ബലൂചിസ്ഥാന്‍ ട്രെയിന്‍ റാഞ്ചല്‍; 20 പാക് സൈനികര്‍ കൊല്ലപ്പെട്ടു, 182 പേര്‍ ബന്ദികള്‍

Photo: https://x.com/PakrailPK
Photo: https://x.com/PakrailPK

ഇസ്ലാമാബാദ്: പാകിസ്താനില്‍ പാസഞ്ചര്‍ ട്രെയിന്‍ റാഞ്ചിയ വിഘടനവാദികള്‍ 182 പേരെ ബന്ദികളാക്കി. ചൊവ്വാഴ്ച ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് സംഭവം. വിഘടനവാദികള്‍ നടത്തിയ വെടിവെപ്പില്‍ 20 പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടു. സൈനികര്‍ പിന്‍മാറിയില്ലെങ്കില്‍ ബന്ദികളെ വധിക്കുമെന്നും വിഘടനവാദികള്‍ ഭീഷണി മുഴക്കി. ബലൂചിസ്ഥാനെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് പോരാട്ടം നടത്തുന്ന ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയാണ് ട്രെയിന്‍ റാഞ്ചലിന് പിന്നില്‍. 

പാകിസ്താനിലെ തെക്ക് പടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയായ ക്വെറ്റയില്‍നിന്നു പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫര്‍ എക്സ്പ്രസ് ആണ് വിഘടനവാദികള്‍ കയ്യടക്കിയത്. ഒമ്പതിലേറെ ബോഗികളുണ്ടായിരുന്ന ട്രെയിനില്‍ 400-ല്‍ ഏറെ യാത്രക്കാരുണ്ടായിരുന്നു. ഇവരില്‍ സ്ത്രീകളെയും കുട്ടികളേയും ബലൂചിസ്ഥാന്‍ സ്വദേശികളായ യാത്രക്കാരെയും വിട്ടയച്ചുവെന്നാണ്‌ വിഘടനവാദികള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

യാത്രക്കിടയില്‍ ഒരു തുരങ്കത്തിനടുത്തുവെച്ച് ആയുധധാരികളായ ആളുകള്‍ ട്രെയിന്‍ തടയുകയായിരുന്നു. പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശത്തെ തുരങ്കത്തിനടുത്ത് ട്രെയിന്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് പാകിസ്താന്‍ മാധ്യമങ്ങളില്‍നിന്നുള്ള വിവരം. പാകിസ്താന്‍ സൈന്യം സ്ഥലത്തെത്തിയിട്ടുണ്ട്. വലിയൊരു ഏറ്റുമുട്ടലിന് തയ്യാറെടുക്കുകയാണ് ഇവര്‍. ട്രെയിന്‍ തടഞ്ഞിട്ടിരിക്കുന്ന പ്രദേശം സങ്കീര്‍ണമായ ഭൂപ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളികള്‍ ഏറെയുണ്ട്. 

പാകിസ്താനില്‍നിന്ന് ബലൂചിസ്ഥാനെ സ്വതന്ത്രമാക്കണമെന്ന് ആവശ്യവുമായി ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ), ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് തുടങ്ങിയ വിമത സംഘടനകള്‍ ഭരണകൂടത്തിനെതിരെ പോരാട്ടം നടത്തുന്നുണ്ട്. ബിഎല്‍എയുടെ മജീദ് ബ്രിഗേഡും സ്‌പെഷ്യല്‍ ടാക്ടിക്കല്‍ ഓപ്പറേഷന്‍സ് സ്‌ക്വാഡും ഫത്തേ സ്‌ക്വാഡിന്റെ സ്‌പെഷ്യലൈസഡ് യൂണിറ്റുകളും ചേര്‍ന്നാണ് ട്രെയിന്‍ റാഞ്ചലിന് നേതൃത്വം നല്‍കിയതെന്ന് വിഘടനവാദികള്‍ പ്രസ്താവനയില്‍ പറഞ്ഞു. 

Content Highlights: Balochistan Liberation Army claims responsibility for hijacking a passenger train in Pakistan