ആലിസ് ഹുവാങ്ങിന് കംബോഡിയൻ ക്രൈം സിൻഡിക്കേറ്റുമായും ബന്ധം; ഉപരോധം മറികടന്ന് ചൈനയിലേക്ക് എഐ ചിപ്പുകൾ കടത്തി

#ന്യൂസ് ഡെസ്ക്

വാഷിങ്ടൺ: അമേരിക്കയുടെ ഉപരോധം മറികടന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചിപ്പുകൾ ചൈനയിലേക്ക് രഹസ്യമായി കടത്തിയ സംഭവത്തിൽ മുൻ മെഗാസ്പീഡ് (Megaspeed) എക്‌സിക്യൂട്ടീവ് ആലിസ് ഹുവാങ്ങിന് പങ്കുള്ളതായി വെളിപ്പെടുത്തൽ. എൻവിഡിയ (Nvidia) മുൻ സിഇഒ ജെൻസൺ ഹുവാങ്ങുമായി അടുത്ത ബന്ധമുള്ള ആലിസ്, ഷെൽ കമ്പനികളുടെയും കാംബോഡിയൻ ക്രൈം സിൻഡിക്കേറ്റുമായും ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. ഇത്തരം സ്വാധീനങ്ങൾ ഉപയോഗിച്ച് 4.6 ശതകോടി ഡോളറിലധികം വിലമതിക്കുന്ന സാങ്കേതികവിദ്യ കടത്തിയെന്നാണ് പുതിയ റിപ്പോർട്ട്.

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്ത ചിപ്പുകൾ പിന്നീട് നിയമവിരുദ്ധമായി കരിഞ്ചന്ത വഴി ചൈനയിലേക്ക് എത്തിക്കുകയായിരുന്നു. ഈ കേസിൽ ചൈനീസ് ഇന്റലിജൻസിനും ഓൺലൈൻ ഗെയിമിങ് ഭീമന്മാർക്കും പങ്കുണ്ടോയെന്ന് യുഎസ് അധികൃതർ അന്വേഷിച്ചു വരികയാണെന്ന് ഫിനാൻഷ്യൽ ടൈംസ് (എഫ്.ടി.) റിപ്പോർട്ട് ചെയ്യുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് എഫ്.ടി. നടത്തിയ പ്രത്യേക അന്വേഷണത്തിന്റെ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

എൻവിഡിയയുടെ തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ ഉപഭോക്താവായിരുന്നു മെഗാസ്പീഡ്. ഈ കമ്പനി, ചൈനയിലേക്ക് കയറ്റുമതി നിയന്ത്രണമുള്ള എഐ പ്രൊസസ്സറുകൾ കടത്തിക്കൊണ്ടുപോയിരുന്നതായും കോടിക്കണക്കിന് ഡോളറിന്റെ അനധികൃത ശൃംഖലയുടെ പ്രധാന കേന്ദ്രമായി പ്രവർത്തിച്ചിരുന്നതായുമുള്ള സംശയത്തിന്റെ സത്യാവസ്ഥയാണ് യുഎസ് അധികൃതർ അന്വേഷിക്കുന്നത്.

എൻവിഡിയയുടെ മുൻ മേധാവി ജെൻസൻ ഹുവാങ്ങുമായുള്ള ആലിസിന്റെ വ്യക്തിപരമായ ബന്ധവും പരിശോധിക്കപ്പെടുന്നുണ്ട്. ആലിസ്, ചൈനയുടെ ഒരു രഹസ്യാന്വേഷണ ഏജന്റായി പ്രവർത്തിച്ചുവെന്ന് ചില യുഎസ് ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ടെങ്കിലും, ഈ ആരോപണം വെറുമൊരു 'അപവാദം' മാത്രമാണെന്ന് പറഞ്ഞാണ് ബീജിങ് തള്ളിക്കളയുന്നത്.

അതേസമയം, തങ്ങളുടെ അന്വേഷണത്തിൽ പരിശോധിക്കപ്പെട്ട കോർപ്പറേറ്റ് രേഖകളും വ്യാപാര ഡാറ്റയും യുഎസ് ഉദ്യോഗസ്ഥരുടെ സംശയത്തെ സാധൂകരിക്കുന്നതായാണ് എഫ്.ടി.യുടെ റിപ്പോർട്ടിൽ പറയുന്നത്. യുഎസിന്റെ കയറ്റുമതി നിയന്ത്രണങ്ങൾ മറികടക്കാൻ സഹായിച്ച നൂറുകണക്കിന് വ്യാജ കമ്പനികളുടെ (shell companies) ശൃംഖലകളുമായും, ഓൺലൈൻ ഗെയിമിങ് പ്രമുഖരുമായും, കമ്പോഡിയൻ സിൻഡിക്കേറ്റുമായും ആലിസിനെ ബന്ധിപ്പിക്കുന്ന രേഖകളുണ്ടെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

