ദലൈലാമയ്ക്ക് നാളെ 91; ലുംബിനി വഴി ബുദ്ധിസത്തിൽ പിടി മുറുക്കാൻ ഇന്ത്യയും ചൈനയും

ന്യൂഡൽഹി: ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമയ്ക്ക് തിങ്കളാഴ്ച 91 വയസ്സ് പൂർത്തിയാകവേ, ലാമയുടെ പിൻഗാമിയെ നിർണയിക്കുന്നതിലടക്കം ഇടപെടലുകൾ ശക്തമാക്കി ചൈന. സിദ്ധാർഥ രാജകുമാരൻ്റെ ജന്മനാടായ നേപ്പാളിലെ ലുംബിനിക്കു മേൽ സ്വാധീനം ശക്തമാക്കി ചൈനയും അതിനെ പ്രതിരോധിക്കാൻ ഇന്ത്യയും ഇടപെടലുകൾ സജീവമാക്കി.
ടിബറ്റൻ ബുദ്ധിസത്തിൽ ദലൈ ലാമ കഴിഞ്ഞാൽ രണ്ടാമത്തെ പദവിയായി കണക്കാക്കപ്പെടുന്ന പാഞ്ചെൻ ലാമയായി ചൈന അവരോധിച്ച ഗ്യാ യിൻ കെയ്ൻ നോർബുവിനെ ലുംബിനി തീർഥാടക ട്രസ്റ്റ് നേതാവും നേപ്പാളിലെ മുൻ മന്ത്രിയുമായിരുന്ന ലാർക്യാൽ ലാമ ലുംബിനിയിലേക്ക് ക്ഷണിച്ചത് മേഖലയിലെ ഭൗമരാഷ്ട്രീയ ചർച്ചകൾക്ക് ചൂടേറ്റി. അപകടം മണത്ത ഇന്ത്യ യു.എസ് സഹായത്തോടെ നോർബുവിൻ്റെ ലുംബിനി സന്ദർശനം തടയാൻ സമ്മർദ്ദം ചെലുത്തിയെന്ന് ലാർക്യാൽ ലാമ വെളിപ്പെടുത്തിയതോടെയാണ് വിഷയം സജീവ ചർച്ചാ വിഷയമായത്.
2024 ലാണ് നോർബുവിന് ക്ഷണം പോയതെങ്കിലും ഇതുവരെ സന്ദർശനം നടന്നിട്ടില്ല. ഇന്ത്യയുടെയും യു.എസിൻ്റെയും ഹൈക്കമ്മിഷണർമാർ തന്നോട് നേരിട്ട് ക്ഷണം പിൻവലിക്കാൻ ആവശ്യപ്പെട്ടെന്നും ബുദ്ധിസ്റ്റായ നോർബു വരുന്നതിൽ എന്താണ് തെറ്റെന്നുമാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ ലാർക്യാൽലാമ തുറന്നടിച്ചത്. തൻ്റെ പിൻഗാമിയാക്കാനായി ദലൈ ലാമ കണ്ടെത്തിയ ആറു വയസ്സുകാരൻ പാഞ്ചെൻ ലാമയെ 1990 കളിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായതിന് തൊട്ടു പിന്നാലെയാണ് ചൈനീസ് ഭരണകൂടം നോർബുവിനെ പുതിയ പാഞ്ചെൻ ലാമയായി അവരോധിച്ചത് എന്നത് ശ്രദ്ധേയമാണ്.
ടിബറ്റൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തോട് അനുഭവം കാട്ടിയതിൻ്റെ പേരിൽ 2011 വരെ ചൈനയുടെ നോട്ടപ്പുള്ളിയായിരുന്ന ലാർക്യാൽ ലാമയെ അന്ന് നേപ്പാൾ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിനെപ്പോലും ചൈന എതിർത്തതാണ്. എന്നാൽ പിന്നീട് മന്ത്രിയായ ശേഷം ചൈനയുമായി അനുനയത്തിലായ ലാമ ചൈനീസ് കമ്യൂണിസ്റ്റ് സർക്കാരിൻ്റെ വിശ്വസ്തനായി മാറി. അടുത്ത ദലൈ ലാമയെ തിരഞ്ഞെടുക്കാനുള്ള നിയമപരമായ അധികാരം ചൈനയ്ക്ക് ഉറപ്പാക്കുന്നതടക്കം ടിബറ്റൻ ബുദ്ധിസത്തിനുമേലുള്ള അധികാരം ചൈനീസ് ഭരണകൂടത്തിന് കൈമാറാനുള്ള നിർണായക ചുവടുവയ്പിൽ ലാർക്യാൽ ലാമയും പങ്കാളിയായി. ഇതിൻ്റെ ഭാഗമായി കഴിഞ്ഞ വർഷം നടത്തിയ ആത്മീയ പര്യടനത്തിൽ നേപ്പാൾ പ്രതിനിധിയായി അദ്ദേഹം പങ്കെടുത്തു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ചൈനയുടെ പാഞ്ചൻലാമയെ ലുംബിനിയിലേക്ക് ക്ഷണിച്ചതിന് രാഷ്ട്രീയ പ്രാധാന്യമേറുന്നത്.
