അടുത്ത യുഎൻ മേധാവി ആര്? ചരിത്രം സൃഷ്ടിക്കാൻ റെബേക്ക; ഇസ്രയേലുമായി ബന്ധം,ട്രംപ് കനിയണം

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ എന്ന നിലയിലുള്ള അന്റോണിയോ ഗുട്ടെറസിന്റെ രണ്ടാമത്തെ അഞ്ച് വർഷത്തെ കാലാവധി ഡിസംബർ 31-ന് അവസാനിക്കാൻ പോകുകയാണ്. ഇതോടെ അദ്ദേഹത്തിന്റെ പിൻഗാമിയെ കണ്ടെത്തുന്നതിനുള്ള നീക്കങ്ങളും അന്തിമഘട്ടത്തിലേക്കെത്തിയിട്ടുണ്ട്. യു.എൻ രക്ഷാസമിതിയുടെ ശുപാർശപ്രകാരം പൊതുസഭയുടെ അംഗീകാരത്തോടെ 2027 ജനുവരി ഒന്നിന് പുതിയ സെക്രട്ടറി ജനറൽ ചുമതലയേൽക്കണം.
യുഎൻ രക്ഷാ സമിതിയിലെ അംഗങ്ങൾക്കിടയിൽ നടന്ന തുടർച്ചയായ അനൗദ്യോഗിക വോട്ടെടുപ്പുകളിൽ, മറ്റുപേരുകൾ പിന്തള്ളി ഒരു പേര് നിരന്തരം മുന്നിലെത്തുന്നുവെന്ന് റോയിട്ടേഴ്സും അൽ ജസീറയും റിപ്പോർട്ട് ചെയ്യുന്നു. കോസ്റ്റാറിക്കൻ മുൻ വൈസ് പ്രസിഡന്റും നയതന്ത്രജ്ഞയായ റെബേക്ക ഗ്രിൻസ്പാനാണിത്.
70 വയസ്സുകാരിയായ റെബേക്ക ഗ്രിൻസ്പാൻ മറ്റ് സ്ഥാനാർത്ഥികളെ പിന്തള്ളി വിജയിക്കുകയാണെങ്കിൽ, യുഎൻ സെക്രട്ടറി ജനറൽ പദവിയിലെത്തുന്ന ആദ്യത്തെ വനിതയും ആദ്യത്തെ ജൂത വ്യക്തിയുമായി മാറും. ഐക്യരാഷ്ട്രസഭയുടെ പ്രധാന വ്യാപാര ഏജൻസിയായ യുഎൻസിടിഎഡിയുടെ സെക്രട്ടറി ജനറൽ കൂടിയാണവർ. അനൗദ്യോഗിക ചർച്ചകളിലും വോട്ടെടുപ്പിലും മുൻപന്തിയിലെത്തിയിട്ടുണ്ടെങ്കിലും യുഎന്നിലെ വീറ്റോ അധികാരമുള്ള രാജ്യങ്ങൾ കനിഞ്ഞാലേ റെബേക്ക ഗ്രിൻസ്പാന് വിജയിക്കാൻ കഴിയുകയുള്ളൂ.
യുഎഇക്കാരിയായ ലാന നുസൈബെ, തുർക്കിയിലെ ഫെരിദുൻ ഹാദി സിനിർലിയോഗ്ലു എന്നിവർ വൈകി മത്സരരംഗത്തേക്ക് കടന്നുവന്നത്, ഈ പോരാട്ടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചിരിക്കുകയാണ്. ആകെ എട്ട് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.
സ്ഥാനാർഥികളും അനൗദ്യോഗിക വോട്ടെടുപ്പും
ഐക്യരാഷ്ട്ര പൊതുസഭയ്ക്ക് ഔദ്യോഗിക ശുപാർശ നൽകുന്നതിന് മുൻപായി, സ്ഥാനാർത്ഥികളുടെ സ്വീകാര്യത വിലയിരുത്തുന്നതിനായി യുഎൻ രക്ഷാസമിതി അനൗദ്യോഗിക വോട്ടെടുപ്പുകൾ നടത്തിവരുന്നുണ്ട്. നവംബർ 5-ന് നടന്ന എട്ടാം റൗണ്ട് വോട്ടെടുപ്പിൽ എട്ട് സ്ഥാനാർത്ഥികളാണ് പങ്കെടുത്തത്.
ഇവോൺ എ-ബാക്കി (ഇക്വഡോർ), മരിയ ഫെർണാണ്ട എസ്പിനോസ ഗാർസെസ് (ഇക്വഡോർ), റാഫേൽ മരിയാനോ ഗ്രോസി (അർജന്റീന), റെബേക്ക ഗ്രിൻസ്പാൻ (കോസ്റ്റാറിക്ക), ലാന സാക്കി നുസൈബെ (യുഎഇ), ഒലാറ ഒട്ടുനു (യുഗാണ്ട), കരോലിൻ റോഡ്രിഗസ് ബിർക്കറ്റ് (ഗയാന), ഫെരിദൂൻ ഹാദി സിനിർലിയോഗ്ലു (തുർക്കി). എട്ടാം റൗണ്ടിലെ വോട്ടെടുപ്പിലെ ഫലങ്ങൾ പ്രകാരം റെബേക്ക ഗ്രിൻസ്പാൻ മുന്നിലെത്തി. ഗ്രോസി, ബിർക്കറ്റ്, നുസൈബെ എന്നിവരാണ് തൊട്ടുപിന്നിലായി എത്തിയത്.