ഈ വർഷം ആദ്യം ഇൻഡൊനീഷ്യൻ പോലീസ് മെഗാസ്പീഡിന്റെ പ്രാദേശിക ഉപകമ്പനിയിൽ റെയ്ഡ് നടത്തിയപ്പോൾ, ഗ്രാഫിക്‌സ് പ്രോസസിങ് യൂണിറ്റുകൾ (GPUs) നീക്കം ചെയ്ത നിലയിലുള്ള ശൂന്യമായ സെർവർ റാക്കുകളാണ് കണ്ടെത്തിയതെന്ന് സിംഗപ്പുരിലെ സ്ട്രെയിറ്റ്സ് ടൈംസ് (Strait Times) റിപ്പോർട്ട് ചെയ്തിരുന്നു. 2024 ഡിസംബറിനും 2025 ഡിസംബറിനും ഇടയിൽ, സ്പീഡ്മാട്രിക്‌സ് (Speedmatrix) എന്ന മെഗാസ്പീഡിന്റെ മലേഷ്യൻ ഉപകമ്പനി ഒരു യുഎസ് അധിഷ്ഠിത സെർവർ നിർമാതാവിൽ നിന്ന് 4.6 ബില്യൺ ഡോളർ മൂല്യമുള്ള ഹാർഡ്വെയർ ഇറക്കുമതി ചെയ്തതായി ഇമ്പോർട്ട്ജീനിയസ് (ImportGenius) ട്രേഡ് ഡാറ്റ ഉദ്ധരിച്ച് എഫ്.ടി. റിപ്പോർട്ട് ചെയ്യുന്നു.

ഈ അത്യാധുനിക പ്രോസസ്സറുകളിൽ പലതും ആഴ്ചകളോളം പല അതിർത്തികൾ കടന്ന് ചൈനയിലേക്ക് വഴിതിരിച്ച് വിടുകയായിരുന്നുവെന്നും പേര് വെളിപ്പെടുത്താത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എഫ്.ടി. റിപ്പോർട്ട് ചെയ്യുന്നു. കരിഞ്ചന്തയിൽ റീട്ടെയിൽ വിലയേക്കാൾ പല മടങ്ങ് തുകയ്ക്കാണ് ഇവ വിറ്റഴിക്കപ്പെട്ടത്. ചൈനീസ് സൈന്യത്തെ സഹായിച്ചുവെന്ന ആരോപണത്തെത്തുടർന്ന് ചൈനീസ് സെർവർ നിർമാതാക്കളായ ഇൻസ്പറിനെ (Inspur) യുഎസ് കയറ്റുമതി വിലക്ക് പട്ടികയിൽ പെടുത്തിയിരുന്നു.

ഇതിന് ശേഷം, 2023 മാർച്ചിനാണ് ഈ റാക്കുകളിലേക്ക് ഉപകരണങ്ങൾ എത്തിച്ചിരുന്ന കോർപ്പറേറ്റ് ശൃംഖല ആരംഭിക്കുന്നത്. സാൻ ജോസിലുള്ള ഇൻസ്പറിന്റെ ഭാഗീക ഉടമസ്ഥതയിലുള്ള ഉപകമ്പനി ഈ നിരോധനത്തിൽ നിന്ന് ഒഴിവാകുകയും, എഐവ്രെസ് (Aivres) എന്ന് പേരുമാറ്റുകയും ചെയ്തു. ഇൻവിഡിയയുടെ പാലിക്കൽ നിബന്ധനകൾ എഐവ്രെസ് പാലിക്കുന്നുണ്ടെന്ന് ചിപ്പ് നിർമ്മാതാക്കൾ സ്ഥിരീകരിച്ചതിനെത്തുടർന്ന് എഐവ്രെസ് ഒഇഎം (OEM) പങ്കാളിയായി ഇൻവിഡിയയിൽ നിന്ന് ഉൽപന്നങ്ങൾ വാങ്ങുന്നത് തുടരുകയായിരുന്നു.

