മലയാളി പുതിയ നൂറ്റാണ്ടിലേയ്ക്ക് പ്രവേശിക്കുമ്പോള്‍, കൊല്ലവര്‍ഷത്തിന്റെ പിറവിയും പ്രയാണവും

പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

ഓഗസ്റ്റ് പതിനേഴിന് കേരളം കണ്ണ് തുറന്നത് പുതിയ പ്രഭാതത്തിലേയ്ക്കല്ല, പുതിയൊരു നൂറ്റാണ്ടിലേയ്ക്കാണ്. മലയാള കലണ്ടറില്‍ പുതിയൊരു താള് മറയുമ്പോള്‍ കേരളക്കരയ്ക്കിത് പതിമൂന്നാം നൂറ്റാണ്ടാണ്. ഐകരൂപ്യമുള്ള ഒരുവര്‍ഷഗണനാരീതി ലഭിച്ചിട്ട് 1200 വര്‍ഷം തികയുന്നു. മലയാളികള്‍ക്ക് പല കാര്യങ്ങളിലും പ്രധാനപ്പെട്ടതാണ് കൊല്ലവര്‍ഷം അഥവാ മലയാള വര്‍ഷം. വിവാഹം ഉള്‍പ്പെടെയുള്ള മംഗളകര്‍മങ്ങള്‍ക്കു മുഹൂര്‍ത്തം തീരുമാനിക്കാനും കാര്‍ഷിക കലണ്ടര്‍ ഉള്‍പ്പെടെ നമ്മള്‍ കൊല്ലവര്‍ഷത്തെയാണ് അടിസ്ഥാനമാക്കുന്നത്. ലോകമെമ്പാടും രണ്ട് രീതിയിലാണ് കലണ്ടര്‍ സമ്പ്രദായമുള്ളത്. സൂര്യവര്‍ഷവും ചാന്ദ്രമാസത്തെ അടിസ്ഥാനമാക്കിയുള്ളതും. എന്നാല്‍ നമ്മുടെ കൊല്ലവര്‍ഷമാകട്ടെ സൂര്യ-ചാന്ദ്രാധിഷ്ടിതമാണ്. 

സപ്തര്‍ഷിവര്‍ഷം, വിക്രമവര്‍ഷം, കലചൂരിവര്‍ഷം, ഗുപ്തവര്‍ഷം തുടങ്ങി വിവിധ കാലഗണനാരീതികള്‍ ഇവിടെയുണ്ടായിരുന്നെങ്കിലും ഐകരൂപ്യമുള്ള ഒരു വര്‍ഷഗണനാപദ്ധതി ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല. അത്തരമൊരു കലണ്ടറിനു രൂപംകൊടുത്ത ദേശം അഥവാ അതിനു നിമിത്തമായ ദേശമാണ് കൊല്ലം. നഗരത്തിലെ രാമേശ്വരം ക്ഷേത്രത്തില്‍ അതിന്റെ അടയാളവും കാണാം. കൊല്ലം തോന്റി എന്നു രേഖപ്പെടുത്തിയ ശിലാഫലകമാണത്.

നൂറുകൊല്ലത്തെ ആവൃത്തികളായാണ് സപ്തര്‍ഷിവര്‍ഷം. നമ്പൂതിരിമാര്‍ കൊല്ലത്തു വന്നപ്പോള്‍ സപ്തര്‍ഷിവര്‍ഷത്തിന്റെ പത്താമത്തെ ആവൃത്തിക്ക് ആരംഭിച്ചതാണ് കൊല്ലവര്‍ഷമെന്ന് കേരളചരിത്രം എഴുതിയ ശ്രീധരമേനോനെപ്പോലുള്ള ചരിത്രകാരന്‍മാര്‍ അംഗീകരിക്കുന്നു.