ഏറ്റവും ഒടുവിലായി നടന്ന വോട്ടെടുപ്പ് നടന്നത് വേർതിരിവില്ലാത്ത രീതിയിലായിരുന്നു. വീറ്റോ അധികാരമുള്ള രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾ റെബേക്ക ഗ്രിൻസ്പാനെതിരെ വോട്ട് ചെയ്തിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഏതെങ്കിലും ഒരു സ്ഥാനാർത്ഥിയെ ഔദ്യോഗികമായി ശുപാർശ ചെയ്യണമെങ്കിൽ ഒമ്പത് അനുകൂല വോട്ടുകളും, ഒപ്പം പി 5 (വീറ്റോ അധികാരമുള്ള രാജ്യങ്ങൾ) അംഗങ്ങളിൽ ആരിൽ നിന്നും വീറ്റോ വരാതിരിക്കുകയും വേണം.
അടുത്ത ഘട്ടത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് വേർതിരിച്ചിട്ടാകും നടക്കുകയെന്നാണ് യുഎൻ വൃത്തങ്ങൾ പറയുന്നത്. സ്ഥിരം അംഗങ്ങളുടെ വോട്ടുകളും സ്ഥിരാംഗങ്ങളല്ലാത്തവരുടെ വോട്ടുകളും തമ്മിൽ വേർതിരിച്ചറിയാൻ ഈ രീതി സഹായിക്കും. അനൗദ്യോഗിക വോട്ടെടുപ്പിൽ മുന്നിലെത്തിയെങ്കിലും റബേക്ക ഗ്രിൻസ്പാന് മുന്നിൽ വെല്ലുവിളികളേറെയാണ്. അതിൽ ഏറ്റവും പ്രധാനമാണ് യുഎൻ എന്ന സംവിധാനം ആവശ്യമില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച ഡൊണാൾഡ് ട്രംപിനെ അനുനയിപ്പിക്കുക എന്നത്.
അതേസമയം അവസാനമായി നടന്ന റൗണ്ടിൽ യുഎസും റഷ്യയും യുഎഇയുടെ സ്ഥാനാർത്ഥിയായ ലാന നുസൈബെയെ ആണ് പിന്തുണച്ചതെന്ന റിപ്പോർട്ടുകളും ഉണ്ട്. ഫ്രാൻസും യുകെയും ഇതിന് കാര്യമായ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ലെന്നും നയതന്ത്രജ്ഞരെ ഉദ്ധരിച്ച് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൈനയാണ് വീറ്റോ അധികാരമുള്ള മറ്റൊരു രാജ്യം. ആരെയും പരസ്യമായി പിന്തുണച്ചിട്ടില്ലെങ്കിലും, ലാറ്റിൻ അമേരിക്കൻ സ്ഥാനാർത്ഥിക്കാണ് തങ്ങളുടെ മുൻഗണന എന്ന് ചൈന സൂചിപ്പിച്ചതായി 'ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു.
ട്രംപിനെ അനുനയിപ്പിക്കാനും പിന്തുണ തേടാനും റെബേക്കയ്ക്ക് യുഎൻ സംവിധാനത്തിൽ പരിഷ്കരണവും പുനഃസംഘടനയും നടത്തുമെന്ന വാഗ്ദ്ധാനം നൽകേണ്ടി വരുമെന്നാണ് നയതന്ത്രജ്ഞർ പറയുന്നത്.
ഇസ്രയേലുമായി ബന്ധം
ഹോളോകോസ്റ്റ് കാലഘട്ടത്തിൽ സെൻട്രൽ അമേരിക്കയിലേക്ക് പലായനം ചെയ്ത പോളിഷ് ജൂത അഭയാർത്ഥികളുടെ മകളായ ഗ്രിൻസ്പാനിന് ഇസ്രയേലിൽ അടുത്ത കുടുംബബന്ധങ്ങളുണ്ട്. അവർ അവിടെയാണ് പഠിച്ചത്. അവരുടെ സഹോദരി വർഷങ്ങളായി അവിടെയാണ് താമസിക്കുന്നത്. സഹോദരന്റെയും സഹോദരിയുടെയും മക്കൾ ഇസ്രയേൽ സൈന്യത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
എങ്കിലും, ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യപരമായ യുദ്ധത്തെക്കുറിച്ചുള്ള അവരുടെ നിലപാട് ഐക്യരാഷ്ട്രസഭയുടെ നിലപാടിനോട് ഏറെക്കുറെ യോജിച്ചുപോകുന്നതാണ്. 2023 ഒക്ടോബറിൽ ഹമാസ് നടത്തിയ ആക്രമണത്തെ അവർ അപലപിച്ചിട്ടുണ്ട്. അതേസമയം, ഗാസയിൽ ഇസ്രയേൽ നടത്തിയ യുദ്ധത്തിൽ വെടിനിർത്തലിന് അവർ ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുമുണ്ട്.
യുഎൻസിടിഎഡിന്റെ മേധാവിയായി ഗ്രിൻസ്പാൻ പ്രവർത്തിക്കുന്ന കാലയളവിൽ, ഇസ്രയേലിന്റെ നയങ്ങൾ പലസ്തീൻ സമ്പദ്വ്യവസ്ഥയുടെ തകർച്ചയ്ക്ക് കാരണമായെന്ന് മുന്നറിയിപ്പ് നൽകുന്ന നിരവധി റിപ്പോർട്ടുകൾ ഈ സംഘടന പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Content Highlights: Antonio Guterres's second term as UN Secretary-General ends on December 31., Former Costa Rican VP Rebeca Grynspan leads the informal straw polls for the new UN Chief., If elected, she will be the first female and first Jewish person to hold the post., She faces diplomatic challenges including navigating US stance and UN reforms.