പ്രവാചക നിന്ദ; ബിജെപി നേതാക്കളുടെ പരാമര്‍ശങ്ങളെ അപലപിച്ച് അമേരിക്ക

നൂപുര്‍ ശര്‍മ | Photo: PTI
നൂപുര്‍ ശര്‍മ | Photo: PTI

വാഷിങ്ടണ്‍: പ്രവാചകനെതിരേ ബിജെപി നേതാക്കള്‍ നടത്തിയ പരാമര്‍ശത്തെ അപലപിച്ച് അമേരിക്കയും. 'രണ്ട് ബിജെപി നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളെ ഞങ്ങള്‍ അപലപിക്കുന്നു. ഭരണകക്ഷിയായ ബിജെപി നേതാക്കളുടെ പരാമര്‍ശങ്ങളെ പരസ്യമായി തള്ളിപ്പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് മാധ്യമങ്ങളോട് പറഞ്ഞു. 

മതമോ വിശ്വാസമോ തിരഞ്ഞെടുക്കാനുള്ള സ്വതന്ത്ര്യം ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ വിഷയങ്ങളില്‍ ഞങ്ങള്‍ ഇന്ത്യന്‍ ഗവണ്‍മെന്റുമായി പതിവായി ഇടപഴകുകയും മനുഷ്യാവകാശങ്ങളോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതില്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ വക്താവായ നൂപൂര്‍ ശര്‍മ്മ മെയ് 26ന് ടെലിവിഷന്‍ ചര്‍ച്ചയില്‍ മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ പരാമര്‍ശം ഇസ്ലാമിക രാജ്യങ്ങളുടെ കടുത്ത വിമര്‍ശനത്തിന് വഴിതുറന്നിരുന്നു. ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അറബ് രാജ്യങ്ങളില്‍നിന്ന് നയതന്ത്ര പ്രതിഷേധങ്ങള്‍ക്ക് ഈ പരാമര്‍ശം കാരണമായി.

പ്രതിഷേധം ആളിപ്പടരുന്നതിനിടെ വിവാദ പരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മയേയും വിവാദ ട്വീറ്റ് ചെയ്ത നവീന്‍ കുമാര്‍ ജിന്‍ഡാലിനേയും ബിജെപി സംസ്‌പെന്‍ഡ് ചെയ്തു.

Content Highlights: Condemn Offensive Comments Made By 2 BJP Officials: US On Prophet Row