ക്രിസ്തുവര്‍ഷത്തിലേത് പോലെതന്നെ പന്ത്രണ്ട് മാസങ്ങളും ഞായര്‍ മുതല്‍ ശനി വരെ ഏഴ് ദിവസങ്ങളും തന്നെയാണ് കൊല്ലവര്‍ഷത്തിലും. ചിങ്ങത്തില്‍ തുടങ്ങി കര്‍ക്കടകത്തില്‍ അവസാനിക്കുന്ന 12 മാസങ്ങളാണ് ഒരു കൊല്ലവര്‍ഷം. സൂര്യന്‍ സഞ്ചരിക്കുന്ന 12 രാശികളായ ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കടകം എന്നിവയാണ് 12 മാസങ്ങള്‍. ക്രിസ്തുവര്‍ഷത്തില്‍ മാസങ്ങളില്‍ ദിവസങ്ങളുടെ എണ്ണം സ്ഥിരമാണ്. അധിവര്‍ഷത്തിലെ ഫെബ്രുവരി മാത്രമാണ് ഇതിനൊരു അപവാദം. എന്നാല്‍ കൊല്ലവര്‍ഷത്തില്‍ ദിവസങ്ങളുടെ എണ്ണം മിക്കവാറും വ്യത്യസ്തമായിരിക്കും. സൂര്യന്റെ ഗതിയെ അടിസ്ഥാനമാക്കിയാണ് കൊല്ലവര്‍ഷം ഗണിക്കപ്പെടുന്നത് എന്നതാണ് ഇതിനു കാരണം. സൂര്യനെപ്പോലെ ചന്ദ്രനും രാശിചക്രത്തെ വലംവെക്കാറുണ്ട്. 27 ദിവസംകൊണ്ടാണ് ചന്ദ്രന്‍ രാശിചക്രത്തിലൂടെയുള്ള സഞ്ചാരം പൂര്‍ത്തിയാക്കുന്നത്. ചന്ദ്രന്‍ ഓരോ നാളുലൂടെയും സഞ്ചരിക്കുന്ന സമയത്തിനെ ആ നാള്‍ അഥവാ നക്ഷത്രം എന്ന് പറയുന്നു. ഒരാളുടെ ജനനസമയത്ത് ചന്ദ്രന്‍ നില്‍ക്കുന്ന നക്ഷത്രം അയാളുടെ ജന്മനക്ഷത്രമാണ്. 

എഡി 825-ല്‍ കൊല്ലവര്‍ഷം തുടങ്ങിയതെന്നാണ് പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ചേരരാജാക്കന്മാരില്‍ പ്രബലനായ രാജശേഖര കുലശേഖരന്റെ കാലത്താണ് കൊല്ലവര്‍ഷം ഉദയംചെയ്തതെന്നാണ് ഒരു വാദം. എ.ഡി 825 ജൂലായ് 25ന് കൊല്ലം ഒന്നാം വര്‍ഷം ചിങ്ങം ഒന്നാംതീയതി പിറന്നു. പി.ശങ്കുണ്ണിമേനോന്റെ അഭിപ്രായത്തില്‍ ഓഗസ്റ്റ് 15 നാണത്. പക്ഷേ, കൊല്ലവര്‍ഷം കൂടുതല്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയത് എഡി 12-ാം നൂറ്റാണ്ടു മുതലാണ്. വേണാട്ട് രാജ്യത്തെ ശ്രീവല്ലഭന്‍ കോതയുടെ മാമ്പിള്ളി ശാസനമാണ് (കൊല്ലവര്‍ഷം 149) കൊല്ലവര്‍ഷം രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ രേഖ. കൊല്ലവര്‍ഷം എങ്ങനെ നിലവില്‍ വന്നു എന്നതിനെക്കുറിച്ചു പല കഥകളുമുണ്ട്. ചരിത്രകാരനായ കെ.വി.കൃഷ്ണയ്യരുടെ അഭിപ്രായത്തില്‍ എ.ഡി 1101 ല്‍ അന്നത്തെ കേരളവും ചോളന്മാരും തമ്മിലുണ്ടായ യുദ്ധത്തെത്തുടര്‍ന്നാണ് കൊല്ലവര്‍ഷം ഉദ്ഭവിച്ചത്‌. 

വേണാട്ടുമൂപ്പനായ രാമന്‍ തിരുവടിയെ തോല്‍പിച്ച് കൊല്ലം നഗരം നശിപ്പിച്ചതിന്റെ ഓര്‍മ്മയ്ക്കായി കൊല്ലം അഴിന്തുകണ്ടാന്‍ (കൊല്ലം നശിപ്പിച്ചവന്‍) എന്ന ബഹുമതി ചോളരാജാവായ കുലോത്തുംഗന്‍ നരലോകവീരനു നല്‍കി. അങ്ങനെ കൊല്ലം അഴിന്ത ആണ്ട് എന്ന വര്‍ഷം തുടങ്ങിയെന്നാണ് കൃഷ്ണയ്യരുടെ നിഗമനം. രാമന്‍ തിരുവടി ചോളരെ കൊല്ലത്തുനിന്നു തുരത്തി. ഈ വിജയത്തോടുകൂടി കേരളത്തിന് തനതായൊരു ഭാഷയും സംസ്‌കാരവും നാമ്പെടുത്തു. അതില്‍പ്പെട്ടതാണ് കൊല്ലവര്‍ഷമെന്ന് മറ്റു ചില പണ്ഡിതരും പറയുന്നു.

തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ഉദയ മാര്‍ത്താണ്ഡവര്‍മ ആരംഭിച്ചതാണ് ഇതെന്ന് ഒരു കഥയുണ്ട്. ഉദയ മാര്‍ത്താണ്ഡവര്‍മ കുറേയേറെ വിദ്വാന്മാരെ കൊല്ലത്ത് ക്ഷണിച്ചുവരുത്തി. എഡി 825-ലായിരുന്നു ഇത്. ഒരു പുതിയ വര്‍ഷം ആരംഭിക്കുന്നതിനേക്കുറിച്ച് ആദ്ദേഹം സദസിലുണ്ടായിരുന്നവരുമായി കൂടിയാലോചന നടത്തി. അവര്‍ സൂര്യന്റെ ഗതിനോക്കി ഗണിച്ച് ഒരു പുതിയ വര്‍ഷം ആരംഭിച്ചു. അതാണ് കൊല്ലവര്‍ഷം. 

ശങ്കരാചാര്യരുമായി ബന്ധപ്പെട്ടും കൊല്ലവര്‍ഷത്തിന്റെ തുടക്കം പറയുന്നുണ്ട്. ശ്രീ ശങ്കരാചാര്യര്‍ അദ്വൈതമതം സ്ഥാപിച്ചതിനെ അനുസ്മരിക്കാനാണ് കൊല്ലവര്‍ഷം ആരംഭിച്ചതെന്നും ചരിത്രപണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ഉത്തരഭാരതത്തില്‍ പ്രത്യേകിച്ച് കശ്മീരില്‍ നിലനിന്നിരുന്ന സപ്തര്‍ഷി വര്‍ഷത്തില്‍ നിന്നാണ് കൊല്ലവര്‍ഷത്തിന്റെ തുടക്കമെന്ന സിദ്ധാന്തത്തിനാണ് കൂടുതല്‍ വിശ്വാസ്യതയുള്ളത്. സപ്തര്‍ഷി വര്‍ഷം കൊല്ലവര്‍ഷമായി തീര്‍ന്നു എന്നാണ് വാദം. കശ്മീരിലും മറ്റും കാലഗണനയ്ക്ക് ഉപയോഗിച്ചിരുന്നതാണ് സപ്തര്‍ഷിവര്‍ഷം. ഇത് ആര്യന്മാര്‍ വഴി കേരളത്തിലേക്കു വന്നു എന്നാണ് കരുതുന്നത്. 1834 വരെ തിരുവിതാംകൂറിലെ സര്‍ക്കാര്‍ രേഖകളില്‍ കൊല്ലവര്‍ഷമാണ് ഉപയോഗിച്ചിരുന്നത്. ബ്രിട്ടിഷുകാരുടെ കീഴിലേക്കു ഭരണം മാറിയതോടെ അത് ഇംഗ്ലിഷ് വര്‍ഷത്തിലേക്കു മാറി.

കൊല്ലവര്‍ഷം 149-ലെ മാമ്പള്ളി ചെമ്പുപട്ടയത്തിലാണ് ഈ കലണ്ടര്‍ ആദ്യമായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. അതു തുടങ്ങുന്നത് കൊല്ലം തോന്റി നൂറ്റിനാല്‍പ്പത്തൊമ്പതാമത് തുലാത്തില്‍ എന്നാണ്. തുടര്‍ന്ന് വേണാട് രാജാക്കന്‍മാരുടെ പല ശാസനങ്ങളിലും കൊല്ലം തോന്റി എന്നു കാണുന്നു. കൊല്ലം തോന്റി എന്നാല്‍ കൊല്ലം ഉണ്ടായി എന്നാണ് അര്‍ഥം. എന്തായാലും നമ്മുടെ നാട്ടില്‍തന്നെ തുടങ്ങിയ കാലഗണനാരീതി എന്ന നിലയില്‍ ഇതിന് ഏറെ പ്രാധാന്യമുണ്ട്. അതിന്റെ ചരിത്രഭൂമികയെന്ന നിലയില്‍ കൊല്ലത്തിനും.

കൊല്ലത്ത് ഒരു ശിവക്ഷേത്രം നിര്‍മിച്ചതില്‍നിന്നാണ് കൊല്ലവര്‍ഷത്തിന്റെ ആരംഭമെന്ന് ഗുണ്ടര്‍ട്ട് രേഖപ്പെടുത്തിയതായി ശ്രീധരമേനോന്‍ പറയുന്നു. രാമേശ്വരം ക്ഷേത്രത്തിലെ ശിലാഫലകവുമായി അതിനു ബന്ധമുണ്ടാകാനും സാധ്യതയുണ്ട്.

കൊല്ലവും വര്‍ഷവും ഒരേ അര്‍ഥമുള്ള വാക്കായും നമ്മോടൊപ്പമുണ്ട്. എത്രകൊല്ലം കഴിഞ്ഞാലും അതങ്ങനെ ഉണ്ടാകുമെന്നും കരുതാം.

Content Highlights: Malayalam year or Kollavarsham