നെതന്യാഹുവിന്റെ കസേര തെറുപ്പിക്കാൻ കച്ചകെട്ടിയ അറബ് ഡോക്ടർ; ഇസ്രയേൽ തിരഞ്ഞെടുപ്പിലെ കറുത്ത കുതിരയായ 'റാം' പാർട്ടി

#സ്വന്തം ലേഖകൻ
മന്‍സൂര്‍ അബ്ബാസ്, ബെഞ്ചമിന്‍ നെതന്യാഹു
മന്‍സൂര്‍ അബ്ബാസ്, ബെഞ്ചമിന്‍ നെതന്യാഹു

2021 ജൂൺ രണ്ട്, രാത്രി….ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലെ ഒരു ഹോട്ടൽമുറിയിൽ വിരുദ്ധ രാഷ്ട്രീയ ചേരികളിലുള്ള മൂന്നുപേർ ഒരു കരാറിൽ ഒപ്പിടാൻ ഒത്തുകൂടി. രണ്ടുപേർ ഇസ്രയേലിന്റെ മുഖ്യധാരാ സയണിസ്റ്റ് രാഷ്ട്രീയത്തിലെ പ്രമുഖർ. തീവ്ര വലതുപക്ഷക്കാരനായ നഫ്താലി ബെന്നറ്റും മിതവാദിയായ യായിർ ലാപിഡും. മൂന്നാമൻ ഒരു അറബ് മുസ്ലിം ദന്തഡോക്ടറായിരുന്നു, ഗലീലിയിലെ മഘാർ എന്ന ഗ്രാമത്തിൽനിന്ന് വന്ന് ഇസ്രയേൽ രാഷ്ട്രീയത്തിലെ അറബ് മുഖമായി മാറിയ യുണൈറ്റഡ് അറബ് ലിസ്റ്റ് അഥവാ 'റാം' (Ra'am) പാർട്ടിയുടെ തലവൻ മൻസൂർ അബ്ബാസ്.

അന്ന് അവർ ഒപ്പിട്ട കരാർ ഇസ്രയേലിന്റെ രാഷ്ട്രീയത്തിൽ വലിയ കോളിളക്കമുണ്ടാക്കി. തോൽവിയറിയാത്ത മാന്ത്രികനെന്നും 'ഇസ്രയേലിന്റെ രാജാവ്' എന്നും അനുയായികൾ വാഴ്ത്തിപ്പാടിയിരുന്ന ബെഞ്ചമിൻ നെതന്യാഹുവിന്റെ 2009 മുതലുള്ള പന്ത്രണ്ട് വർഷത്തെ തുടർഭരണം അവസാനിപ്പിക്കാനുള്ള നീക്കമായിരുന്നു അത്.

ഇസ്രയേലിന്റെ 73 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു സ്വതന്ത്ര അറബ് പാർട്ടി ജൂതന്മാർമാത്രം നയിച്ചിരുന്ന ഭരണസഖ്യത്തിന്റെ ഭാഗമായി മാറി. 'ഇസ്രയേൽ പാർലമെന്റും സമൂഹവും ജൂതന്മാർക്കും അറബികൾക്കുമിടയിൽ പണിതുയർത്തിയ ആദ്യത്തെ കോൺക്രീറ്റ് മതിൽ തകർന്നു വീണിരിക്കുന്നു' എന്നായിരുന്നു പ്രമുഖ ഇസ്രയേലി പത്രമായ യെദിയോത് അഹ്‌റോനോത് അന്ന് എഴുതിയത്.

