പാകിസ്താൻ ചൈനയിൽ നിന്ന് ആണവ അന്തർവാഹിനി വാങ്ങാനായി ശ്രമിച്ചെന്ന് റിപ്പോർട്ട്

ഇസ്ലാമാബാദ്: ചൈനയുമായി ചേർന്ന് കടലിൽ നിന്നുള്ള ആണവായുധ പ്രഹരശേഷി വികസിപ്പിക്കാൻ പാകിസ്താൻ സൈനിക മേധാവി അസിം മുനീർ ശ്രമിച്ചതായി റിപ്പോർട്ട്. അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുമ്പോഴും, ഗ്വാദ്വാർ നാവികത്താവളം ചൈനയ്ക്ക് സ്ഥിരമായി വിട്ടുനൽകിക്കൊണ്ട് ആണവ അന്തർവാഹിനികൾ സ്വന്തമാക്കാനാണ് പാകിസ്താൻ ലക്ഷ്യമിട്ടത് എന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ ഈ ആവശ്യങ്ങൾ അതിരുകടന്നതാണെന്ന് കണ്ട് ചൈന ചർച്ചകളിൽ നിന്ന് പിന്മാറിയതായി 'ഡ്രോപ്പ് സൈറ്റ് ന്യൂസ്' പുറത്തുവിട്ട രഹസ്യ രേഖകൾ വ്യക്തമാക്കുന്നു. വ്യോമ, കര മാർഗങ്ങൾക്കപ്പുറം മൂന്നാമതൊരു സുരക്ഷാ കവചം ഒരുക്കാനാണ് പാകിസ്താൻ ആഗ്രഹിച്ചതെങ്കിലും ആ ശ്രമം പരാജയപ്പെട്ടതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
പാകിസ്താൻ ഒരേസമയം ചൈനയേയും അമേരിക്കയേയും തങ്ങളുടെ തന്ത്രപ്രധാനമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ ശ്രമിച്ചിരുന്നതായാണ് പുതുതായി പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ സുരക്ഷാ നിരീക്ഷണങ്ങൾ ശരിവെക്കുന്ന രീതിയിലുള്ള വെളിപ്പെടുത്തലുകളാണ് ഇവ.
2024-ൽ പാകിസ്താൻ തങ്ങളുടെ എക്കാലത്തെയും സുഹൃത്തായ ചൈനയോട് സമുദ്രാധിഷ്ഠിത ആണവ സെക്കൻഡ്-സ്‌ട്രൈക്ക് (sea-based nuclear second-strike) ശേഷി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പാകിസ്താന് ആയുധങ്ങളും വിപുലമായ സാമ്പത്തിക സഹായവും നൽകുന്ന ചൈന, ഒരു ആണവ പ്രതിരോധ സംവിധാനത്തിന്റെ ഏറ്റവും തന്ത്രപ്രധാനമായ ഈ ഭാഗം കൈമാറാൻ വിസമ്മതിക്കുകയായിരുന്നു.
പാകിസ്താന്റെ ഈ ആവശ്യത്തെ 'യുക്തിരഹിതം' എന്നാണ് ചൈന വിശേഷിപ്പിച്ചത്. ഇത്തരമൊരു ശേഷി നൽകുന്നത് ദക്ഷിണേഷ്യയിലെ ആണവ വ്യാപനത്തിൽ (nuclear proliferation) ചൈനയുടെ നേരിട്ടുള്ള ഇടപെടലായി കണക്കാക്കപ്പെടുമെന്ന മുന്നറിയിപ്പും അവർ പാകിസ്താന് നൽകി.
