവളത്തിന്റെ ടെര്‍മിനലിലേക്ക് തിരികെ കൊണ്ടുപോയി. ഇവരെ പിന്നീട് മറ്റൊരു വിമാനത്തില്‍ ബൊഗോട്ടയിലേക്ക് കൊണ്ടുപോയെന്നും എഫ്.എ.എ. റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് ബുദ്ധിമുട്ട് നേരിട്ടതില്‍ യാത്രക്കാരോട് ക്ഷമ ചോദിക്കുന്നതായി ഡെല്‍റ്റ എയര്‍ലൈന്‍സ് അറിയിച്ചു. 

ഇതേക്കുറിച്ച് വിമാനനിര്‍മ്മാണക്കമ്പനിയായ ബോയിങ് ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തേ ഈ മാസം ആദ്യം പറന്നുയര്‍ന്നതിന് പിന്നാലെ അടിയന്തര വാതില്‍ തകര്‍ന്നതിനെ തുടര്‍ന്ന് ബോയിങ് വിമാനങ്ങളില്‍ പരിശോധന നടത്താന്‍ വ്യോമയാന ഏജന്‍സികള്‍ നിര്‍ദേശം നല്‍കിയിരുന്നു. ബോയിങ് 737-9 മാക്‌സ് വിമാനങ്ങളാണ് പരിശോധിക്കാന്‍ നിര്‍ദേശിച്ചത്. യു.എസ്സിലെ അലാസ്‌ക എയര്‍ലൈന്‍സ് വിമാനത്തിന്റെ അടിയന്തര സുരക്ഷാ വാതിലാണ് പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നത്. ഈ സമയത്തെ വിമാനത്തിനകത്തുനിന്നുള്ള ദൃശ്യങ്ങള്‍ അന്ന് പുറത്തുവന്നിരുന്നു. 

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനത്തിന്റെ ഇടതുഭാഗത്തെ പ്രധാന ലാന്‍ഡിങ് ചക്രം തകരുകയും തീ പിടിക്കുകയും ചെയ്തിരുന്നു. 190 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ ഉടന്‍ വിമാനത്തില്‍നിന്ന് പുറത്തിറക്കി. ഒരു യാത്രക്കാരന് പരിക്കേറ്റിരുന്നു. 

Content Highlights: Delta Boeing 757 plane loses wheel while taxiing for takeoff at Atlanta airport, Georgia, USA.