എന്നാൽ, ഈ അട്ടിമറിയെക്കാളും വലിയൊരു അട്ടിമറി നടത്തിയിട്ടാണ് മൻസൂർ അബ്ബാസ് അന്ന് രാത്രി ആ ഹോട്ടലിൽ എത്തിയത്. ഇസ്ലാമിസ്റ്റ് പാരമ്പര്യമുള്ള ഒരു അറബ് പാർട്ടിക്ക് ഇസ്രയേൽ രാഷ്ട്രീയത്തിൽ ആദ്യമായി മാന്യത കൽപ്പിച്ചുനൽകിയത് സാക്ഷാൽ നെതന്യാഹു തന്നെയായിരുന്നു! അധികാരം നിലനിർത്താൻ ഏത് വിട്ടുവീഴ്ചയ്ക്കും തയ്യാറായ നെതന്യാഹു, തനിക്ക് ഭൂരിപക്ഷം തികയ്ക്കാൻ തൊട്ടുമുമ്പ് മൻസൂർ അബ്ബാസുമായി തന്റെ ഔദ്യോഗിക വസതിയിൽ രഹസ്യചർച്ചകൾ നടത്തുകയും സഖ്യത്തിനായി അബ്ബാസിനെ നേരിട്ട് ക്ഷണിക്കുകയും ചെയ്തിരുന്നു.

ഇസ്രയേൽ രാഷ്ട്രീയത്തിൽ അറബ് പാർട്ടികൾക്കുമേൽ അതുവരെ കൽപ്പിച്ചിരുന്ന രാഷ്ട്രീയ അയിത്തം നെതന്യാഹു സ്വന്തം കൈകൊണ്ടുതന്നെ ഇല്ലാതാക്കി. എന്നാൽ, നെതന്യാഹുവിന്റെ വലയിൽ വീഴുന്നതിനുപകരം, അദ്ദേഹത്തിന്റെ ബദ്ധവൈരികൾക്കൊപ്പം ചേർന്ന് നെതന്യാഹുവിനെ ഭരണത്തിൽനിന്ന് പുറത്താക്കാനാണ് അബ്ബാസ് ആ അവസരം ഉപയോഗിച്ചത്.

വർഷങ്ങൾക്കിപ്പുറം, യുദ്ധക്കെടുതികൾക്കിടയിൽ രാജ്യം മറ്റൊരു പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോഴും ഇസ്രയേലിന്റെ രാഷ്ട്രീയ നാടകവേദിയിൽ കാര്യമായ മാറ്റമൊന്നുമില്ല. നെതന്യാഹുവിന്റെ രാഷ്ട്രീയഭാവിയുടെ ഒരു ചരടെങ്കിലും ഇപ്പോഴും ചെന്നുനിൽക്കുന്നത് ആ പഴയ ദന്തഡോക്ടറുടെയും ഇസ്രയേലിലെ അറബ് വോട്ടർമാരുടെയും കൈകളിൽത്തന്നെയാണ്.

ടെൽ അവീവിൽനിന്ന് മറ്റ് നഗരങ്ങളിലേക്കുള്ള ഹൈവേകളിലൂടെ സഞ്ചരിക്കുന്ന ആരുടെയും കണ്ണിലുടക്കും നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ പരസ്യബോർഡുകൾ. കറുപ്പും നീലയും കലർന്ന പശ്ചാത്തലത്തിൽ നെതന്യാഹുവിന്റെ ഗൗരവമേറിയ ചിത്രത്തിന് തൊട്ടടുത്തായി പ്രതിപക്ഷ നേതാക്കൾക്കൊപ്പം മൻസൂർ അബ്ബാസിന്റെ പുഞ്ചിരിക്കുന്ന മുഖം കാണാം. താഴെ ഹീബ്രുവിൽ വലിയ അക്ഷരങ്ങളിൽ കുറിച്ചിരിക്കുന്നു: 'യാമിൻ ഓ ഫിലസ്തീൻ?' (വലതുപക്ഷമോ പലസ്തീനോ?).

ഹമാസിനെയോ ഹിസ്ബുള്ളയെയോ ഇറാനെയോ അല്ല, മറിച്ച് മൻസൂർ അബ്ബാസ് എന്ന ഈ മിതവാദിയായ രാഷ്ട്രീയക്കാരനെയാണ് നെതന്യാഹു ഇത്തവണ തന്റെ ഏറ്റവും വലിയ പ്രചാരണായുധമാക്കിയിരിക്കുന്നത്. 'ഞാൻ അധികാരത്തിൽനിന്ന് പുറത്തായാൽ രാജ്യത്തിന്റെ അധികാരം പിടിച്ചെടുക്കുന്നത് ഈ അറബ് പാർട്ടിയായിരിക്കും, അവർ ഇസ്രയേലിനെ ഉള്ളിൽനിന്ന് തകർക്കും,' എന്നാണ് സ്വന്തം വോട്ടുബാങ്കായ തീവ്ര ജൂത ദേശീയവാദികൾക്കിടയിൽ നെതന്യാഹു നടത്തുന്ന പ്രചാരണം.

തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ മുഖ്യ എതിരാളിയായ മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ട് പുൽത്തകിടിയിലൂടെ ഓടിവന്ന് മൻസൂർ അബ്ബാസിനെ ആലിംഗനം ചെയ്യുന്ന വ്യാജ എ.ഐ. വീഡിയോകൾവരെ നെതന്യാഹുവിന്റെ തിരഞ്ഞെടുപ്പ് സെൽ നിർമിച്ച് പ്രചരിപ്പിച്ചു.

ഇസ്രയേലിലെ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകൾ

എന്നാൽ, ഈ കടുത്ത ആക്രമണങ്ങൾക്കിടയിലും അബ്ബാസ് പതറുന്നില്ല. 'അധികാരത്തിന്റെ തീൻമേശയിലെ അനാഥരായി ഞങ്ങളിനി തുടരില്ല,' എന്നാണ് വടക്കൻ ഇസ്രയേലിലെ ബെദൂയിൻ ഗ്രാമമായ തൂബ-സംഗരിയയിൽ ഒത്തുകൂടിയ നൂറുകണക്കിന് അറബ് വോട്ടർമാർക്കുമുന്നിൽ അദ്ദേഹം പ്രഖ്യാപിച്ചത്. പാർലമെന്റിന് പുറത്തുനിന്ന് വെറുതെ മുദ്രാവാക്യം വിളിക്കുന്നതിനുപകരം, അധികാരത്തിന്റെ അകത്തളങ്ങളിലിരുന്ന് സ്വന്തം ജനതയുടെ അവകാശങ്ങൾ ചോദിച്ചുവാങ്ങുന്ന പ്രായോഗിക രാഷ്ട്രീയമാണ് തന്റേതെന്ന് അദ്ദേഹം അടിവരയിടുന്നു.

ഇസ്രയേലിലെ അറബികൾ

ഇസ്രയേലിന്റെ അതിർത്തിക്കുള്ളിൽ, ഇസ്രയേൽ പൗരന്മാരായി ജീവിക്കുന്ന ലക്ഷക്കണക്കിന് അറബികളുണ്ട്; ഇസ്രയേലിലെ ആകെ ജനസംഖ്യയുടെ 21 ശതമാനത്തോളം വരുമിത്. 1948-ലെ യുദ്ധത്തിനും പലായനങ്ങൾക്കും ശേഷവും തങ്ങളുടെ മണ്ണിൽ വേരറ്റുപോകാതെ ഉറച്ചുനിന്ന പലസ്തീനികളുടെ പിൻമുറക്കാരാണിവർ. ഇസ്രയേൽ പാസ്‌പോർട്ടും വോട്ടവകാശവുമുള്ള ഇവർക്ക് രാജ്യത്തിന്റെ പാർലമെന്റായ നെസെറ്റിലേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനും വോട്ടുചെയ്യാനുമുള്ള ഭരണഘടനാപരമായ അവകാശമുണ്ട്.

ഇസ്രയേൽ പാർലമെന്റിൽ ആകെ 120 സീറ്റുകളാണുള്ളത്. കേവലഭൂരിപക്ഷത്തിന് 61 സീറ്റുകൾ വേണം. ആനുപാതിക പ്രാതിനിധ്യ സമ്പ്രദായം നിലനിൽക്കുന്നതിനാൽ ഇസ്രയേലിന്റെ ചരിത്രത്തിൽ ഇന്നുവരെ ഒരു കക്ഷിക്കും ഒറ്റയ്ക്ക് 61 സീറ്റുകൾ തികയ്ക്കാനായിട്ടില്ല. എപ്പോഴും ഒന്നിലധികം ചെറുപാർട്ടികൾ ചേരുന്ന മുന്നണിഭരണമാണ്  നടക്കാറുള്ളത്.

