മാലിയിലെ യോഗാദിന പരിപാടി തടസ്സപ്പെടുത്തി പ്രതിഷേധക്കാര്‍; പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു

Photo:Twitter
Photo:Twitter

ന്യൂഡല്‍ഹി:  അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് മാലിയില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അസോസിയേഷന്‍ നടത്തിയ പരിപാടിയിലേക്ക് ഒരുകൂട്ടമാളുകളുടെ പ്രതിഷേധ പ്രകടനം. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററും മാലി യുവജന കായികമന്ത്രാലയവുമായി ചേര്‍ന്നായിരുന്നു മാലിയിലെ ഗലോലു സ്‌റ്റേഡിയത്തില്‍ പരിപാടി സംഘടിപ്പിച്ചത്

പരിപാടി നടന്നുകൊണ്ടിരിക്കെ ഒരുകൂട്ടമാളുകള്‍ പ്ലക്കാര്‍ഡുകളും, ബാനറുകളുമുയര്‍ത്തി സ്റ്റേഡിയത്തിലേക്ക് കടന്നുകയറുകയായിരുന്നു. യോഗാ പരിപാടികള്‍ ഉടന്‍ നിര്‍ത്തിവെക്കണമെന്നും ആളുകള്‍ സ്റ്റേഡിയം വിട്ടുപോവണമെന്നുമുള്ള മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. തുടര്‍ന്ന് പരിപാടി തുടരനാവാതെ നിര്‍ത്തിവെച്ചു. 

പ്രതിഷേധക്കാരെ നേരിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പങ്കെടുത്തവരെ മര്‍ദിക്കാന്‍ ശ്രമിച്ചതോടെയാണ് പോലീസ് കണ്ണീര്‍വാതം പ്രയോഗിച്ചത്. വിഷയത്തില്‍ മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സാലെ അന്വേഷണത്തിന് ഉത്തരവിട്ടു.

സംഭവത്തെ ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്നും പോലീസ് അന്വേഷണത്തിന് ശേഷം ഉത്തരവാദികളായവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും ഇബ്രാഹിം മുഹമ്മദ് സാലെ ട്വീറ്റ് ചെയ്തു.
 

Content Highlights: Angry mob disrupts Yoga Day event organised by Indian govt in Maldives