2017-ലെ സംഘർഷം: ചൈനീസ് ബാങ്കിന്റെ ഇന്ത്യയിലെ വായ്പാപദ്ധതി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി മരവിപ്പിച്ചെന്ന് റിപ്പോർട്ട്

#ന്യൂസ് ഡെസ്ക്
ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ചിഹ്നത്തിന് മുന്നിൽ നിൽക്കുന്ന സ്ത്രീ | File photo: AFP
ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ചിഹ്നത്തിന് മുന്നിൽ നിൽക്കുന്ന സ്ത്രീ | File photo: AFP

ന്യൂഡൽഹി: ചൈന-ഭൂട്ടാൻ തർക്കമേഖലയിലുള്ള ഡോക്‌ലാമിൽ 2017-ൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഏറ്റുമുട്ടൽ ചൈനയിലെ മുൻനിര വാണിജ്യബാങ്കിന്റെ ഇന്ത്യയിലെ പ്രവർത്തനത്തെ സാരമായി ബാധിച്ചെന്ന് വെളിപ്പെടുത്തൽ.

ചൈനീസ് സർക്കാരിനു കീഴിലെ ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സ്യൽ ബാങ്ക് ഓഫ് ചൈനയുടെ (ഐ.സി.ബി.സി.) മുംബൈ ശാഖയിൽ 18.5 കോടി ഡോളറിന്റെ വായ്പാ, നിക്ഷേപങ്ങൾ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേരിട്ടുള്ള ഇടപെടലിലൂടെ മരവിപ്പിക്കപ്പെട്ടെന്ന് അന്വേഷണാത്മക പത്രപ്രവർത്തകരുടെ അന്താരാഷ്ട്ര കൺസോർഷ്യം (ഐ.സി.ഐ.ജെ.) കണ്ടെത്തി.

11 അംഗീകൃത വായ്പകളും ബോണ്ട് നിക്ഷേപങ്ങളുമാണ് മരവിപ്പിക്കപ്പെട്ടത്. ഡോക്‌ലാമിലെ സംഘർഷം 73 ദിവസം നീണ്ടു.

ചൈന-ഭൂട്ടാൻ തർക്കപ്രദേശത്ത് റോഡ് നിർമിക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം തടയാൻ ഇന്ത്യൻ സൈന്യം ഇടപെട്ടതാണ് സംഘർഷത്തിലെത്തിച്ചത്. 2017 ജൂണിലാണിത്.

ചർച്ചകൾക്കൊടുവിൽ 2017 ഓഗസ്റ്റിൽ സംഘർഷം അയഞ്ഞു. പ്രതിസന്ധിസാധ്യത മുന്നിൽക്കണ്ട് ബാങ്കിന്റെ മുംബൈ ശാഖ സ്വമേധയാ വായ്പാനിയന്ത്രണം കൊണ്ടുവന്നു. നേരത്തേ അനുവദിച്ച 11 വായ്പകൾ തടഞ്ഞുവെച്ചു. ഇത് ബാങ്ക് ശാഖയുടെ വരുമാനത്തെ കാര്യമായി ബാധിച്ചെന്നും ശാഖയുടെ പ്രവർത്തനവരുമാനം 0.636 കോടി ഡോളർ കുറഞ്ഞെന്നും റിപ്പോർട്ട് പറയുന്നു.

ബാങ്കിന്റെ ബെയ്ജിങ് ആസ്ഥാനത്തുനിന്ന് നിർദേശിച്ച ലാഭലക്ഷ്യത്തിന്റെ 7.7 ശതമാനമേ കൈവരിക്കാനായുള്ളൂ. ഇന്ത്യയുമായുള്ള സംഘർഷംകാരണം നിക്ഷേപം നടത്തേണ്ടതില്ലെന്ന തീരുമാനമായിരുന്നു പിന്നിൽ.

ബാങ്കിന്റെ ലണ്ടൻ ശാഖയിലെ 0.48 കോടി ഡോളർ ഇടപാടിന്റെ രഹസ്യരേഖകളെ അടിസ്ഥാനമാക്കിയായിരുന്നു അന്വേഷണം. 2005-നും 2024-നുമിടയിലെ രേഖകളാണ് പഠനവിധേയമാക്കിയത്.

ഇതിൽ ബാങ്കിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആഭ്യന്തര റിപ്പോർട്ടുകൾ, ഇ-മെയിലുകൾ, രഹസ്യ ഫയലുകൾ, യോഗത്തിന്റെ രേഖകൾ എന്നിവയുണ്ടായിരുന്നു. ഡേറ്റ കൈക്കലാക്കിയ ഹാക്കിങ് സംഘം അവ ഐ.സി.ഐ.ജെ.ക്ക് ചോർത്തിയെന്നാണ് വിവരം.

Content Highlights: The 2017 Doklam standoff between India and China significantly impacted the operations of the Industrial and Commercial Bank of China (ICBC) in Mumbai, with loans and investments worth $185 million frozen due to direct intervention by the Chinese Communist Party.