കള്ളാടിയിലേത് സൂചന മാത്രം; ദുരന്തം മുന്നിൽ കണ്ട് ഇനിയുമേറെ പേർ ഇവിടെ ജീവിക്കുന്നുണ്ട്

ദുരന്തമേഖലയില്‍ നിന്ന് ആളുകളെ രക്ഷിച്ച് പുറത്തുകൊണ്ടുവരുന്നു-ഫോട്ടോ ഷഹീര്‍ സി.എച്ച്
ദുരന്തമേഖലയില്‍ നിന്ന് ആളുകളെ രക്ഷിച്ച് പുറത്തുകൊണ്ടുവരുന്നു-ഫോട്ടോ ഷഹീര്‍ സി.എച്ച്

താമരശ്ശേരി ചുരത്തിലെ തുടർച്ചയായുള്ള ഗതാഗതക്കുരുക്ക്. അടിയന്തരഘട്ടത്തിൽ പോലും ചുരം കടക്കാനാവാത്ത അവസ്ഥ ഇതിന് പരിഹാരമെന്നോണമായിരുന്നു ആനക്കാംപൊയിൽ കള്ളാടി തുരങ്കപാതയ്ക്ക് സർക്കാർ തുടക്കമിട്ടത്. ഇതിൽ വയനാട്ടിലേക്ക് പ്രവേശിക്കുന്ന കള്ളാടി ഭാഗത്തെ തുരങ്കമുഖത്തിന് തൊട്ടടുത്ത് വലിയ മണ്ണിടിച്ചിൽ ഉണ്ടായതോടെ തുരങ്കാപതയുടെ ഭാവി കൂടിയാണ് സജീവ ചർച്ചയാകുന്നത്.

2024 ൽ കേരളത്തെ ഞെട്ടിച്ച പ്രകൃതി ദുരന്തമുണ്ടായ ചൂരൽമല പ്രദേശത്തിന് തൊട്ടടുത്താണ് കള്ളാടി. ചൂരൽമലയുമായി ആറ് കിലോമീറ്റർ മാത്രം ദൂരം. ഇവിടെയാണ് ഇത്തവണ മണ്ണിടിച്ചിലുണ്ടായി എട്ടുജീവനകൾ കാണാമറയത്തായത് ഇതാണ് ജനങ്ങളെ വലിയ ആശങ്കയിൽ ആക്കിയിരിക്കുന്നതും. നിരവധി വീടുകളാണ് പദ്ധതി പ്രദേശത്തിന് തൊട്ടടുത്തായുള്ളത്. ഇവരിൽ പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഒരുപക്ഷെ പ്രകൃതി നൽകിയ മുന്നറിയിപ്പ്.

ഇതിന് മുൻപ് 2009 ൽ ഇവിടെ ഉരുൾപൊട്ടിയതാണ്. ഞങ്ങളുടെ വീടിന്റെ ബാക്കിലൊക്കെ മണ്ണ് വന്ന് കൂടിയതാണ്. അതേ അവസ്ഥയാണ് ഇപ്പോഴും മലപോലെ അവിടെ മണ്ണ് കൊണ്ടുവന്ന് ഇട്ടിട്ടുണ്ട്. അതിനി എപ്പോഴാണ് താഴേക്ക് പതിക്കുകയെന്ന് പറയാൻ പറ്റത്തില്ല. അങ്ങനെ സംഭവിച്ചാൽ അവിടെയുള്ള ആറേഴ് കുടുംബം ഉണ്ടാവില്ല. നേരത്തെ തന്നെ മണ്ണിങ്ങനെ കൂട്ടിയിടുന്നത് അപകടമാണെന്ന് പറഞ്ഞതാണ്. ടാർപ്പായ വെച്ചാണ് മണ്ണ് മൂടിയിരിക്കുന്നത്. ടാർപ്പായയ്ക്ക് ഇത്രയും കൂടുതൽ മണ്ണിനെ തടസ്സപ്പെടുത്തി നിൽക്കാനാവുമോ. വലിയ മഴ ഇത്തവണ തുടർച്ചയായി പെയ്യാത്തത് കൊണ്ടാണ് അപകടം ഈ നിലയിലായത്. അല്ലെങ്കിൽ ഇതൊന്നുമായിരിക്കില്ല സംഭവിക്കുക-കണ്ണൻ പ്രദേശവാസി
ദുരന്തമേഖലയിലെ രക്ഷാപ്രവർത്തനം -ഫോട്ടോ ഷഹീർ സി.എച്ച്

കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ നിന്നും തുടങ്ങി വയനാട് ജില്ലയിലെ കള്ളാടിയിൽ അവസാനിക്കുന്ന തുരങ്കപാതയ്ക്ക് 8.11 കിലോമീറ്റർ ആണ് ദൂരം. 2134 കോടി രൂപയാണ് പദ്ധതി ചെലവായി കണക്കാക്കുന്നത്.

