ഡോളറെന്ന രാജാവ്, വെട്ടിയൊതുക്കാൻ ചൈനയും റഷ്യയും; ബ്രിക്‌സ് ഉച്ചകോടി നിർണായകം, ജാഗ്രതയോടെ ഇന്ത്യ

#ന്യൂസ് ഡെസ്‌ക്
ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ലോകനേതാക്കള്‍ ( ഫയൽ ചിത്രം) | Photo : AFP
ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ലോകനേതാക്കള്‍ ( ഫയൽ ചിത്രം) | Photo : AFP

ന്യൂഡൽഹി: അന്താരാഷ്ട്ര വ്യാപാര രംഗത്ത് യു.എസ് ഡോളറിന്മേലുള്ള ആശ്രയത്വം കുറയ്ക്കുന്നതിനുള്ള നീക്കങ്ങൾ സജീവമാക്കി ബ്രിക്‌സ് (BRICS) കൂട്ടായ്മ.  വരാനിരിക്കുന്ന വാരാന്ത്യത്തിൽ ന്യൂഡൽഹിയിൽ വെച്ച് നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ ഡോളറിനെ അന്താരാഷ്ട്ര വ്യാപാരത്തിൽ നിന്ന് പരമാവധി ഒഴിവാക്കുന്നത് (De-dollarization) സംബന്ധിച്ച ചർച്ചകൾ പ്രധാന അജണ്ടയാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. അന്താരാഷ്ട്ര വ്യാപാരത്തിലും വിദേശനാണ്യ ശേഖരത്തിലും കഴിഞ്ഞ എട്ട് പതിറ്റാണ്ടിലേറെയായി ഡോളറിനുള്ള മേധാവിത്വം അവസാനിപ്പിക്കാൻ ബദൽ മാർഗങ്ങൾ തേടുകയാണ് അംഗരാജ്യങ്ങൾ.

അന്താരാഷ്ട്ര ഇടപാടുകൾക്ക് സ്വന്തം രാജ്യങ്ങളിലെ കറൻസികൾ ഉപയോഗിക്കാൻ അനുയോജ്യമായ സാമ്പത്തിക സംവിധാനങ്ങൾ കണ്ടെത്തണമെന്ന് 2025-ലെ ബ്രിക്‌സ് പ്രഖ്യാപനത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് ചുവടുപിടിച്ചാണ് പുതിയ നീക്കങ്ങൾ. യു.എസ് ഏർപ്പെടുത്തുന്ന സാമ്പത്തിക ഉപരോധങ്ങളാണ് ഡോളറിന് പകരക്കാരെ കണ്ടെത്താൻ പല രാജ്യങ്ങളെയും പ്രേരിപ്പിക്കുന്നത്. യുക്രൈൻ അധിനിവേശത്തിന് പിന്നാലെ റഷ്യൻ സെൻട്രൽ ബാങ്കിന്റെ 300 ബില്യൺ ഡോളറോളം വരുന്ന വിദേശനാണ്യ ശേഖരം ജി7 രാജ്യങ്ങൾ മരവിപ്പിക്കുകയും റഷ്യൻ ബാങ്കുകളെ സ്വിഫ്റ്റ് (SWIFT) പേയ്മെന്റ് സംവിധാനത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇതോടെ റഷ്യയും ചൈനയും തമ്മിലുള്ള വാർഷിക വ്യാപാരം 240 ബില്യൺ ഡോളർ കവിയുകയും, ഇതിന്റെ 90 ശതമാനത്തിലധികം ഇടപാടുകളും റൂബിളിലും യുവാനിലുമായി നടത്തുകയും ചെയ്യുന്നു. യുഎസുമായി വിവിധ മേഖലകളിൽ മത്സരത്തിലും തർക്കത്തിലുമുള്ള ചൈനയും ഡോളറിനെ ദുർബലപ്പെടുത്തുന്നതിന് മുമ്പന്തിയിലാണ്.

