ബലൂചിസ്താനില്‍ സ്‌ഫോടനം; തടവുകാരുമായി പോയ വാഹനം തടഞ്ഞ് ആക്രമണം, ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പ്രതീകാത്മകചിത്രം | Photo: PTI
പ്രതീകാത്മകചിത്രം | Photo: PTI

ബലൂചിസ്താന്‍: പാകിസ്താനിലെ ബലൂചിസ്താനില്‍ സ്‌ഫോടനത്തില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടതായി വിവരം. ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ആണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. തടവുപുള്ളികളുമായി പോയ വാഹനം തടഞ്ഞാണ് അക്രമികള്‍ സ്‌ഫോടനം നടത്തിയതെന്നും തടവുകാരെ വിട്ടയച്ച ശേഷമായിരുന്നു ആക്രമണമെന്നുമാണ് വിവരം. 

വാഹനത്തില്‍ നാല്‍പതോളം തടവുകാര്‍ ഉണ്ടായിരുന്നു. ഇവരെയെല്ലാം മോചിപ്പിച്ച ശേഷം ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന പട്ടാളക്കാരെ ബലൂച് പോരാളികള്‍ ബന്ദികളാക്കി. അതിനുശേഷമാണ് ഇവര്‍ സൈനികവാഹനം ബോംബുവെച്ച് തകര്‍ത്തത്. ഈ സ്‌ഫോടനത്തിലാണ് ഏഴുപട്ടാളക്കാര്‍ക്ക് ജീവന്‍ നഷ്ടമായത് എന്നും പാകിസ്താന്‍ സൈന്യം പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. 

പാക് പട്ടാളക്കാര്‍ക്കുനേരെ രാജ്യത്ത് വിവിധ ഇടങ്ങളിലായി ബിഎല്‍എ ഇത്തരത്തില്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ഇപ്പോഴത്തെ ആക്രമണത്തിന് സമാനമായി ഏപ്രില്‍ 15-ന് പോലീസ് ട്രക്കിന് നേരെ ബിഎല്‍എ നടത്തിയ ബോംബാക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതുകൂടാതെ, ഒരു ട്രെയിന്‍വരെ ഹൈജാക്ക് ചെയ്ത സംഭവവും വളരെ മുമ്പല്ലാതെ ഉണ്ടായിട്ടുണ്ട്. പാക് സൈന്യത്തിന് ഏറെ തലവേദന ഉണ്ടാക്കുന്ന സംഘടനയാണ് ബിഎല്‍എ.

സമീപകാലത്തായി പാക് സൈന്യത്തിനുനേരെ നടത്തുന്ന ആക്രമണങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് ബിഎല്‍എ. പാകിസ്താന്റെ തെക്കു-പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രവിശ്യയാണ് ബലൂചിസ്താന്‍. ബലൂചിസ്താനെ പാകിസ്താനില്‍ നിന്നും വേര്‍പെടുത്തി പ്രത്യേക രാജ്യമാക്കണം എന്ന് വാദിക്കുന്ന സായുധ സംഘടനയാണ് ബിഎല്‍എ. 

Content Highlights: balochistan bomb blast in pakistan by balochistan liberation army