നിലവിലെ രാഷ്ട്രീയചിത്രം പരിശോധിച്ചാൽ, നെതന്യാഹു നയിക്കുന്ന തീവ്ര വലതുപക്ഷസഖ്യവും ഗാഡി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യവും തമ്മിൽ കഠിനമായ പോരാട്ടമാണ് നടക്കുന്നത്. ഏറ്റവും പുതിയ സർവേകൾ പ്രകാരം പ്രതിപക്ഷ മുന്നണിക്ക് 52 സീറ്റുകളും നെതന്യാഹുവിന്റെ മുന്നണിക്ക് 50 സീറ്റുകളുമാണ് പ്രവചിക്കപ്പെടുന്നത്. അതായത്, ഇരുമുന്നണികൾക്കും ഒറ്റയ്ക്ക് 61 തൊടാനാവില്ല.

ഇവിടെയാണ് അറബ് വോട്ടുകളുടെ വിലപേശൽശേഷി നിർണായകമാകുന്നത്. മൻസൂർ അബ്ബാസിന്റെ റാം പാർട്ടി 5 സീറ്റുകളിലും അഹമ്മദ് തിബിയുടെ നേതൃത്വത്തിലുള്ള മറ്റ് അറബ് പാർട്ടികളുടെ സഖ്യമായ ജോയിന്റ് ലിസ്റ്റ് 8 സീറ്റുകളിലും വിജയിക്കുമെന്നാണ് സർവേകൾ പറയുന്നത്. ചുരുക്കത്തിൽ, അറബ് എം.പി.മാരുടെ പിന്തുണയില്ലാതെ ഇസ്രയേലിൽ ഒരു പുതിയ സർക്കാർ രൂപീകരിക്കുക എന്നത് നിലവിൽ അസാധ്യമാവും.

നിർബന്ധിത സൈനിക സേവനത്തിൽനിന്നുള്ള ഇളവുകളെച്ചൊല്ലി നെതന്യാഹുവിന്റെ വിശ്വസ്ത പങ്കാളികളായ ഷാസ്, യുണൈറ്റഡ് തോറ ജൂഡായിസം തുടങ്ങിയ തീവ്രജൂത പാർട്ടികൾ സഖ്യത്തിൽനിന്ന് അകന്നുനിൽക്കുന്നതും നെതന്യാഹുവിന്റെ നില കൂടുതൽ പരുങ്ങലിലാക്കുന്നു.

2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ മിന്നലാക്രമണവും അതിനെത്തുടർന്ന് ഗാസയിൽ ഇസ്രയേൽ അഴിച്ചുവിട്ട വിനാശകരമായ യുദ്ധവും ഇസ്രയേൽ സമൂഹത്തിന്റെ മനസ്സാക്ഷിയെ അടിമുടി കീറിമുറിച്ചുകളഞ്ഞു. പ്രത്യേകിച്ച്, രാജ്യത്തെ ജൂത-അറബ് വംശീയബന്ധങ്ങളിൽ ഇതുണ്ടാക്കിയ സാമൂഹികവിള്ളലുകൾ അതിഭീകരമായിരുന്നു. ഇസ്രയേലിലെ സാധാരണ ജൂത പൗരന്മാർ തങ്ങളുടെ അയൽക്കാരായ അറബ് പൗരന്മാരെപ്പോലും വലിയ ഭീതിയോടെയും അവിശ്വാസത്തോടെയുമാണ് കാണുന്നത്. അറബ് പൗരന്മാരെയെല്ലാം രാജ്യത്തെ ഒറ്റുകാരായി കാണുന്ന ഒരു മനോഭാവം ജൂതസമൂഹത്തിൽ പടർന്നുപിടിച്ചു.