ഡോളർ വേണം, പക്ഷെ ഇന്ത്യയ്ക്ക് ആശ്രിതത്വം പറ്റില്ല

നേരത്തെ ബ്രിക്‌സിന് പൊതുവായൊരു കറൻസി എന്ന നിർദേശം മുന്നോട്ടുവെച്ചിരുന്നു. സ്വർണത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ കറൻസി ആയിരുന്നു റഷ്യയും ചൈനയും മുന്നോട്ടുവെച്ചത്. എന്നാൽ അതിനെ ഇന്ത്യ അനുകൂലിച്ചില്ല. റഷ്യയും ചൈനയും ഡോളറിനെതിരെയുള്ള നീക്കങ്ങളിൽ ശക്തമായി മുന്നിലുണ്ടെങ്കിലും ഇന്ത്യ ഇക്കാര്യത്തിൽ അതീവ ജാഗ്രതയോടെയുള്ള നിലപാടാണ് സ്വീകരിക്കുന്നത്. ഡോളറിന് പകരം മറ്റൊരു കറൻസി എന്നത് ഇന്ത്യയുടെ നയമല്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കിയിരുന്നു. ആഗോള സാമ്പത്തിക സ്ഥിരത നിലനിർത്തുന്നതിൽ ഡോളറിന്റെ പങ്ക് വലുതാണെന്നും, യുണൈറ്റഡ് സ്റ്റേറ്റ്‌സുമായി സഹകരിച്ച് നിലവിലെ അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനാണ് ഇന്ത്യ മുൻഗണന നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോളർ വിമുക്തമാക്കൽ എന്നതിൽ ബ്രിക്‌സ് രാജ്യങ്ങൾക്കിടയിൽ യോജിച്ചൊരു നിലപാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശിക കറൻസികളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനെ ഇന്ത്യ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ഡോളറിന് ബദലായി മറ്റൊരു കറൻസി കൊണ്ടുവരുന്നതിനോട് ഇന്ത്യയ്ക്ക് യോജിപ്പില്ല.

ബ്രിക്‌സ് രാജ്യങ്ങളുടെ ഡോളർ വിരുദ്ധ നീക്കങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ഡോളറിന്റെ മേധാവിത്വത്തെ വെല്ലുവിളിക്കാൻ ശ്രമിച്ചാൽ ബ്രിക്‌സ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 100 ശതമാനം വരെ കസ്റ്റംസ് തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. 'ഡോളറാണ് രാജാവ്, അത് അങ്ങനെ തന്നെ തുടരും' എന്നാണ് ട്രംപിന്റെ നിലപാട്. ഡോളറിന് അതിന്റെ റിസർവ് കറൻസി പദവി നഷ്ടപ്പെടുന്നത് ഒരു ലോകമഹായുദ്ധത്തിൽ പരാജയപ്പെടുന്നതിന് തുല്യമാണെന്ന് ട്രംപ് മുൻപ് താരതമ്യം ചെയ്തിരുന്നു.

