ലോകത്തിന് നൽകാം പുത്തൻ ആരോഗ്യമാതൃക

ഫൈസല്‍ കൊട്ടിക്കോളന്‍
ഫൈസല്‍ കൊട്ടിക്കോളന്‍

കേരളത്തെ ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് വിളിക്കുന്നതിൽ അതിശയോക്തിയില്ല. അനുഗൃഹീതമായ പ്രകൃതി മാത്രമല്ല, നൂറ്റാണ്ടുകളിലൂടെ വളർന്നുവന്ന ചികിത്സാപാരമ്പര്യവും കേരളത്തിന്റെ പ്രത്യേകതയാണ്. ശരീരം, മനസ്സ്, ഭക്ഷണം, ജീവിതശൈലി, പ്രകൃതി എന്നിവ തമ്മിലുള്ള സന്തുലിതാവസ്ഥ മുൻനിർത്തുന്ന സമഗ്ര ആരോഗ്യദർശനമാണ് കേരളത്തിന്റേത്. ജൈവവൈവിധ്യവും ഔഷധസസ്യസമ്പത്തും പശ്ചിമഘട്ടവും ഉഷ്ണമേഖലാകാലാവസ്ഥയും ഈ പാരമ്പര്യത്തിന് സ്വാഭാവികമായ പശ്ചാത്തലമാകുന്നു.

കോവിഡിനുശേഷം ലോകത്തിന്റെ ആരോഗ്യബോധം മാറിയിട്ടുണ്ട്. പ്രതിരോധശേഷി, മാനസികാരോഗ്യം, ഭക്ഷണം, വ്യായാമം, രോഗപ്രതിരോധം എന്നിവയെക്കുറിച്ചുള്ള ശ്രദ്ധവർധിച്ചു. ജീവിതശൈലീരോഗങ്ങൾ, പ്രായമാകുന്ന ജനസംഖ്യ, ചികിത്സച്ചെലവിന്റെ വർധന, ആരോഗ്യപ്രവർത്തകരുടെ കുറവ് തുടങ്ങിയ വെല്ലുവിളികൾ ലോകം നേരിടുകയാണ്. വെൽനെസ് ഇന്ന് ആഗോള സമ്പദ്‌വ്യവസ്ഥയിലെ വലിയൊരുമേഖലയാണ്. 2024-ൽ ആഗോള വെൽനെസ് സമ്പദ്‌വ്യവസ്ഥ 6.8 ട്രില്യൺ ഡോളറിലെത്തിയതായി കണക്കാക്കപ്പെടുന്നു. 2029-ൽ ഇത് 9.8 ട്രില്യൺ ഡോളറിനടുത്തെത്തുമെന്നാണ് പ്രവചനം. ആരോഗ്യത്തെ രോഗചികിത്സയായിമാത്രം കാണാതെ രോഗപ്രതിരോധം, സംരക്ഷണം, പുനരധിവാസം, ജീവിതശൈലി, മാനസികക്ഷേമം എന്നിങ്ങനെ പല ഘടകങ്ങളായി കാണേണ്ടിയിരിക്കുന്നു.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ നേട്ടങ്ങൾ അതുല്യമാണ്. എന്നാൽ, ആധുനിക ആരോഗ്യപരിചരണം പലപ്പോഴും രോഗം പ്രകടമായതിനുശേഷമുള്ള ചികിത്സയിലേക്കാണ് കേന്ദ്രീകരിക്കുന്നത്. പ്രത്യേകിച്ച്, ജീവിതശൈലീരോഗങ്ങളുടെ കാര്യത്തിൽ രോഗലക്ഷണങ്ങളെ നിയന്ത്രിക്കുന്നതിനപ്പുറം അവയ്ക്കുപിന്നിലെ കാരണങ്ങളെയും കണക്കിലെടുക്കേണ്ടതുണ്ട്. ദീർഘകാലം ഉപയോഗിക്കുന്ന ചില മരുന്നുകൾക്ക് പാർശ്വഫലങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. അതേസമയം, പരമ്പരാഗത ചികിത്സാപദ്ധതികൾ ശരീരത്തെ പലപ്പോഴും ഒരു സമഗ്രസംവിധാനമായി കാണുകയും ഭക്ഷണം, ജീവിതശൈലി, ഉറക്കം, മാനസികാവസ്ഥ, പ്രകൃതി എന്നിവയ്ക്ക് പ്രാധാന്യം നൽകുകയും ചെയ്യുന്നു. ആധുനിക വൈദ്യശാസ്ത്രവും പരമ്പരാഗത ചികിത്സാരീതികളും പരസ്പരപൂരകങ്ങളായി വിലയിരുത്തപ്പെടുകയാണ് വേണ്ടത്. ശാസ്ത്രീയമായ രീതിയിൽ അവയെ സംയോജിപ്പിക്കുന്നതാണ് ഇന്റഗ്രേറ്റഡ് ആരോഗ്യപരിചരണം. രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുക, രോഗസാധ്യത നേരത്തേ തിരിച്ചറിയുക, ആവശ്യമായ ചികിത്സ നൽകി ശരീരത്തെയും മനസ്സിനെയും വീണ്ടെടുക്കാൻ സഹായിക്കുക -ഇതാണ് ഇന്റഗ്രേറ്റഡ് ഹെൽത്ത്‌ കെയറിന്റെ ലക്ഷ്യം.

