1,531 കോടിയുടെ നഷ്ടം വരുത്തിവെച്ച ഭൂതത്താൻകെട്ട്, ചൈനീസ് കുരുക്കഴിച്ച് ഇത്തിരിവെട്ടം മിന്നുമോ?

ഒരൊറ്റ പെരുങ്കല്ലു കൂടി മതിയായിരുന്നു പെരിയാറിന്റെ ഒഴുക്കു നിലയ്ക്കാൻ... അപ്പോഴേക്കും നേരം പുലർന്ന് കോഴി കൂവി... ഭൂതത്താൻമാരെല്ലാം ഓടിപ്പോയി.... ആ വലിയ വിടവിലൂടെ പെരിയാർ ഇടമുറിയാതെ ഒഴുകി... എറണാകുളത്തെ ഭൂതത്താൻകെട്ടിനെക്കുറിച്ചുള്ള ഐതിഹ്യകഥ തീരുന്നതിങ്ങനെയാണ്. ഭഗവാൻ പരമശിവനെ കാണാതായതോടെ അന്വേഷിക്കാനായി പാർവതീദേവി ഭൂതഗണങ്ങളെ അയച്ചു. പെരിയാർ തീരത്ത് തൃക്കാരിയൂരിൽ ധ്യാനമിരിക്കുന്ന പരമശിവനെ ഭൂതങ്ങൾ കണ്ടെത്തി. അവർ പാർവതിയെ കൂട്ടിയെത്തി. ദേവിക്ക് പുഴ കടക്കാൻ പാറകൾ നിരത്തി ഭൂതങ്ങൾ അണകെട്ടാൻ തുടങ്ങി. രാത്രിയിലായിരുന്നു അത്. സൂര്യനുദിച്ചാൽ ഭൂതത്താൻമാരുടെ ശക്തി ക്ഷയിക്കുമെന്നാണ് വിശ്വാസം. അണകെട്ടി തീർന്നാൽ ആ നാട് വെള്ളപ്പൊക്കത്തിൽ നശിക്കുമെന്ന് മനസ്സിലാക്കിയ പരമശിവൻ പൂവൻകോഴിയുടെ രൂപം സ്വീകരിച്ച് ഉറക്കെ കൂവിയത്രേ. ഇതുകേട്ട ഭൂതഗണങ്ങൾ പണി പൂർത്തിയാക്കാതെ ഓടിപ്പോയെന്നാണ് പ്രകൃതി തീർത്ത അണക്കെട്ട് പോലുള്ള ഭൂതത്താൻകെട്ടിന്റെ ഐതിഹ്യം.
ഭൂതത്താൻമാരുടെ അണകെട്ടൽ അവസാനനിമിഷം നിലച്ച പോലെ ഭൂതത്താൻകെട്ട് വൈദ്യുതോത്പാദന പദ്ധതിയും അവസാനഘട്ടത്തിൽ അനങ്ങാത്ത നിലയിലാണ്. ജനറേറ്ററിന്റെയും ടർബൈനിന്റെയും രൂപത്തിൽ രണ്ടു 'പെരുങ്കല്ലുകൾ' എടുത്തുവെച്ചിരുന്നെങ്കിൽ കേരളത്തിന് ദിവസേന അഞ്ചുലക്ഷം യൂണിറ്റ് വൈദ്യുതി ലഭിച്ചേനെ. പക്ഷേ, കാൽനൂറ്റാണ്ടായിട്ടും ഭൂതത്താൻകെട്ടിൽ വൈദ്യുതി ഒന്നു മിന്നിയതുപോലുമില്ല, അല്ല 'മിന്നിച്ചതു പോലുമില്ല' എന്നു പറയണം. പദ്ധതി യഥാസമയം കമ്മീഷൻ ചെയ്യാതിരുന്നതിലൂടെ സംസ്ഥാനത്തിന് ഇതുവരെ 1,531 കോടി രൂപയിലേറെയാണ് നഷ്ടം.