സിലോണിൽനിന്ന് തിരുവിതാംകൂറിലേക്ക്, പ്രായം 150; മ്യൂസിയത്തിലെ റബ്ബർ മുത്തശ്ശിക്കിത് ചികിത്സാക്കാലം

#അജ്മൽ എൻ. എസ്
മ്യൂസിയത്തിലെ റബ്ബർ മുത്തശ്ശി
മ്യൂസിയത്തിലെ റബ്ബർ മുത്തശ്ശി

തിരുവനന്തപുരം: കാഴ്ചക്കാരുടെ മനം നിറയ്ക്കുന്ന, കുളിരേകുന്ന ഒരിടം തിരുവനന്തപുരത്തെ മ്യൂസിയത്തിൻ്റെ വാതിൽക്കലുണ്ട്, ഒരു റബ്ബർ മരം. ആദ്യ കാഴ്ചയിൽ ഇതൊരു റബ്ബർ മരമാണെന്ന് മനസ്സിലാക്കുന്നവർ വളരെ ചുരുക്കമാണ്. മ്യൂസിയത്തിലെ കൗതുക കാഴ്ചകളിലൊന്നാണ് 150 വയസ്സുള്ള ഈ റബ്ബർ മുത്തശ്ശി. ഈ മരച്ചുവട്ടിലിരുന്ന കഥകൾ പറഞ്ഞും ചിന്തിച്ചും സമയം ചെലവഴിക്കുന്നവർ ഏറെയാണ്.

സിലോണിൽനിന്നാണ് ഈ മരത്തിൻ്റെ വരവ്. ധാരാളം ശാഖകളുമായ വ്യത്യസ്ത കാഴ്ചയൊരുക്കി അതിഥികളെ സ്വീകരിക്കുന്ന റബ്ബർ മുത്തശ്ശി ഇപ്പോൾ ചെറിയൊരു ചികിത്സയിലാണ്. മ്യൂസിയം ബൊട്ടാണിക്കൽ ഗാർഡനിൽ മനോഹര കാഴ്ചയൊരുക്കി നിൽക്കുന്ന റബ്ബർ മുത്തശ്ശിയുടെ ഒരു ശിഖരം ഒടിഞ്ഞുവീണതോടെയെയാണ് ചികിത്സ ആരംഭിക്കാനുള്ള തീരുമാനമെടുത്തത്. തിരുവിതാംകൂർ മഹാജാവായിരുന്ന വിശാഖം തിരുനാൾ രാമ വർമയുടെ കാലത്താണ് ഈ റബ്ബർ മരം കടൽ കടന്നെത്തിയത്. ചിതൽ ബാധയാണ് ഇപ്പോഴത്തെ പ്രശ്നം.

'തിരുവിതാംകൂർ മഹാജാവായിരുന്ന വിശാഖം തിരുനാൾ രാമ വർമയുടെ കാലത്താണ് ഈ മരം സിലോണിൽ നിന്ന് കേരളത്തിലെത്തുന്നത്. ഈ മരം ഇവിടെ നട്ട് പിടിപ്പിച്ച് കാലങ്ങൾക്ക് ശേഷമാണ് നാണ്യവിളയെന്ന് രീതിയിൽ റബ്ബർ എത്തുന്നത്. 150 വർഷം പ്രായമുള്ളതിനാൽ വളരെയേറെ ചരിത്ര പ്രാധാന്യം ഈ മുത്തശ്ശിക്കുണ്ട്. ഈ മാസം ജൂൺ 13 ലെ മഴയിലും കാറ്റിലും മരത്തിൻ്റെ ഒരു പ്രധാന ശിഖരം ഒടിഞ്ഞുവീണു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരത്തിലെ പൊള്ളയായ ഭാഗം ശ്രദ്ധയിൽപ്പെടുന്നതും ചിതൽ ആക്രമണം മനസ്സിലാക്കുന്നത്. അങ്ങനെയാണ് ചികിത്സ ആരംഭിക്കുന്നത്. വിദഗ്ദരുടെ നിർദേശം അനുസരിച്ചാണ് ചികിത്സ. ഈ മരത്തെ അതീവ ശ്രദ്ധയോടെ പരിപാലിക്കേണ്ടത് വളരെയധികം പ്രാധാന്യം അർഹിക്കുന്നു', മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ പി. എസ്. മഞ്ജുള ദേവി പറഞ്ഞു.

പാലോട് ജവാഹർ ലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ വിദഗ്‌ധരുടെ നിർദേശപ്രകാരമാണ് ചികിത്സ. മരുന്നുകൾക്കൊപ്പം ശാസ്ത്രീയമായി ചില കൊമ്പുകളും നീക്കും. നിലവിൽ സന്ദർശകർക്ക് മരത്തിനടുത്തേയ്ക്ക് പ്രവേശനമില്ല. ചികിത്സയൊക്കെ കഴിഞ്ഞ് മുത്തശ്ശി ഉഷാറാകുന്നതോടെ ഇവിടേയ്ക്ക് വീണ്ടും സന്ദർശകർ ഓടിയെത്തും, സമാധാനം തേടി.

Content Highlights: Historic 150-year-old rubber tree brought from Ceylon during the reign of Visakham Thirunal Rama Varma., The tree is currently undergoing specialized treatment due to termite infestation and structural damage., Expert guidance provided by Jawaharlal Nehru Tropical Botanical Garden, Palode., Public access is temporarily restricted to ensure the tree's recovery.