ട്രംപിന് മുന്നിൽ അമൂല്യ ധാതുക്കൾ പ്രദർശിപ്പിച്ച് പാക് പ്രധാനമന്ത്രി; ലക്ഷ്യം അമേരിക്കയുടെ നിക്ഷേപം

വാഷിങ്ടണ്‍: പാകിസ്താനിലെ അപൂര്‍വ ധാതുക്കൾ (റെയര്‍ എര്‍ത്ത് മിനറല്‍സ്) യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമ്മാനിച്ച് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫും സൈനികമേധാവി അസിം മുനീറും. വ്യാഴാഴ്ച വൈറ്റ്ഹൗസ് സന്ദര്‍ശിച്ചവേളയിലാണ് അപൂർവധാതുക്കളടങ്ങിയ പെട്ടി ട്രംപിന് കൈമാറിയത്.
ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ കൃഷി, ഐടി, ഖനനം, ധാതുക്കള്‍, ഊര്‍ജം തുടങ്ങിയ വിവിധ മേഖലകളില്‍ നിക്ഷേപം നടത്താന്‍ അമേരിക്കന്‍ കമ്പനികളെ പാക് പ്രധാനമന്ത്രി ക്ഷണിച്ചതായാണ് റിപ്പോർട്ട്. പാകിസ്താന്‍ ഇറക്കുമതിക്ക് 19 ശതമാനം തീരുവ ചുമത്തിയ, ജൂലായില്‍ പാകിസ്താനും അമേരിക്കയും ഒപ്പിട്ട ഉടമ്പടിയുടെ പേരിൽ ട്രംപിന് ഷഹ്ബാസ് ഷരീഫ് നന്ദി അറിയിക്കുകയും ചെയ്തു. ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ മുന്‍കൈയെടുത്തെന്ന് വ്യക്തമാക്കിയ ഷഹബാസ് ഷെരിഫ് ട്രംപിനെ സമാധാനപ്രിയനായ മനുഷ്യനെന്നാണ് വിശേഷിപ്പിച്ചത്.
അമേരിക്കയുടെ 500 മില്ല്യണ്‍ യു.എസ് ഡോളറിന്റെ നിക്ഷേപം പാകിസ്താന്‍ നേടിയതിന് പിന്നാലെയാണ് അപൂര്‍വ ധാതുക്കള്‍ പാക് പ്രധാനമന്ത്രി ട്രംപിന് സമ്മാനിച്ചത്. അപൂര്‍വ ധാതുക്കള്‍ ഖനനം ചെയ്‌തെടുക്കുന്ന പാകിസ്താന്റെ ഫ്രണ്ടിയര്‍ വര്‍ക്ക്‌സ് ഓര്‍ഗനൈസേഷന്‍ മുസൂരി അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ട്രാറ്റജിക് മെറ്റല്‍സുമായി ധാരണാപത്രത്തില്‍ നേരത്തെ ഒപ്പുവെച്ചിരുന്നു.
ഡൊണാള്‍ഡ് ട്രംപിന് രാജ്യത്തെ അപൂര്‍വ ധാതുക്കള്‍ പരിചയപ്പെടുത്തുന്ന സൈനികമേധാവി അസിം മുനീറിന്റെ ചിത്രം പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ വൈറ്റ്ഹൗസ് സന്ദര്‍ശിച്ച ആദ്യത്തെ പാക് പ്രധാനമന്ത്രി കൂടിയാണ് ഷഹ്ബാസ് ഷരീഫ്.
Content Highlights: Pak PM and Asim munir shows Rare Earth minerals to Donald Trump during Whitehouse meeting