വധശിക്ഷ പരാജയപ്പെട്ട് അബോധാവസ്ഥയിൽ ‘ബ്രെയിൻ ഡെത്ത്’ എന്ന് നിഗമനം; ഡോക്ടർമാരെ അത്ഭുതപ്പെടുത്തി ക്രിസ്റ്റ സംസാരിച്ചു, നടന്നു

നാഷ്വിൽ (ടെന്നസി): വധശിക്ഷ നടപ്പാക്കാനായി വിഷം കുത്തിവെച്ചത് പരാജയപ്പെട്ട് ഗുരുതരാവസ്ഥയിലായ ക്രിസ്റ്റ പൈക്കിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി അഭിഭാഷകർ. ആശുപത്രി മുറിക്കുള്ളിൽ നടന്നുതുടങ്ങിയതായും സംസാരിച്ചതായും അഭിഭാഷകനായ സ്റ്റീഫൻ ഫെറെൽ അറിയിച്ചു. വധശിക്ഷാ ശ്രമത്തിന് ശേഷം ക്രിസ്റ്റയുടെ തലച്ചോർ പ്രവർത്തനരഹിതമായാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ ഇവർ വീണ്ടും ബോധവും സംസാരശേഷിയും വീണ്ടെടുത്തത് വലിയ അത്ഭുതമായാണ് വൈദ്യസംഘം കരുതുന്നത്.
തിങ്കളാഴ്ചയാണ് ക്രിസ്റ്റയുടെ 'ബ്രെയിൻ ഡെഡ്' അവസ്ഥയിലാണെന്ന് ഡോക്ടർമാർ പറഞ്ഞത്. എന്നാൽ ചൊവ്വാഴ്ചയോടെ അവർ സംസാരിക്കാൻ തുടങ്ങി. നിലവിൽ മുറിക്കുള്ളിൽ നടക്കാൻ കഴിയുന്നുണ്ടെങ്കിലും കൈകൾക്ക് കടുത്ത പരിക്കുണ്ട്. കൂടാതെ ന്യൂമോണിയ, രക്തം കട്ടപിടിക്കൽ എന്നീ ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്. ഗുരുതരാവസ്ഥയിലും ഇവരെ ആശുപത്രി കിടക്കയിൽ ചങ്ങല കൊണ്ടു ബന്ധിച്ചിരിക്കുകയാണ്. ഓർമ്മക്കുറവും പെട്ടെന്ന് ചിന്തകൾ നഷ്ടപ്പെടുന്ന അവസ്ഥയും നിലനിൽക്കുന്നുണ്ടെന്ന് അഭിഭാഷകർ പറഞ്ഞു. ഇവർക്ക് അടിയന്തര മാനസിക പിന്തുണ വേണമെന്ന് അഭിഭാഷകസംഘം ആവശ്യപ്പെട്ടു.
സെപ്റ്റംബർ 30നാണ് കൊലപാതക കേസിലെ വധശിക്ഷ നടപ്പാക്കാനായി 'പെന്റോബാർബിറ്റൽ' എന്ന മരുന്നിന്റെ രണ്ട് ഡോസുകൾ ക്രിസ്റ്റ പൈക്കിൽ കുത്തിവെച്ചത്. എന്നാൽ മരുന്ന് പരാജയപ്പെടുകയും ക്രിസ്റ്റ പൈക്ക് അബോധാവസ്ഥയിലാവുകയും ചെയ്തു. ഗുരുതരാവസ്ഥയിലുള്ള ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരുന്ന് നൽകുന്നതിനിടെ കൈകളിൽ കടുത്ത പുകച്ചിൽ അനുഭവപ്പെടുന്നതായി പൈക്ക് നിലവിളിച്ചിരുന്നു. ഇവരുടെ ഇടതുകൈയിൽ ഏഴോളം സൂചികൾ കുത്തിയതായും ഒരെണ്ണം വളഞ്ഞ നിലയിലായിരുന്നുവെന്നും അഭിഭാഷകർ വെളിപ്പെടുത്തി. സംഭവം വലിയ വിവാദമായതോടെ ടെന്നസി ഗവർണർ ബിൽ ലീ ഈ വർഷം നടപ്പാക്കാനിരുന്ന മറ്റെല്ലാ വധശിക്ഷകളും നിർത്തിവെക്കുകയും സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.
1995-ൽ പൈക്കിന്റെ പതിനെട്ടാം വയസ്സിൽ കൊളീൻ സ്ലെമ്മർ എന്ന 19-കാരിയായ സഹപാഠിയെ കൊലപ്പെടുത്തിയ കേസിലാണ് പൈക്കിന് വധശിക്ഷ വിധിച്ചത്. കഴിഞ്ഞ 30 വർഷമായി ഇവർ വധശിക്ഷ കാത്ത് ജയിലിൽ കഴിയുകയായിരുന്നു.
Content Highlights: Christa Pike regained consciousness and began walking after a botched lethal injection in Tennessee., Doctors previously declared her brain-dead following the failed execution attempt on September 30., Governor Bill Lee suspended all remaining executions for the year and ordered a full investigation., Pike was originally sentenced to death for the 1995 murder of Colleen Slemmer.