'യുഎസുമായുള്ള വ്യാപാരക്കരാര്‍ ചൈന പൂര്‍ണമായും ലംഘിച്ചു'; 'നല്ല മനുഷ്യനാ'യിരുന്ന് മതിയായെന്ന് ട്രംപ്!

ഡൊണാൾഡ് ട്രംപ് | Photo: AP
ഡൊണാൾഡ് ട്രംപ് | Photo: AP

വാഷിങ്ടണ്‍: അമേരിക്കയുമായുള്ള വ്യാപാരക്കരാര്‍ വ്യവസ്ഥകള്‍ ചൈന ലംഘിച്ചുവെന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യാപാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ താന്‍ ഇനിമേല്‍ 'ദയാലു' ആയിരിക്കില്ലെന്നും ചൈനയ്‌ക്കെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ച് തന്റെ സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍ ട്രംപ് പറഞ്ഞു.

അമേരിക്ക വ്യാപാരച്ചുങ്കം ഉയര്‍ത്തിയതിന് പിന്നാലെ ചൈന കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചുവെന്നും അതുകണ്ട് താന്‍ അതിവേഗം ചൈനയുമായി കരാറില്‍ ഏര്‍പ്പെടുകയുമായിരുന്നുവെന്നുമാണ് ട്രംപിന്റെ അവകാശവാദം. എന്നാല്‍, യുഎസുമായി കരാറില്‍ ഏര്‍പ്പെട്ട് രാജ്യത്തെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതോടെ ചൈന കരാര്‍ വ്യവസ്ഥകള്‍ പൂര്‍ണമായി ലംഘിച്ചുവെന്നും ട്രംപ് ആരോപിക്കുന്നു. ചൈന മോശം സാഹചര്യത്തിലേക്ക് പോകാതിരിക്കാനാണ് താന്‍ ദയാലുവായത്. എന്നാല്‍, ചൈന കരാര്‍ ലംഘിച്ചു. ദയാലുവായിരുന്നിട്ട് ഒരു കാര്യവുമുണ്ടായില്ല. അതുകൊണ്ട് ഇനി അങ്ങനെ തുടരാനില്ലെന്നും ട്രംപ് പറഞ്ഞു. 

രണ്ടാഴ്ച മുന്‍പ് ചൈന വലിയ സാമ്പത്തിക വൈഷമ്യത്തിലായിരുന്നു. താന്‍ നിശ്ചയിച്ചുറപ്പിച്ച വളരെ ഉയര്‍ന്ന ചുങ്കം കാരണം ചൈനയ്ക്ക് ലോകത്തിലെ ഒന്നാമത്തെ വിപണിയായ അമേരിക്കയില്‍ വ്യാപാരം നടത്താന്‍ സാധിക്കാതെവന്നു. അമേരിക്ക വളരെപ്പെട്ടെന്ന് നടപ്പാക്കിയ ഉയര്‍ന്ന വ്യാപാരച്ചുങ്കം ചൈനയെ നശിപ്പിക്കുന്നതായിരുന്നു. അവിടുത്തെ ധാരാളം ഫാക്ടറികള്‍ അടച്ചുപൂട്ടിയെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലെ കുറിപ്പില്‍ പറയുന്നു. 

വളരെമോശം സാഹചര്യത്തിലേക്ക് ചൈന പോകുമെന്ന് തോന്നിയപ്പോള്‍, അങ്ങനെ സംഭവിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് അതില്‍നിന്ന് രക്ഷിക്കാന്‍ അവരുമായി താന്‍ അതിവേഗം കരാറുണ്ടാക്കി. ആ കരാര്‍ കാരണം എല്ലാം അതിവേഗം സ്ഥിരത കൈവരിച്ചു. ചൈന സാധാരഗതിയിലേക്കെത്തി. എല്ലാവരും സന്തുഷ്ടരായി. അത് നല്ല വാര്‍ത്തയാണ്. എന്നാല്‍, മോശം വാര്‍ത്തയിതാണ്. ഒരുപക്ഷേ ചിലര്‍ക്ക് ഞെട്ടലുണ്ടാകില്ല. ചൈന, യുഎസുമായുള്ള കരാര്‍ പൂര്‍ണമായും ലംഘിച്ചു. ദയാലുവായ മനുഷ്യന്‍ ആയിരുന്നിട്ട് യാതൊരു കാര്യവുമുണ്ടായില്ല. അതുകൊണ്ട് ഇനി അങ്ങനെ തുടരാനില്ല, ട്രംപ് പറഞ്ഞു. 

ചൈനയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ അല്‍പം തടസ്സപ്പെട്ടുവെന്ന യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സ്‌കോട്ടിന്റെ പ്രതികരണം.

Content Highlights: china violated trade agreement alleges donald trump