എന്നാൽ വൻതോതിൽ ഇൻവിഡിയ സിസ്റ്റങ്ങൾ വാങ്ങുന്നതിന്, ഒഇഎം പങ്കാളികൾ തങ്ങളുടെ ആത്യന്തിക ഉപഭോക്താക്കൾക്ക് (end customers) മൂന്ന് വർഷത്തെ കോർപ്പറേറ്റ് രേഖകൾ ഉണ്ടെന്നും അവർ ചൈനീസ് പൗരന്മാരുടെ ഭൂരിപക്ഷ ഉടമസ്ഥതയിലുള്ളവരല്ലെന്നും തെളിയിക്കേണ്ടതുണ്ട്. വിതരണം തടസപ്പെട്ടതോടെ, ഇൻസ്പറിന്റെ പല ചൈനീസ് ഉപഭോക്താക്കളും ചൈനീസ് ഗെയിമിങ് ഭീമനായ സെഞ്ച്വറി ഹുവാറ്റോങ്ങിനെ (Century Huatong) സമീപിച്ചു. തുടർന്ന് ഒരു വിദേശ ഷെൽ കമ്പനി സ്വന്തമാക്കാനും അതിനെ ഒരു 'നിയോക്ലൗഡ്' (neocloud) പ്രൊവൈഡറായി മാറ്റി അവതരിപ്പിക്കാനും കമ്പനിയുടെ എക്‌സിക്യൂട്ടീവുകൾ പദ്ധതിയിട്ടതായും എഫ്.ടി. കണ്ടെത്തിയിട്ടുണ്ട്.

2023-ൽ, ആലിസ് ഹുവാങ് ഷെൻഷെനിലെ (Shenzhen) ഒരു ഗെയിമിങ് കമ്പനിയുടെ ഓഫ്ഷോർ ശാഖയായ 7റോഡ് ഇന്റർനാഷണലിന്റെ (7Road International) സിംഗപ്പുർ യൂണിറ്റ് സ്വന്തമാക്കിയിരുന്നു. ആലിസും ഭർത്താവ് കാങ് വെയും ചേർന്ന് നടത്തുന്ന ഹെക്‌സി ഇൻവെസ്റ്റ്മെന്റ് (Hexi Investment) എന്ന ഫണ്ട് പിന്തുണയ്ക്കുന്ന സ്ഥാപനമായിരുന്നു ഇത്. തുടർന്ന് ഇതിന് 'മെഗാസ്പീഡ്' എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു.

ഹോങ്കോങ് റെസിഡൻസി, ഇംഗ്ലീഷ് ഭാഷയിലുള്ള വൈദഗ്ധ്യം, പ്രശ്‌നങ്ങളൊന്നുമില്ലാത്ത കോർപ്പറേറ്റ് പശ്ചാത്തലം എന്നിവയുള്ള ആലിസ് ഹുവാങ്, പാശ്ചാത്യ രാജ്യങ്ങൾക്ക് വിശ്വസ്തത തോന്നുന്ന ഈ സംരംഭത്തിന്റെ 'വിശ്വസ്ത മുഖമായി' പ്രവർത്തിച്ചു. ഇൻവിഡിയ മേധാവിയുമായി അവർ അത്രയധികം അടുപ്പം സ്ഥാപിച്ചതിനാൽ, ചൈനയിലെ ചിലർ അവരെ 'ജെൻസന്റെ പേഴ്ണൽ അസിസ്റ്റന്റ്' (Jensen's personal assistant) എന്ന് പോലും വിളിച്ചിരുന്നു.

വിവാദങ്ങളെ തുടർന്ന് ഈ സ്ഥാപനങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കാൻ ഇൻവിഡിയ നടപടിയെടുത്തിട്ടുള്ളതായി കമ്പനി വക്താക്കൾ അറിയിച്ചു. '2025-ൽ ഞങ്ങൾ മെഗാസ്പീഡിനെയും അതിന്റെ ഒരു ഉപകമ്പനിയെയും ഞങ്ങളുടെ ബ്ലോക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തി... ഞങ്ങൾ അവർക്ക് ഉൽപന്നങ്ങൾ വിൽക്കാറില്ല. ഞങ്ങളുടെ ഒഇഎം (OEM) ഉപഭോക്താക്കൾ ആരെങ്കിലും അവർക്ക് ഉൽപന്നങ്ങൾ അയയ്ക്കാൻ പദ്ധതിയിട്ടാൽ, ആ ഒഇഎം വിൽപനയ്ക്ക് ഞങ്ങൾ അനുമതി നൽകില്ല.' ഇൻവിഡിയ വക്താവിനെ ഉദ്ധരിച്ച് എഫ്.ടി. റിപ്പോർട്ട് ചെയ്തു. എഐവ്രെസിനുള്ള (Aivres) വിൽപ്പനയിലും കമ്പനി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വക്താവ് കൂട്ടിച്ചേർത്തു.

