കാപ്പിറ്റോള്‍ ആക്രമണത്തില്‍ കുറ്റാരോപിതരായ 1,500-ലധികം പേര്‍ക്ക് മാപ്പ് നല്‍കി ട്രംപ്

ഡൊണാള്‍ഡ് ട്രംപ് | Photo: AP
ഡൊണാള്‍ഡ് ട്രംപ് | Photo: AP

വാഷിങ്ടണ്‍: പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെ 2021 ജനുവരി ആറിലെ കാപ്പിറ്റോള്‍ ആക്രമണത്തില്‍ കുറ്റാരോപിതരായ 1,500-ലധികം പേര്‍ക്ക് മാപ്പ് നല്‍കി ഡൊണാള്‍ഡ് ട്രംപ്. കാപ്പിറ്റോള്‍ കലാപവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടവരോ കുറ്റാരോപിതരോ ആയവര്‍ക്കാണ് ട്രംപ് മാപ്പ് നല്‍കുകയോ ശിക്ഷ ഇളവ് നല്‍കുകയോ ചെയ്തത്. 

തീവ്രവലതുപക്ഷ ഗ്രൂപ്പുകളായ പ്രൗഡ് ബോയ്സ്, ഓത്ത് കീപ്പേഴ്സ് എന്നീ സംഘടനകളുടെ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് മാപ്പ് നല്‍കിയിരിക്കുന്നത്. കലാപത്തില്‍ കുറ്റാരോപിതരായ പ്രതികള്‍ക്കെതിരായ എല്ലാ കേസുകളും പിന്‍വലിക്കാന്‍ നീതിന്യായ വകുപ്പിനോട് നിര്‍ദ്ദേശിക്കുന്ന ഉത്തരവിലും ട്രംപ് ഒപ്പുവച്ചു.

തിങ്കളാഴ്ച വൈകുന്നേരം ഓവല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍, മാപ്പ് നല്‍കപ്പെട്ട പ്രതികളുടെ പട്ടിക ട്രംപ് പ്രദര്‍ശിപ്പിച്ചു. 'ഇവരാണ് ആ ബന്ദികള്‍. ഏകദേശം 1,500 പേര്‍ക്ക് മാപ്പ് നല്‍കുന്നു. പൂര്‍ണ്ണ മാപ്പ്. ഇത് ഒരു വലിയ കാര്യമാണ്.- ട്രംപ് പറഞ്ഞു. ഈ ആളുകളോട് ചെയ്തത് അതിരുകടന്നതാണെന്നും നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതുപോലൊന്ന് അപൂര്‍വമായി മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

യു.എസിന്റെ രാഷ്ട്രീയ ചരിത്രത്തിലെ കറുത്തദിനമായാണ് 2021 ജനുവരി ആറിനെ വിശേഷിപ്പിക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ നേടിയ വിജയം അംഗീകരിക്കാത്ത ഡൊണാള്‍ഡ് ട്രംപ് അനുകൂലികള്‍ യു.എസ്. പാര്‍ലമെന്റായ കാപിറ്റോളില്‍ ഇരച്ചെത്തി ആക്രമണമഴിച്ചുവിടുകയായിരുന്നു. ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയം സാക്ഷ്യപ്പെടുത്താന്‍ നിയമസഭാംഗങ്ങള്‍ യോഗം ചേര്‍ന്നതിന് പിന്നാലെയായിരുന്നു ആക്രമണം. 

കലാപവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് ഏകദേശം 1,583 പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ കണക്കുള്‍ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. നിയമപാലകരെ ആക്രമിച്ചതിന് 600-ലധികം പേര്‍ക്കെതിരേയും മാരകമോ അപകടകരമോ ആയ ആയുധം ഉപയോഗിച്ചതിന് ഏകദേശം 175 പേര്‍ക്കെതിരേയും കേസെടുത്തിരുന്നു.
 

Content Highlights: 1,500 Capitol riot defendants pardoned by Donald Trump