നെതന്യാഹു മന്ത്രിസഭയിലെ തീവ്രവംശീയവാദികളായ ബെസാലെൽ സ്‌മോട്രിച്ചും ഇതാമർ ബെൻ-ഗ്വിറും ഈ അകൽച്ചയെ പരമാവധി മുതലെടുത്തു. വെസ്റ്റ് ബാങ്കിലെ തീവ്രജൂതർ നയിക്കുന്ന അനധികൃത കുടിയേറ്റങ്ങൾക്ക് സമാനമായി, അറബികൾ തിങ്ങിപ്പാർക്കുന്ന നസ്രത്തിലും ഗലീലിയിലും 'ജൂതവത്കരണം' വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി സ്‌മോട്രിച്ച് പരസ്യമായി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനെ ഉപയോഗിച്ച് അറബ് പാർട്ടികളെയും സ്ഥാനാർഥികളെയും മത്സരരംഗത്തുനിന്ന് വിലക്കാൻ ഇവർ ആവതുശ്രമിച്ചെങ്കിലും സുപ്രീംകോടതിയുടെ ശക്തമായ ഇടപെടലിലൂടെയാണ് ആ നീക്കം തടയപ്പെട്ടത്.

ഈ തീവ്രമായ വംശീയധ്രുവീകരണത്തിന്റെ കൊടുങ്കാറ്റിനിടയിലും മൻസൂർ അബ്ബാസ് സ്വീകരിച്ച നിലപാട് അങ്ങേയറ്റം സങ്കീർണമായിരുന്നു. ഒക്ടോബർ 7-ലെ ആക്രമണം നടന്ന അന്നുതന്നെ അതിനെ ശക്തമായി അപലപിച്ച അബ്ബാസ്, യുദ്ധഭൂമിയിൽനിന്ന് പലായനം ചെയ്ത ജൂതകുടുംബങ്ങൾക്ക് സുരക്ഷിതതാവളങ്ങൾ ഒരുക്കാൻ മുന്നിട്ടിറങ്ങി. അക്രമവും രക്തച്ചൊരിച്ചിലും പലസ്തീൻ ജനതയ്ക്ക് നാശം മാത്രമേ വരുത്തിവെക്കൂ എന്ന് അദ്ദേഹം തുറന്നുപറഞ്ഞു.

ഇസ്രയേലിലെ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകൾ

ഇത് തീവ്ര വലതുപക്ഷത്തെ ഒതുക്കാൻ സഹായിച്ചില്ലെന്ന് മാത്രമല്ല, സ്വന്തം സമൂഹത്തിൽനിന്ന് അദ്ദേഹത്തിനുനേരെ കടുത്ത വിമർശനങ്ങളുയരുകയും ചെയ്തു. പതിനായിരക്കണക്കിന് നിരപരാധികളായ പലസ്തീനികൾ ഗാസയിൽ കൊലചെയ്യപ്പെടുമ്പോൾ അബ്ബാസ് മൃദുസമീപനം സ്വീകരിക്കുന്നുവെന്നും സയണിസ്റ്റ് പാർട്ടികളുടെ പ്രീതിക്കായി സ്വന്തം സ്വത്വം പണയംവെക്കുന്നുവെന്നും മറ്റ് അറബ് കക്ഷികൾ കുറ്റപ്പെടുത്തി. എന്നാൽ, വൈകാരികമായ വിലാപങ്ങൾക്കപ്പുറം പ്രായോഗികമായ അവകാശപ്പോരാട്ടങ്ങളാണ് തന്റെ ജനതയ്ക്ക് ആവശ്യമെന്ന നിലപാടിൽ അബ്ബാസ് ഉറച്ചുനിന്നു.

