റാണയുടെ പൗരത്വം റദ്ദാക്കാൻ കാനഡ;നടപടി പ്രധാനമന്ത്രി കാർണിയുടെ ഇന്ത്യാ സന്ദർശനം നടക്കാനിരിക്കെ

#ന്യൂസ് ഡെസ്ക്
തഹാവൂര്‍ റാണ
തഹാവൂര്‍ റാണ

ഒട്ടാവ: 2008 മുംബൈ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനായി കണക്കാക്കപ്പെടുന്ന തഹാവൂർ റാണ ഹുസൈന്റെ പൗരത്വം റദ്ദാക്കാൻ കനേഡിയൻ അധികൃതർ ഒരുങ്ങുന്നതായി റിപ്പോർട്ട്. കാനഡ ആസ്ഥാനമായുള്ള ഗ്ലോബൽ ന്യൂസ് ആണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെയാണ് റാണയുടെ പൗരത്വം റദ്ദാക്കാനുള്ള ഇമിഗ്രേഷൻ അധികൃതരുടെ ശ്രമം കോടതിയിൽ പുരോഗമിക്കുന്നതെന്ന് ഗ്ലോബൽ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇക്കാര്യം ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ റാണയെ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ടല്ല, മറിച്ച് പൗരത്വ അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയതിനാലാണ് റാണയുടെ പൗരത്വം റദ്ദാക്കുന്നതെന്ന് കാനഡയുടെ ഇമിഗ്രേഷൻ വിഭാഗം (IRCC) അറിയിച്ചു.

2001-ൽ കനേഡിയൻ പൗരത്വം നേടിയ റാണ 1997-ലാണ് കാനഡയിലേക്ക് കുടിയേറിയത്. മതപരമായ കാർട്ടൂണുകൾ പ്രസിദ്ധീകരിച്ച ഡാനിഷ് പത്രത്തിലെ ജീവനക്കാരെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ഇയാൾക്ക് യുഎസിൽ ശിക്ഷ ലഭിച്ചിരുന്നു. 2000-ൽ പൗരത്വത്തിന് അപേക്ഷിച്ചപ്പോൾ, കഴിഞ്ഞ നാല് വർഷമായി ഒട്ടാവയിലും ടൊറന്റോയിലും താമസിച്ചുവെന്നും ആറ് ദിവസം മാത്രമാണ് രാജ്യത്തിന് പുറത്തായിരുന്നതെന്നും റാണ അവകാശപ്പെട്ടിരുന്നു. എന്നാൽ അന്വേഷണത്തിൽ ഇയാൾ മിക്ക സമയവും ഷിക്കാഗോയിലായിരുന്നു താമസിച്ചതെന്നും അവിടെ നിരവധി സ്വത്തുക്കളും ബിസിനസ്സുകളും ഉണ്ടായിരുന്നുവെന്നും കണ്ടെത്തി.

പൗരത്വത്തിനായുള്ള അപേക്ഷാ പ്രക്രിയയിൽ താമസത്തെക്കുറിച്ച് തെറ്റായ വിവരം റാണ നൽകിയതായി ഇമിഗ്രേഷൻ വിഭാഗം റാണയെ 2024 മേയിൽ അറിയിച്ചിരുന്നു. ഫെഡറൽ കോടതിയിലേക്ക് സർക്കാർ കേസ് കൈമാറിയിരുന്നു. പൗരത്വം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട വാദം കഴിഞ്ഞ ആഴ്ച ഫെഡറൽ കോടതിയിൽ നടന്നു. ഡിസംബർ 19-ന് സർക്കാർ അഭിഭാഷകർ ദേശീയ സുരക്ഷാ സംബന്ധമായ രഹസ്യ വിവരങ്ങൾ കേസിൽ നിന്ന് ഒഴിവാക്കാൻ കോടതിയുടെ അനുമതി തേടിയിരുന്നു.

166 പേരുടെ മരണത്തിനിടയാക്കിയ 26/11 മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് റാണ നിലവിൽ ഇന്ത്യയിൽ തടവിലാണ്. പാക് ഭീകര സംഘടനയായ ലഷ്‌കറെ തൊയ്ബയാണ് ആക്രമണം നടത്തിയത്. റാണയാണ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ. 2025 ഏപ്രിലിൽ റാണയെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തി. ഡൽഹിയിൽ എത്തിയ ഉടൻ തന്നെ ദേശീയ അന്വേഷണ ഏജൻസി (NIA) ഇയാളെ അറസ്റ്റ് ചെയ്തു. പാകിസ്താനിൽ ജനിച്ച കനേഡിയൻ പൗരനായ റാണ, 2008 മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന ഗൂഢാലോചനക്കാരിലൊരാളായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുടെ (ദാവൂദ് ഗിലാനി) അടുത്ത ബന്ധുവാണ്.

Content Highlights: Canadian authorities are initiating steps to revoke the citizenship of Tahawwur Rana, allegedly involved in the 2008 Mumbai attacks, citing false information on his application.