നെതന്യാഹു ഇച്ഛിച്ചതും ട്രംപ് കൽപിച്ചതും; ഇസ്രായേൽ തിരഞ്ഞെടുപ്പ് ഗോദ കലുഷിതം

#സ്വന്തം ലേഖകൻ
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും |ഫോട്ടോ:AFP
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും |ഫോട്ടോ:AFP

'നെതന്യാഹുവിന് വിവേകമില്ല, എല്ലാവരും അദ്ദേഹത്തെ വെറുക്കുന്നു' എന്ന് ഏതാനും മാസങ്ങൾക്ക് മുൻപ് തുറന്നടിച്ച ട്രംപ്, ഒക്ടോബർ 27-ന് ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കേ നെതന്യാഹുവിന് പരസ്യപിന്തുണയുമായി രംഗത്തെത്തി.

നെതന്യാഹുവിനെ ധീരനും പ്രഗത്ഭനുമായ പോരാളി എന്ന് വിശേഷിപ്പിച്ച ട്രംപ്, അദ്ദേഹമല്ലാതെ മറ്റാര് വന്നാലും അത് 'തെറ്റായ നേതൃത്വമായിരിക്കും' എന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇറാനെതിരായ ദൗത്യം ഉടൻ പൂർത്തിയാക്കേണ്ടതുണ്ട്, നെതന്യാഹുവല്ലാതെ മറ്റാരെങ്കിലും അധികാരത്തിലെത്തിയാൽ യു.എസിന് ഒറ്റയ്ക്ക് ആ പണി ചെയ്യേണ്ടിവരും, പക്ഷേ അതിന് തനിക്ക് തീരെ താല്പര്യമില്ലെന്നും ട്രംപ് തുറന്നുപറഞ്ഞു.

ഇതോടെ, താൻ അധികാരത്തിൽ തിരിച്ചെത്തിയില്ലെങ്കിൽ ഇറാൻ യുദ്ധം പൂർത്തിയാക്കാൻ ട്രംപ് തയാറാവില്ലെന്ന നെതന്യാഹുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അമേരിക്കൻ പിന്തുണ ലഭിച്ചിരിക്കുകയാണ്. ഇസ്രായേലിന്റെ നിലനിൽപ്പ് തന്നെ ഈ തിരഞ്ഞെടുപ്പിലെ വിജയത്തെ ആശ്രയിച്ചാണെന്ന് വരുത്തിത്തീർക്കാനാണ് നെതന്യാഹു ശ്രമിക്കുന്നത്. എന്നാൽ, സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി രാജ്യത്തിന്റെ പരമാധികാരം അമേരിക്കയ്ക്കു മുന്നിൽ അടിയറവെച്ചുവെന്ന കടുത്ത ആക്ഷേപവുമായി പ്രതിപക്ഷം രംഗത്തെത്തിയതോടെ ഇസ്രായേൽ രാഷ്ട്രീയം പ്രക്ഷുബ്ധമായിരിക്കുകയാണ്.

ട്രംപിന്റെ ഈ പിന്തുണ ഇസ്രായേലിനോടുള്ള സ്‌നേഹമല്ല, മറിച്ച് സ്വന്തം താല്പര്യങ്ങൾ മുൻനിർത്തിയാണെന്ന് വലതുപക്ഷ പാർട്ടിയായ ഇസ്രായേൽ ബെയ്‌തേനു നേതാവ് അവിഗ്‌ദോർ ലീബർമാൻ പറഞ്ഞു. 'ഒരു പാവയെ വെച്ച് ഇസ്രായേലിനെ നിയന്ത്രിക്കുന്നതാണ് പ്രസിഡന്റ് ട്രംപിന് കൂടുതൽ സൗകര്യം' എന്നായിരുന്നു ലീബർമാന്റെ പരിഹാസം.

ഇറാനെ ആക്രമിക്കാൻ ട്രംപിന്മേൽ സമ്മർദം ചെലുത്തുന്നതിനു പകരം, തിരഞ്ഞെടുപ്പിനു മുന്നോടിയായി തനിക്കനുകൂലമായി എക്‌സിൽ കുറിപ്പിടാൻ നെതന്യാഹു ട്രംപിനോട് യാചിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് ആരോപിച്ചു.

ഡെമോക്രാറ്റ്സ് പാർട്ടി നേതാവ് യെയർ ഗോലാൻ ട്രംപിന്റെ രാഷ്ട്രീയ പക്വതയെത്തന്നെ ചോദ്യം ചെയ്തു. ഒക്ടോബർ ഏഴിലെ സുരക്ഷാവീഴ്ചകളുടെ ദുരന്തം ട്രംപ് നേരിട്ട് കണ്ടിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത നേതാവ് ആരാകണമെന്ന് തീരുമാനിക്കുന്നത് ഇസ്രായേലിലെ ജനങ്ങളാണെന്നും ട്രംപല്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, നെതന്യാഹു സർക്കാരിന് അവസാനമില്ലാത്ത യുദ്ധങ്ങൾ മാത്രമാണ് ആവശ്യമെന്നും കുറ്റപ്പെടുത്തി.