ആഴക്കടൽ തുറമുഖമായ ഗ്വാദ്വാറിനെ സ്ഥിരം ചൈനീസ് സൈനിക താവളമാക്കി മാറ്റാൻ അനുവദിക്കുന്നത് ഒരു ദശാബ്ദത്തിലേറെയായി പാകിസ്താൻ എതിർത്തിരുന്നു. പിന്നീട് ഇത് അനുവദിക്കുന്നതിനായി ചൈനയ്ക്ക് മുന്നിൽ പാകിസ്താൻ ചില നിബന്ധനകളിലാണ് ഇക്കാര്യമുള്ളത്. ഈ നീക്കം മൂലം അമേരിക്കയിൽ നിന്നുണ്ടാകാൻ സാധ്യതയുള്ള രാഷ്ട്രീയ, സാമ്പത്തിക, നയതന്ത്രപരമായ തിരിച്ചടികൾക്കെതിരെ ചൈനയുടെ ഭാഗത്തുനിന്നും സഹായങ്ങൾക്കായുള്ള ഉറപ്പും പാകിസ്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ, ഇന്ത്യയുമായുള്ള മത്സരത്തിൽ പാകിസ്താന്റെ പ്രതിരോധ-ഇന്റലിജൻസ് ശേഷി നിലനിർത്തുന്നതിന് സൈനിക ആധുനികവത്കരണത്തിനുള്ള സഹായം നൽകണമെന്നും പാകിസ്താൻ ചൈനയോട് ആവശ്യപ്പെട്ടതായി ഈ രേഖകളിൽ പറയുന്നു.
ശക്തമായ ആണവ ആക്രമണത്തെ അതിജീവിച്ച ശേഷവും തിരിച്ച് ആണവാക്രമണം നടത്താനുള്ള ഒരു രാജ്യത്തിന്റെ കഴിവാണ് സമുദ്രാധിഷ്ഠിത ആണവ സെക്കൻഡ്-സ്‌ട്രൈക്ക് ശേഷി. കടലിനടിയിൽ ഒളിച്ചിരിക്കുന്നതിനാൽ കണ്ടെത്താനോ നശിപ്പിക്കാനോ പ്രയാസമുള്ള ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനികളെ (SSBNs) ആണ് ഇതിനായി പ്രധാനമായും ആശ്രയിക്കുന്നത്.
ഒരു അപ്രതീക്ഷിത ആക്രമണത്തിലൂടെ രാജ്യത്തിന്റെ ആണവായുധശേഖരം പൂർണ്ണമായും ഇല്ലാതാക്കാൻ ശത്രുവിനാവില്ലെന്ന് ഉറപ്പാക്കുന്ന ശക്തമായ ഒരു പ്രതിരോധ സംവിധാനമാണിത്. ഈ ശേഷി നിലനിർത്തുന്നതിന്, അത്യാധുനിക സ്റ്റെൽത്ത് വാർത്താവിനിമയ സംവിധാനങ്ങളുടെ സഹായത്തോടെ കുറഞ്ഞത് ഒരു SSBN എങ്കിലും എപ്പോഴും പട്രോളിങ്ങിൽ ഉണ്ടായിരിക്കണം. ലോകത്ത് ആറ് രാജ്യങ്ങൾക്ക് മാത്രമാണ് നിലവിൽ ഇത്തരത്തിലുള്ള കടൽ അധിഷ്ഠിത ആണവ പ്രതിരോധ ശേഷിയുള്ളത്.
അമേരിക്ക (ഒഹായോ-ക്ലാസ്), റഷ്യ (ബോറെയ്-ക്ലാസ്), ചൈന (ടൈപ്പ് 094), ഫ്രാൻസ്, ബ്രിട്ടൻ, ഇന്ത്യ (അരിഹന്ത്-ക്ലാസ്) എന്നിവയാണവ. ഈ രാജ്യങ്ങളെല്ലാം സമുദ്രങ്ങളിൽ തങ്ങളുടെ ആണവായുധ ആക്രമണ ശേഷിയുള്ള ആണവ അന്തർവാഹിനികൽ പട്രോളിങ് നടത്തുന്നുണ്ട്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അരിഹന്ത്-ക്ലാസ് പദ്ധതിയിലൂടെയാണ് ഈ ശേഷി കൈവരിച്ചത്. ഇവയെക്കൂടാതെ, പരിഷ്‌കരിച്ച സാധാരണ ഡോൾഫിൻ-ക്ലാസ് അന്തർവാഹിനികളുടെ ഉപയോഗത്തിലൂടെ ഇസ്രയേലും പ്രാദേശികമായി സെക്കൻഡ്-സ്‌ട്രൈക്ക് ശേഷ വികസിപ്പിച്ചെടുത്തിട്ടുണ്ട് എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Content Highlights: China rejected Pakistan's 2024 request for sea-based nuclear strike technology. Beijing cited concerns over direct involvement in nuclear proliferation. Pakistan linked Gwadar port usage to military modernization guarantees. Sea-based second-strike capability is essential for nuclear deterrence.