നിലനിൽപ്പിനായി പോരാടി നെതന്യാഹു, ഭൂരിപക്ഷം ഉറപ്പിച്ച് ഐസൻകോട്ട്; ആരെയും പിന്തുണക്കാതെ ഏഴുപേർ

ജറുസലേം: ഇസ്രായേലിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭരണത്തിന് അന്ത്യം. യാഷർ പാർട്ടി നേതാവ് ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരണത്തിന് ചുമതലപ്പെടുത്തി പ്രസിഡന്റ് ഐസക് ഹെർസോഗ്. 120 അംഗ നെസെറ്റിൽ (ഇസ്രായേൽ പാർലമെന്റ്) 67 പേരുടെ പിന്തുണ തനിക്കുണ്ടെന്നാണ് ഗാദി ഐസൻകോട്ട് പ്രസിഡന്റിനെ അറിയിച്ചത്. ഇതോടെ ഭരണം നിലനിർത്താൻ തീവ്രശ്രമം നടത്തുന്ന ബെഞ്ചമിൻ നെതന്യാഹുവിന് കനത്ത തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്.
തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ തീവ്ര-വലതുപക്ഷ സഖ്യത്തിന് 53 സീറ്റുകളായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ പരമ്പരാഗത സഖ്യകക്ഷിയായ യുണൈറ്റഡ് തോറ ജൂഡായിസം നെതന്യാഹുവിനെ പിന്തുണയ്ക്കാത്തതിനാൽ ഇത് 46 സീറ്റായി ചുരുങ്ങി. ഇതോടെ നെതന്യാഹുവിന് പ്രധാനമന്ത്രിപദത്തിലേക്ക് വഴിയടഞ്ഞു. കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത് 61 സീറ്റുകളായിരുന്നു.
67 പേരാണ് ഐസൻകോട്ടിനെ പിന്തുണയ്ക്കുന്നത്. യാഷർ, ടുഗെദർ, ദി ഡെമോക്രാറ്റ്സ്, യിസ്രയേൽ ബെയ്റ്റെയ്നു എന്നിവയടങ്ങുന്ന പ്രതിപക്ഷ കൂട്ടായ്മയുടെ 48 സീറ്റുകൾക്ക് പുറമേ അറബ് പാർട്ടികളായ റാഅം (7 സീറ്റ്), ജോയിന്റ് ലിസ്റ്റ് (12 സീറ്റ്) എന്നിവ പിന്തുണ അറിയിച്ചതോടെയാണ് സർക്കാരുണ്ടാക്കാൻ ഐസൻകോട്ടിന് മുന്നിൽ സാധ്യത തുറന്നത്. യുണൈറ്റഡ് തോറ ജൂഡായിസത്തിലെ ഏഴു പേർ ആർക്കും ഇതുവരെ പിന്തുണ നൽകിയിട്ടില്ല.
സഖ്യകക്ഷികളുമായി ചർച്ച നടത്തി മന്ത്രിസഭ രൂപീകരിക്കാൻ ഐസൻകോട്ടിന് 28 ദിവസത്തെ സമയമുണ്ട്. ആവശ്യമെങ്കിൽ 14 ദിവസം കൂടി നീട്ടിനൽകാൻ പ്രസിഡന്റിന് അധികാരമുണ്ട്. ഞായറാഴ്ച പ്രാദേശിക സമയം അഞ്ച് മണിയോടെ ജറുസലേമിലെ പ്രസിഡന്റിന്റെ വസതിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഐസൻകോട്ടിന് അധികാരപത്രം കൈമാറും. നെതന്യാഹുവുമായും ഐസൻകോട്ടുമായും ഇതു സംബന്ധിച്ച് പ്രസിഡന്റ് ചർച്ച നടത്തിയതായാണ് വിവരം.
പ്രധാനമന്ത്രിക്കസേരയിൽ തുടരാൻ തീവ്രശ്രമം നടത്തുന്ന ബെഞ്ചമിൻ നെതന്യാഹുവിന് പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാത്തത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി സംശയത്തിലാക്കിയിരിക്കുകയാണ്. ഐസൻകോട്ടിന് മേൽപ്പറഞ്ഞ സമയപരിധിക്കുള്ളിൽ സഖ്യസർക്കാർ ഉണ്ടാക്കാൻ സാധിച്ചില്ലെങ്കിൽ വീണ്ടും ഒരു തിരഞ്ഞെടുപ്പിലേക്ക് ഇസ്രയേൽ നീങ്ങാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.
Content Highlights: Benjamin Netanyahu's long tenure as Israel's Prime Minister comes to an end., President Isaac Herzog has tasked Yashar Party leader Gadi Eizenkot with forming the new government., Eizenkot secured the support of 67 out of 120 Knesset members, surpassing the 61-seat majority requirement., Netanyahu's coalition failed to secure enough seats due to the withdrawal of key allies., Eizenkot has 28 days to form the cabinet, with a possible 14-day extension.