കേരളത്തിൽ ഒരു ക്ലിനിക്കൽ വെൽനെസ് സെന്ററിന്റെ ആവശ്യവും സാധ്യതയും ഉൾക്കൊണ്ട്, ഓരോ വ്യക്തിയുടെയും ആരോഗ്യാവസ്ഥ സമഗ്രമായി മനസ്സിലാക്കി ആവശ്യമായ പരിചരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ‘തുല’ പ്രവർത്തിക്കുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ രോഗനിർണയ-ചികിത്സാ സംവിധാനങ്ങളോടൊപ്പം ആയുർവേദം ഉൾപ്പെടെയുള്ള പരമ്പരാഗത ചികിത്സാരീതികൾ ഒരുക്കിയിട്ടുണ്ട്. ഫിസിക്കൽ തെറപ്പി, വ്യായാമം, യോഗ, മാനസികാരോഗ്യപരിചരണം, ജീവിതശൈലീ പരിഷ്കരണം തുടങ്ങിയ പല മേഖലകളെ ആവശ്യാനുസരണം കൂട്ടിച്ചേർക്കുന്നു.

മനുഷ്യരുടെ ശരാശരി ആയുസ്സ് വർധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ, ആയുസ്സിന്റെ ദൈർഘ്യം മാത്രമല്ല, ആരോഗ്യത്തോടെ ജീവിക്കുന്ന വർഷങ്ങളാണ് കൂടുതൽ പ്രധാനപ്പെട്ടത്. രോഗത്തിന്റെ താത്കാലികശമനത്തിനും ആയുസ്സ് നീട്ടുന്നതിനുമൊപ്പം, ജീവിതത്തിന്റെ ഗുണനിലവാരം ഉയർത്തുക എന്നതാകണം ആരോഗ്യപരിചരണത്തിന്റെ ലക്ഷ്യം. ജീവിതശൈലീപ്രശ്നങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഈ സമഗ്രസമീപനം കൂടുതൽ പ്രസക്തമാകുന്നു.

ചികിത്സ സ്വീകരിക്കാനും ആരോഗ്യം വീണ്ടെടുക്കാനും നിലനിർത്താനും ജീവിതശൈലി മെച്ചപ്പെടുത്താനും ആളുകൾ യാത്രചെയ്യുന്നുണ്ട്. ഈ പ്രവണത കേരളം പ്രയോജനപ്പെടുത്തണം. ആയുർവേദവും ആധുനിക വൈദ്യശാസ്ത്രവും പ്രകൃതിയും ജീവിതശൈലിയും സമന്വയിപ്പിക്കുന്ന സമഗ്ര ആരോഗ്യപരിചരണം ലോകത്തിനുനൽകാനുള്ള ശേഷി കേരളത്തിനുണ്ട്.

ഈ മേഖലയിൽ മലബാറിന് സ്വാഭാവികമായൊരു മേൽക്കൈ അവകാശപ്പെടാം. നൂറ്റാണ്ടുകളായി ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള ആളുകളെ സ്വീകരിച്ച പാരമ്പര്യമാണ് ഈ പ്രദേശത്തിനുള്ളത്. തുറന്ന മനസ്സ്, അതിഥിസത്കാരം, വ്യത്യസ്ത സംസ്കാരങ്ങളുമായി ഇടപഴകാനുള്ള കഴിവ്, പ്രാദേശിക ഭക്ഷണ-ജീവിതശൈലിയുടെ വൈവിധ്യം എന്നിവ മലബാറിന്റെ പ്രത്യേകതകളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളുമായി എളുപ്പത്തിൽ ആശയവിനിമയം നടത്താൻ കഴിയുന്ന വിദ്യാഭ്യാസമുള്ള യുവജനതയും ഈ മേഖലയ്ക്കുണ്ട്.

കണ്ണൂരിലെയും കോഴിക്കോട്ടെയും അന്താരാഷ്ട്ര വിമാനത്താവളങ്ങളും മെച്ചപ്പെട്ട റോഡ്-റെയിൽ ബന്ധങ്ങളും മലബാറിലേക്കുള്ള പ്രവേശനം കൂടുതൽ എളുപ്പമാക്കുന്നു. ആവശ്യമായ സർക്കാർപിന്തുണയും ഉത്തരവാദിത്വമുള്ള സ്വകാര്യനിക്ഷേപവും ലഭിച്ചാൽ, ഇന്റഗ്രേറ്റഡ് ഹെൽത്ത്‌കെയർ കേന്ദ്രീകരിച്ച് ഒരു പുതിയ വികസനമാതൃക മലബാറിന് സൃഷ്ടിക്കാനാകും. സർക്കാർ, ആരോഗ്യസ്ഥാപനങ്ങൾ, ഗവേഷണ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ടൂറിസം സംരംഭകർ, നിക്ഷേപകർ, കമ്യൂണിറ്റി എന്നിവ ഒരുമിച്ചുപ്രവർത്തിക്കേണ്ട മേഖലയാണിത്.

മലബാർ നൂറ്റാണ്ടുകളായി ലോകത്തെ സ്വീകരിക്കുന്നു. ഇനി മലബാർ ലോകത്തിനുമുന്നിൽ അവതരിപ്പിക്കേണ്ടത് നൂറ്റാണ്ടുകളെ അതിജീവിക്കുന്ന ഒരു ആരോഗ്യപരിചരണ രീതിയാണ് -ആയുസ്സിനെ ആരോഗ്യമുള്ളതാക്കുന്ന ഇന്റഗ്രേറ്റഡ് ഹെൽത്ത്‌കെയർ മാതൃക.

Content Highlights: Kerala's rich healing tradition and natural biodiversity pave the way for an integrated healthcare model. By combining modern medicine with Ayurveda, centres like Tula offer holistic wellness, presenting Malabar as a potential global hub.