ഇസ്രയേലിലെ അറബ് പൗരന്മാരെ സംബന്ധിച്ച് അവരുടെ ദൈനംദിനജീവിതത്തിലെ ഏറ്റവും വലിയ ശാപം ഗാസയിലെ യുദ്ധം മാത്രമല്ല; സ്വന്തം തെരുവുകളിലെ ക്രിമിനൽ സംഘങ്ങളുടെ തേർവാഴ്ചയാണ്. ഇസ്രയേൽ പോലീസിന്റെ ബോധപൂർവമായ അനാസ്ഥയും ഭരണകൂടത്തിന്റെ വിവേചനപരമായ നയങ്ങളും കാരണം അറബ് നഗരങ്ങളിൽ ഗുണ്ടാക്കൊലപാതകങ്ങൾ നിത്യസംഭവമായി മാറി. മാഫിയ കുടിപ്പകകളിൽപ്പെട്ട് കഴിഞ്ഞ ഒരു വർഷത്തിനിടെമാത്രം 252 അറബ് പൗരന്മാരാണ് വെടിയേറ്റുമരിച്ചത്. പലസ്തീൻ കുടുംബങ്ങൾക്ക് സ്വന്തം ഭൂമിയിൽ വീടുവെക്കാൻ അനുവാദം നൽകാതെ പിഴ ചുമത്തുകയും വീടുകൾ ഇടിച്ചുനിരത്തുകയും ചെയ്യുന്ന കുപ്രസിദ്ധമായ നിയമവും അവരുടെ ജീവിതത്തെ വീർപ്പുമുട്ടിക്കുന്നു.

ഈ ദുരിതത്തിന് പരിഹാരം കാണാൻ അബ്ബാസ് എടുത്ത ഒരു രാഷ്ട്രീയതീരുമാനം ഇസ്രയേലിനെ ഒന്നടങ്കം ഞെട്ടിക്കുന്നതായിരുന്നു. മുൻ പോലീസ് കമാൻഡറും ഡെപ്യൂട്ടി ആഭ്യന്തര സുരക്ഷാ മന്ത്രിയുമായിരുന്ന യോവ് സെഗലോവിറ്റ്സ് എന്ന ജൂത രാഷ്ട്രീയക്കാരനെ റാം പാർട്ടിയിലെ രണ്ടാമനായി അബ്ബാസ് പ്രഖ്യാപിച്ചു.

ഒരു ഇസ്ലാമിസ്റ്റ് അറബ് പാർട്ടിയുടെ തിരഞ്ഞെടുപ്പുപട്ടികയിൽ ഒരു സയണിസ്റ്റ് മുൻ സൈനികോദ്യോഗസ്ഥൻ ഇടംപിടിക്കുന്നത് ഇസ്രയേൽ ചരിത്രത്തിലെ അദ്ഭുതമാണ്. സെഗലോവിറ്റ്സിന് അറബി അറിയില്ല; അബ്ബാസിന്റെ മതപരമായ യാഥാസ്ഥിതിക നിലപാടുകളോട് സെഗലോവിറ്റ്സിന് കടുത്ത വിയോജിപ്പുകളുമുണ്ട്. എന്നാൽ, ഇരുവരും ജനങ്ങളുടെ സുരക്ഷയ്ക്കായി ഒന്നിച്ച് കൈകോർക്കാൻ തീരുമാനിച്ചു. 'യഥാർഥ മാറ്റം ഉണ്ടാകണമെങ്കിൽ, നമ്മുടെ മുന്നിൽ നിൽക്കുന്ന മനുഷ്യനെ ഒരു ശത്രുവായി കാണാതെ മറ്റൊരു സഹജീവിയായി കാണാൻ നമുക്ക് സാധിക്കണം' എന്നാണ് നസ്രത്തിൽ സെഗലോവിറ്റ്സിനെ ചേർത്തുപിടിച്ചുകൊണ്ട് അബ്ബാസ് ഹീബ്രുവിൽ പറഞ്ഞത്. സംഘടിത കുറ്റകൃത്യങ്ങളെ ഇല്ലായ്മ ചെയ്യാനും അടിസ്ഥാന പൗരാവകാശങ്ങൾ നേടിയെടുക്കാനും ജൂത-അറബ് പങ്കാളിത്തം അനിവാര്യമാണെന്ന് തെളിയിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, പ്രതിപക്ഷ നേതാവായ ഗാഡി ഐസൻകോട്ട് പോലും തീവ്രജൂത വോട്ടർമാരുടെ അതൃപ്തി ഭയന്ന് 'അറബ് പാർട്ടികളുമായി നേരിട്ട് സഖ്യമുണ്ടാക്കില്ല' എന്ന് ഇപ്പോൾ പരസ്യമായി പ്രഖ്യാപിക്കുന്നുണ്ട്. എന്നാൽ, ലണ്ടനിലെ ചാഥം ഹൗസിലെ രാഷ്ട്രീയ നിരീക്ഷകനായ യോസി മെക്കൽബർഗ് ചൂണ്ടിക്കാണിക്കുന്നത് മറ്റൊന്നാണ്: 'അധികാരം നിലനിർത്താൻ കഴിയുമെങ്കിൽ ഈ നിമിഷം നെതന്യാഹു അബ്ബാസിന്റെ കൈപിടിക്കും. അതുപോലെതന്നെ, അധികാരം പിടിച്ചെടുക്കാൻ കഴിയാതെ വന്നാൽ പ്രതിപക്ഷവും ഈ അറബ് പാർട്ടിയുടെ കാൽക്കൽ വീഴും. ഇന്നവർ പുച്ഛിച്ചുതള്ളുന്ന അതേ പാർട്ടിയുടെ കൈകളിൽത്തന്നെയാണ് അവരുടെയും ഭാവി.'