വെല്ലുവിളികൾ, സാധ്യതകൾ

പ്രാദേശിക കറൻസികളിലുള്ള ഇടപാടുകൾ വർദ്ധിക്കുന്നുണ്ടെങ്കിലും ആഗോളതലത്തിൽ ഡോളറിനെ പൂർണ്ണമായി മാറ്റുക എന്നത് വലിയൊരു വെല്ലുവിളിയാണ്. ആഗോള വ്യാപാരം, വിദേശനാണ്യ വിപണി, അന്താരാഷ്ട്ര ധനകാര്യം, കരുതൽ ശേഖരം എന്നിവയിലെല്ലാം ഡോളറാണ് ഇന്നും പ്രധാന പങ്കുവഹിക്കുന്നത്. കൂടാതെ, ബ്രിക്‌സ് രാജ്യങ്ങളുടെ വ്യത്യസ്തമായ സാമ്പത്തിക താത്പര്യങ്ങളും ധനനയങ്ങളും ഇതിനൊരു ഏകീകൃത ബദൽ കണ്ടെത്തുന്നതിനെ ബുദ്ധിമുട്ടിലാക്കുന്നു. ഡോളറിനെയും ബ്രിക്‌സിനെയും തിരഞ്ഞെടുക്കുന്നതിനേക്കാൾ ഇന്ത്യ പ്രാധാന്യം നൽകുന്നത് തങ്ങളുടെ തന്ത്രപരമായ നിലപാടുകൾ കാത്തുസൂക്ഷിക്കുന്നതിനാണ്. ന്യൂഡൽഹിയിൽ ബ്രിക്‌സ് നേതാക്കൾ ഒത്തുചേരുമ്പോൾ, ഡോളറിനെ പൂർണ്ണമായി ഒഴിവാക്കുക എന്നതിലുപരി അതിനോടുള്ള ആശ്രയത്വം എത്രത്തോളം കുറയ്ക്കാനാകും എന്നതിലാവും ചർച്ചകൾ നടക്കുക.

ഇന്ത്യ ഒരു ബദൽ ഡിജിറ്റൽ പേമെന്റ് സംവിധാനം കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്.

ഒരു പൊതു ബ്രിക്‌സ് കറൻസി ഉണ്ടാക്കുന്നതിന് പകരം, അംഗരാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം അതത് രാജ്യങ്ങളുടെ സ്വന്തം കറൻസികളിൽ നടത്തുന്ന രീതി പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന നിർദേശം. ഇത് വിനിമയച്ചെലവ് കുറയ്ക്കാനും ഡോളർ ദൗർലഭ്യം മൂലമുണ്ടാകുന്ന പ്രതിസന്ധികൾ ഒഴിവാക്കാനും സഹായിക്കുമെന്നാണ് ഇന്ത്യയുടെ വാദം. ഇതിനുള്ള പൊതു ചട്ടക്കൂട് ഉണ്ടാക്കിയെടുക്കാനാകും ഇന്ത്യ ശ്രമിക്കുക.

ഇന്ത്യയുടെ യുപിഐ, റിസർവ് ബാങ്കിന്റെ ഡിജിറ്റൽ രൂപ എന്നിവ മറ്റ് ബ്രിക്‌സ് അംഗരാജ്യങ്ങളുടെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുക എന്ന ആശയവും ഇന്ത്യ അജണ്ടയായി മുന്നോട്ടു വയ്ക്കും. ഇത് സ്വിഫ്റ്റ് പോലെയുള്ള പാശ്ചാത്യ പേയ്മെന്റ് സംവിധാനങ്ങളെ ആശ്രയിക്കാതെ അതിവേഗം അതിർത്തി കടന്നുള്ള സാമ്പത്തിക ഇടപാടുകൾ നടത്താൻ സഹായിക്കുമെന്നാണ് ഇന്ത്യയുടെ നിലപാട്.

പാശ്ചാത്യ വിപണിയെയോ അമേരിക്കൻ ഡോളറിനെയോ നേരിട്ട് വെല്ലുവിളിക്കുന്ന ഒരു ചൈന കേന്ദ്രീകൃത അല്ലെങ്കിൽ പാശ്ചാത്യ വ്യാപാര വിരുദ്ധ ചേരിയായി ബ്രിക്‌സ് മാറാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. പകരം സ്വന്തം സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും, വ്യാപാരച്ചെലവ് കുറയ്ക്കാനും, രൂപയുടെ അന്താരാഷ്ട്ര പദവി ഉയർത്താനുമാണ് ഇന്ത്യ മുൻഗണന നൽകുന്നത്.

Content Highlights: Brics countries aim to reduce reliance on the US dollar in international trade, discussing de-dollarization at the upcoming summit in New Delhi.