യൂനുസിന്റെ ഇടക്കാല സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ബംഗ്ലാദേശിലെ ഇന്ത്യൻ വിസാകേന്ദ്രങ്ങൾ അടച്ചു

ധാക്ക: ബംഗ്ലാദേശില്‍ പുതിയ സര്‍ക്കാര്‍ വ്യാഴാഴ്ച അധികാരമേല്‍ക്കും. നോബേല്‍ സമ്മാനജേതാവായ ഡോ. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ഇന്ന് രാത്രി എട്ടുമണിക്കാണ് സത്യപ്രതിജ്ഞ ചെയ്യുക. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന് മുമ്പാകെയാണ് സത്യപ്രതിജ്ഞ. സൈനിക മേധാവി ജനറല്‍ വഖാര്‍ ഉസ് സമാന് ആണ് ഇക്കാര്യം അറിയിച്ചത്. 400-ഓളം വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിലാകും സത്യപ്രതിജ്ഞ.
ആദ്യഘട്ടത്തില്‍ 15 പേരാണ് പുതിയ സര്‍ക്കാരില്‍ ഉണ്ടാകുക. ആരെല്ലാമാകും ഇവര്‍ എന്ന് ഇപ്പോള്‍ വ്യക്തമല്ല. എത്രകാലത്തേക്കാണ് ഇടക്കാല സര്‍ക്കാര്‍ എന്ന കാര്യവും സൈനിക മേധാവി വെളിപ്പെടുത്തിയിട്ടില്ല. രാജ്യത്തുടനീളമുള്ള കലാപം സാവധാനം ശമിച്ചുവരികയാണെന്നും മൂന്നോ നാലോ ദിവസത്തിനകം രാജ്യം സാധാരണനിലയിലെത്തുമെന്നും അദ്ദേഹം സൈനിക ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബംഗഭബനിലെ ദര്‍ബാര്‍ ഹാളില്‍ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നാണ് ഉന്നതവൃത്തങ്ങളില്‍ നിന്നുള്ള സൂചന.
മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ച് രാജ്യം വിട്ടതിന് മൂന്ന് ദിവസത്തിനുശേഷമാണ് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന് ചൊവ്വാഴ്ച തന്നെ അനുമതി നല്‍കിയിരുന്നു.
പ്രക്ഷോഭത്തിന് നേതൃത്വം നല്കുന്ന വിദ്യാര്‍ഥി നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ഡോ. മുഹമ്മദ് യൂനുസിനെ സര്‍ക്കാരിന്റെ തലപ്പത്തേക്ക് കൊണ്ടുവന്നത്. ഫ്രാന്‍സിലായിരുന്ന മുഹമ്മദ് യൂനുസ് അവിടെനിന്ന് ദുബായ് വഴി ബംഗ്ലാദേശിലേക്ക് യാത്രതിരിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് അദ്ദേഹം ധാക്കയിലെത്തുമെന്നാണ് വിവരം.
വ്യോമ-നാവികസേനാ മേധാവിമാരും താനും ഡോ. യൂനുസിന് പരിപൂര്‍ണപിന്തുണ നല്‍കുമെന്നും സൈനിക മേധാവി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. പോലീസിന്റെ അഭാവത്തില്‍ നഗരത്തിലെ ഗതാഗതം നിയന്ത്രിക്കുകയും തെരുവുകള്‍ വൃത്തിയാക്കുകയും ചെയ്യുന്ന വിദ്യാര്‍ഥികളെ അദ്ദേഹം അഭിനന്ദിച്ചു.
ഇതിനുമുമ്പ് 2007-ലാണ് ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ ഉണ്ടായിരുന്നത്. ഡോ. ഫക്രുദ്ദീന്‍ അഹമ്മദായിരുന്നു അന്നത്തെ ഇടക്കാല സര്‍ക്കാരിനെ നയിച്ചിരുന്നത്.
വിസാ കേന്ദ്രങ്ങള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു
അതേസമയം, ബംഗ്ലാദേശിലെ ഇന്ത്യന്‍ വിസാ കേന്ദ്രങ്ങള്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ അനിശ്ചിതകാലത്തേക്ക് അടച്ചു. രാജ്യത്തെ കലാപാന്തരീക്ഷം കണക്കിലെടുത്താണ് തീരുമാനം. ഇന്ത്യന്‍ വിസയ്ക്കുവേണ്ടി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള വെബ് പോര്‍ട്ടലില്‍ ഇക്കാര്യം വ്യക്തമാക്കുന്ന സന്ദേശമാണ് ഇപ്പോള്‍ കാണിക്കുന്നത്. ഇന്ത്യന്‍ ഹൈക്കമ്മീഷനിലും കോണ്സുലേറ്റുകളിലുമുള്ളവരേയും കുടുംബങ്ങളേയും തിരികെ ഇന്ത്യയിലെത്തിച്ചതിനുപിന്നാലെയാണ് വിസാ കന്ദ്രേങ്ങള് അനിശ്ചിതകാലത്തേക്ക് അടച്ചത്.
Content Highlights: Bangladesh Govt Formation: Nobel laureate Muhammad Yunus to take oath as head of interim govt today