ഇത്തവണ അറബ് വോട്ടർമാരുടെ പോളിങ് ശതമാനം കഴിഞ്ഞ തവണത്തേക്കാൾ ഗണ്യമായി ഉയരുമെന്നാണ് പ്രവചനങ്ങൾ. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ 56 ശതമാനത്തിൽനിന്ന് പോളിങ് 63 ശതമാനത്തിലേക്ക് കുതിച്ചുയരുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. തങ്ങളുടെ അസ്തിത്വത്തെത്തന്നെ ചോദ്യംചെയ്യുന്ന തീവ്രവലതുപക്ഷത്തെ അധികാരത്തിൽനിന്ന് താഴെയിറക്കാൻ ബാലറ്റ് മാത്രമാണ് ഏക ആയുധമെന്ന് സാധാരണ അറബ് ജനത തിരിച്ചറിയുന്നുണ്ട്.

ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ചോരചിന്തുന്ന യുദ്ധവാർത്തകൾക്കപ്പുറം, ഇസ്രയേലിന്റെ ആഭ്യന്തര ജനാധിപത്യം ശക്തിപ്പെടുത്താനുള്ള ഈ നിശ്ശബ്ദ പോരാട്ടം ഭരണകൂടത്തിന്റെ ഭാവി നിർണയിക്കും. കൂടുതൽ തീവ്രമാകുന്ന വംശീയവിദ്വേഷങ്ങൾക്കും അവസാനിക്കാത്ത ആക്രമണങ്ങൾക്കും ഇടയിൽ ഒരു ദന്തഡോക്ടറുടെ സൂക്ഷ്മതയോടെ മൻസൂർ അബ്ബാസ് നടത്തുന്ന ഈ രാഷ്ട്രീയപരീക്ഷണം വിജയിക്കുമോ എന്ന് ഒക്ടോബർ 27-ലെ തിരഞ്ഞെടുപ്പുഫലം വ്യക്തമാക്കും. തോക്കുകളേന്താതെ, ബാലറ്റിലൂടെ തങ്ങളുടെ സ്വരം ഉച്ചത്തിൽ കേൾപ്പിക്കാൻ ഒരു ന്യൂനപക്ഷ ജനത നടത്തുന്ന ഈ കരുനീക്കം ആധുനിക ജനാധിപത്യത്തിലെ ഏറ്റവും വിസ്മയകരമായ രാഷ്ട്രീയ പോരാട്ടമായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും.

Content Highlights: Mansour Abbas leads the Arab Islamist Ra'am party in Israel., Ra'am holds the balance of power in the tightly contested Israeli elections., Arab voter turnout is projected to rise to 63% to challenge right-wing extremism., Despite intense polarization, pragmatic Arab politics are reshaping the Knesset.