വോട്ടർമാരെ ഭയപ്പെടുത്തി വരുതിയിലാക്കാനുള്ള തന്ത്രമാണ് നെതന്യാഹു പയറ്റുന്നതെന്ന് ഹാരെറ്റ്‌സ് അടക്കമുള്ള മാധ്യമങ്ങൾ വിലയിരുത്തുന്നു. സ്വന്തം രാഷ്ട്രീയ ഭാവിക്കായി ഇറാനുമായി മറ്റൊരു യുദ്ധത്തിലേക്ക് രാജ്യത്തെ വലിച്ചിഴയ്ക്കുകയാണ് നെതന്യാഹുവെന്ന ആരോപണം ഇസ്രായേലിൽ ശക്തമാണ്.

ട്രംപിന്റെ ഈ അവസാനവട്ട പിന്തുണ നെതന്യാഹുവിന്റെ മുന്നണിക്ക് തിരഞ്ഞെടുപ്പിൽ മുൻതൂക്കം നൽകില്ലെന്നാണ് അഭിപ്രായ സർവേകൾ നൽകുന്ന സൂചന. 120 അംഗ നെസ്സറ്റിൽ (Knesset) സർക്കാർ രൂപീകരിക്കാൻ 61 സീറ്റുകളുടെ ഭൂരിപക്ഷം വേണം. എന്നാൽ, പുറത്തുവന്ന രണ്ട് പ്രധാന സർവേകളും തൂക്കുസഭയിലേക്കാണ് വിരൽചൂണ്ടുന്നത്.

ഭൂരിഭാഗം വോട്ടർമാരും ഭരണമാറ്റം ആഗ്രഹിക്കുന്നതായും ഒക്ടോബർ ഏഴിലെ സുരക്ഷാവീഴ്ചയിൽ നെതന്യാഹുവിന് നേരിട്ട് ഉത്തരവാദിത്തമുണ്ടെന്നും സർവേഫലങ്ങൾ വ്യക്തമാക്കുന്നു.

ഹീബ്രു സർവകലാശാല നടത്തിയ സർവേ പ്രകാരം, മൂന്നിലൊന്ന് ആളുകൾ മാത്രമാണ് തിരഞ്ഞെടുപ്പിനു ശേഷവും നെതന്യാഹു അധികാരത്തിൽ തുടരണമെന്ന് ആഗ്രഹിക്കുന്നത്. ബാക്കി മൂന്നിൽ രണ്ടു ഭാഗവും മറ്റൊരു നേതാവ് പ്രധാനമന്ത്രിയാകണമെന്ന് താല്പര്യപ്പെടുന്നു; ഇതിൽ ഭൂരിഭാഗം പേരും പിന്തുണയ്ക്കുന്നത് പ്രധാന പ്രതിപക്ഷ സ്ഥാനാർഥിയും മുൻ സൈനിക മേധാവിയുമായ ഗാദി ഐസൻകോട്ടിനെയാണ്.

ഐസൻകോട്ടിന്റെ യാഷർ പാർട്ടി നെതന്യാഹുവിന്റെ ലിക്കുഡിനേക്കാൾ ബഹുദൂരം മുന്നിലാണ്. ട്രംപിന്റെ പ്രസ്താവനയോട് വളരെ പക്വതയോടെയാണ് ഐസൻകോട്ട് പ്രതികരിച്ചത്. ഇസ്രായേലിന്റെ സുരക്ഷയ്ക്കുള്ള യു.എസ്. പിന്തുണയെ അഭിനന്ദിച്ച അദ്ദേഹം, ഇസ്രായേൽ ഒരു ജനാധിപത്യ രാജ്യമാണെന്നും അടുത്ത സർക്കാരിനെ തീരുമാനിക്കുന്നത് ജനങ്ങളാണെന്നും ഓർമിപ്പിച്ചു. വോട്ടെടുപ്പിന് ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ ഇറാനുമായി ബന്ധപ്പെട്ട് അടിയന്തര നീക്കങ്ങൾ നടത്തേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നും ഐസൻകോട്ട് വ്യക്തമാക്കി.

ട്രംപിന്റെ പിന്തുണ ലിക്കുഡ് പാർട്ടിയുടെ തോൽവിയുടെ ആഘാതം അല്പം കുറച്ചേക്കാം. എങ്കിലും, ഒക്ടോബർ ഏഴിലെ സുരക്ഷാപരാജയവും രാജ്യത്തെ കടുത്ത സാമ്പത്തിക-സാമൂഹിക ധ്രുവീകരണവും നെതന്യാഹുവിനെതിരായ ജനവികാരമായി നിലനിൽക്കുന്നു. സ്വന്തം അധികാരക്കസേര നിലനിർത്താൻ അമേരിക്കൻ പ്രസിഡന്റിന്റെ ഭീഷണിയെ കൂട്ടുപിടിച്ച നെതന്യാഹുവിന്റെ നടപടി, ചാഞ്ചാടിനിൽക്കുന്ന ഇസ്രായേലി വോട്ടർമാരെ അദ്ദേഹത്തിൽനിന്ന് കൂടുതൽ അകറ്റുമോ അതോ ഭയം വിതച്ച് വിജയം കൊയ്യുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

Content Highlights: Donald Trump publicly endorsed Benjamin Netanyahu ahead of the October 27 Israel election., Trump claimed Netanyahu is essential to finish the mission against Iran., Israeli opposition leaders slammed the endorsement as foreign interference and desperation., Polls indicate a hung parliament and widespread voter desire for a change in leadership.