ഹാർഡ്വെയറുകൾ ചൈനയിലേക്ക് കടത്തുന്നതിനും അതിലൂടെ ലഭിക്കുന്ന പണം വെളുപ്പിക്കുന്നതിനും മൂന്നാമതൊരു മാർഗംകൂടി മെഗാസ്പീഡിന് ആവശ്യമായിരുന്നു. ഉപരോധം നേരിടുന്ന കമ്പോഡിയ ആസ്ഥാനമായുള്ള പ്രിൻസ് ഗ്രൂപ്പിലെ (Prince Group) 'രണ്ടാമൻ' എന്ന് യുഎസ് അധികൃതർ വിശേഷിപ്പിച്ച ഹു ഷിയാവോവി (Hu Xiaowei) ആണ് ഇത് ഭാഗികമായി കൈകാര്യം ചെയ്ത്. ഈ വർഷം ആദ്യം ജപ്പാനിൽവെച്ച് അറസ്റ്റിലായ ഹു, സൈബർ തട്ടിപ്പുകൾ, കള്ളപ്പണം വെളുപ്പിക്കൽ, കള്ളക്കടത്ത് സംഘങ്ങൾ നടത്തൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിക്കപ്പെട്ട് യുഎസിന്റെ അന്വേഷണം നേരിടുകയാണ്.

താൻ സ്ഥാപിച്ച ഹോങ്കോങ് എയർക്രാഫ്റ്റ് ലീസിങ് കമ്പനികൾവഴി വാങ്ങിയ പ്രൈവറ്റ് ജെറ്റുകൾ ഉപയോഗിച്ച് നിരോധിത വസ്തുക്കൾ കടത്തിയതും ഇയാൾക്കതിരെയുള്ള കേസുകളിൽ ഉൾപ്പെടുന്നു. തങ്ങൾ പരിശോധിച്ച രേഖകൾ ഹു-വിനെ സെഞ്ച്വറി ഹുവാറ്റോങ്ങുമായി (Century Huatong) നേരിട്ട് ബന്ധിപ്പിക്കുന്നതായും എഫ്.ടി. അവകാശപ്പെടുന്നു. ഇപ്പോൾ പ്രവർത്തനം അവസാനിപ്പിച്ച നിങ്‌സിയയിലെ (Ningxia) ഒരു കമ്പനിയിൽ സെഞ്ച്വറി ഹുവാറ്റോങ് ചെയർമാൻ വാങ് ജിക്കൊപ്പം (Wang Ji) ഹു ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. 2016-ൽ കമ്പോഡിയയിലേക്ക് മാറുന്നതിന് മുമ്പ് 'ലെജൻഡ് ഓഫ് മിർ' (Legend of Mir) എന്ന പ്രശസ്തമായ ഗെയിമിനായി പ്രൈവറ്റ് സെർവറുകളും അദ്ദേഹം നടത്തിയിരുന്നു.

'ചിപ്പ് കടത്തിൽ ഉൾപ്പെട്ടിരിക്കുന്ന ആളുകളെയും സ്ഥാപനങ്ങളെയും പരിശോധിച്ചാൽ, മുൻകാല ഓൺലൈൻ ഗെയിമിങ് രംഗത്തുണ്ടായിരുന്ന പരിചയമുള്ള നിരവധി പേരുകൾ കാണാം. അവരിൽ പലരും കള്ളപ്പണം വെളുപ്പിക്കൽ പോലുള്ള അനധികൃത പരിപാടികൾ നടപ്പിലാക്കുകയും, പണവും വസ്തുക്കളും കടത്തുന്നതിനായി സ്വദേശത്തും വിദേശത്തും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നേരത്തെ തന്നെ ഒരുക്കിവെക്കുകയും ചെയ്തവരാണ്.' സ്രോതസ്സുകളെ ഉദ്ദരിച്ച് റിപ്പോർട്ടിൽ പറയുന്നു.

ജോർജ്ജ് ടൗൺ സർവ്വകലാശാലയിലെ സെന്റർ ഫോർ സെക്യൂരിറ്റി ആൻഡ് എമർജിങ് ടെക്‌നോളജിയിലെ സീനിയർ റിസർച്ച് അനലിസ്റ്റായ ഹന്ന ഡോഹ്‌മെൻ (Hanna Dohmen), യുഎസിന്റെ നിയന്ത്രണങ്ങൾ അറിയാതെയാണെങ്കിലും നിയമലംഘകർക്ക് വലിയ സാമ്പത്തിക ലാഭത്തിനുള്ള അവസരമൊരുക്കിയെന്ന് വെളിപ്പെടുത്തിയതായി എഫ്.ടി. റിപ്പോർട്ടിൽ പറയുന്നു.

Content Highlights: Alice Huang, a former Megaspeed executive, is implicated in smuggling AI chips to China, bypassing U.S. sanctions, using shell companies and Cambodian crime networks, with connections to Nvidia's former CEO, Jensen Huang. U.S. authorities are investigating the illegal import of chips into Southeast Asian countries, which were then smuggled into China, potentially involving Chinese intelligence and online gaming giants. Nvidia has severed ties with Megaspeed and its subsidiaries due to their involvement in illegal activities, while U.S. investigations continue into the broader network of shell companies and individuals linked to money laundering and smuggling operations.