ജിപിഎസിന് ചെക്ക്! ഇറാനെ ആക്രമണങ്ങളിൽ സഹായിച്ചത് ബെയ്ദൂവോ; തന്ത്രങ്ങൾ മാറ്റുമോ ചൈനീസ് സംവിധാനം?

ഒരു വശത്ത് ഇറാനും മറുവശത്ത് ഇസ്രയേലും അമേരിക്കയും തമ്മിലുള്ള നിലവിലെ യുദ്ധം നാവിഗേഷൻ സംവിധാനത്തെക്കുറിച്ചും പുതിയ ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. പശ്ചിമേഷ്യയിൽ ഇസ്രയേലിനെയും ഗൾഫ് രാജ്യങ്ങളെയും ലക്ഷ്യംവെച്ച് ഇറാൻ നടത്തിയ ആക്രമണങ്ങളിൽ മിസൈലുകളുടെ ലക്ഷ്യപ്രാപ്തിയും കൃത്യതയും വർധിച്ചതാണ് ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ഇറാന്റെ സമീപകാല ആക്രമണങ്ങൾ മുൻ സംഘർഷങ്ങളെ അപേക്ഷിച്ച് കൃത്യതയുള്ളതായിരുന്നു. കൃത്യമായി പറഞ്ഞാൽ എട്ട് മാസം മുമ്പ് ഇസ്രയേലുമായുണ്ടായ യുദ്ധത്തേക്കാൾ കൃത്യമായി ഇറാനിയൻ മിസൈലുകൾ ഇത്തവണ ലക്ഷ്യസ്ഥാനങ്ങളിൽ പതിച്ചു.
ഇതോടെയാണ് ഇറാൻ ചൈനയുടെ ബെയ്ദൂ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (BeiDou Navigation Satellite System) ഉപയോഗിക്കുന്നുണ്ടോ എന്ന ചോദ്യം ലോകം ചോദിച്ചത്. ഇക്കാര്യം ഔദ്യോഗികമായി ഇറാൻ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ചൈനീസ് സംവിധാനത്തിന്റെ ഉപയോഗം നിലവിലെ സംഘർഷത്തിൽ അവർക്ക് ഗുണകരമായ ഫലം നൽകുന്നതായാണ് ചില രഹസ്യാന്വേഷണ കേന്ദ്രങ്ങൾ പുറത്തുവിടുന്ന വിവരങ്ങൾ. എന്താണ് ബെയ്ദൂ? അത് എന്തുകൊണ്ട് പ്രാധാന്യമർഹിക്കുന്നു? അത് മിസൈൽ യുദ്ധത്തെ എങ്ങനെ സ്വാധീനിക്കുന്നു?