ബുദ്ധിസ്റ്റുകളുടെ പ്രധാന തീർഥാടന കേന്ദ്രമായ ദക്ഷിണ നേപ്പാളിലെ ലുംബിനിയിൽ ചൈന ഭരണപരമായ സ്വാധീനവും ശക്തമാക്കുന്നുണ്ട്. തീർഥാടകരെ ആകർഷിക്കാനായി അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിച്ചതിന് പുറമെ ലുംബിനി ബുദ്ധിസ്റ്റ് സർവകലാശാലയുടെ വികസനത്തിന് 20 ലക്ഷം ഡോളർ ചെലവിടുകയും ചെയ്തു. ചൈനീസ് നീക്കം തിരിച്ചറിഞ്ഞ ഇന്ത്യയാകട്ടെ, സർവകലാശാലയ്ക്ക് സമീപത്തായി 1 കോടി ഡോളർ മുടക്കി സാംസ്കാരിക കേന്ദ്രം സ്ഥാപിച്ചു. പുറമെ ഇന്ത്യയിലെ പ്രാദേശിക ബുദ്ധവിഹാരങ്ങളുടെ വികസനത്തിനായി വേറെയും ചെലവിടുന്നുണ്ട്.
2500 വർഷങ്ങൾക്ക് മുമ്പ് ലുംബിനിയിലെ രാജകൊട്ടാരം ഉപേക്ഷിച്ചിറങ്ങിയ സിദ്ധാർഥൻ പിന്നീട് ആത്മീയ ഉണർവുണ്ടായി ബുദ്ധനായി മാറിയത് ബിഹാറിലെ ഗയയിലാണ്. ഇന്ത്യയുടെ സ്വന്തം പുത്രനാണ് ബുദ്ധൻ എന്നാണ് അതിനാൽ ഇന്ത്യ പറയുന്നത്. ബുദ്ധമതത്തിൻ്റെ ജന്മഗൃഹം ഇന്ത്യയാണെങ്കിലും ഇന്ന് ലോകത്ത് ബുദ്ധമതവിശ്വാസികൾ ഏറ്റവുമധികം തായ്‌ലൻഡ് കഴിഞ്ഞാൽ ചൈനയാണ്. 5.3 കോടി പേർ. ഇന്ത്യയിൽ ഒരു കോടിയിൽ താഴെയേ വരൂ.
ബുദ്ധിസത്തെ കൺഫ്യൂഷ്യസിൻ്റെ ചിന്തകളുമായി സംയോജിപ്പിച്ചത് ചൈനയാണെന്നാണ് പ്രസിഡൻ്റ് ഷിജിൻ പി ങിൻ്റെ അവകാശവാദം. സാംസ്കാരിക വിപ്ലവം കൊണ്ടുവന്ന മാവോ ത്‌സെ ഡോങിൻ്റെ ഭരണകാലത്താണ് ചൈനയിൽ വിശ്വാസത്തെ സോഷ്യലിസ്റ്റ് ചിന്തകളുമായി സംയോജിപ്പിച്ചത് വഴി ബുദ്ധിസം വളർന്നത്. എന്നാൽ സമാന്തരമായി ടിബറ്റൻ വിമോചനപ്പോരാട്ടം ശക്തിപ്പെട്ടതോടെ ചൈനീസ് ഭരണകൂടം അടിച്ചമർത്തലിലേക്ക് കടന്നു. ഈ ഘട്ടത്തിലാണ് 23കാരനായിരുന്ന ദലൈ ലാമ ഇന്ത്യയിലേക്ക് പലായനം ചെയ്തതും ഇന്ത്യ അദ്ദേഹത്തിന് അഭയം നൽകിയതും. അതോടെ ഇന്ത്യയും ചൈനയും ശത്രുതയിലായി.
Content Highlights: Dalai Lama celebrates his 91st birthday amidst rising geopolitical tensions., China and India are competing for strategic influence in Lumbini, Nepal., The controversy surrounding the invitation of China-backed Panchen Lama to Lumbini., China's investment in Lumbini infrastructure versus India's cultural diplomacy., The historical significance of Buddhism in India-China diplomatic relations.