2016-ജൂലായ് എട്ടിന് ഒന്നാം പിണറായി സർക്കാരിന്റെ ബജറ്റ് പ്രസംഗത്തിലായിരുന്നു തുരങ്കപാതയ്ക്ക് വേണ്ടി 20 കോടി കിഫ്ബി മുഖേന ധനസഹായം പ്രഖ്യാപിച്ചത്. മെട്രോമാൻ ഇ.ശ്രീധരനുമായുള്ള കൂടിക്കാഴ്ചയിൽ കെആർസിഎൽ(കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ്) പദ്ധതി ഏറ്റെടുക്കുമെന്ന് വാഗ്ദാനവും ചെയ്തു. കെആർസിഎല്ലനെ എസ്പിവി ആയും പിഡബ്ലുഡിയെ നോഡൽ ഏജൻസിയായും കിഫ്ബി ധനസഹായ സ്ഥാപനവുമായുള്ള സർക്കാർ ഉത്തരവ് സെപ്റ്റംബർ 20 ന് ഇറങ്ങുകയും ചെയ്തു.

658 കോടി രൂപയുടെ പ്രാഥമിക ഭരണാനുമതി ലഭിച്ചത് 2020 മേയ് 14 ന് ആണ്. 2021 ഫെബ്രുവരി 18 ന് ആണ് കോഴിക്കോട് ജില്ലയിലെ മറിപ്പുഴ മുതൽ വയനാട് ജില്ലയിലെ മീനാക്ഷി ബ്രിഡ്ജ് വരെയുള്ള അലൈൻമെന്റിന് സർക്കാർ അംഗീകാരം നൽകിയത്. പുതുക്കിയ ഭരണാനുമതി പ്രകാരം 2022 ഫെബ്രുവരി 15 ന് 2134.5 കോടി പദ്ധതിക്കായി അനുവദിക്കുമെന്നും സർക്കാർ അറിയിച്ചു. ഭൂമിയേറ്റെടുക്കൽ പൂർത്തിയായി 2025 ജൂൺ 18 ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതിയും ലഭിച്ചതോടെ അവസാന കടമ്പയും കടന്നു. തുടർന്ന് 2025 ആഗസ്റ്റ് 31 ന് ആയിരുന്നു ഇരട്ടതുരങ്കപാതയുടെ നിർമാണ ഉദ്ഘാടനം.

വ്യവസായ ടൂറിസം മേഖലയുടെ വളർച്ചയായിരുന്നു തുരങ്കം കൊണ്ട് ലക്ഷ്യമിട്ടിരുന്നത്. അപകടം ഒഴിവാക്കാൻ ഓരോ മുന്നൂറ് മീറ്ററിലും ക്രോസ് പാസേജുകൾ, 24 മണിക്കൂറും സിസിടിവി മോണിറ്ററിംഗ്, കോഴിക്കോട്-വയനാട് യാത്രയിൽ ഒന്നരമണിക്കുറിന്റെ ലാഭം ഇതെല്ലം പാതയുടെ പ്രത്യേകതയായിരുന്നു.

ദുരന്തമേഖലയിലെ രക്ഷാപ്രവർത്തനം-ഫോട്ടോ ഷഹീർ സി.എച്ച്

നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായി 2026 മാർച്ച് അഞ്ചിന് തുരങ്കപാതയുടെ ആദ്യ പാറതുരക്കലിന്റെ സ്ഫോടനവും നടന്നു. ഇത് കഴിഞ്ഞ് മൂന്ന് മാസം ആകുമ്പോഴാണ് തുരങ്കപാതയോട് ചേർന്നുള്ള മണ്ണിടിച്ചലുണ്ടായിരിക്കുന്നത്. തുരങ്കപാതയ്ക്ക് നാട്ടുകാർ എതിരല്ലെങ്കിലും തങ്ങൾക്ക് പേടിയില്ലാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കണം എന്നാണ് ഇവിടെയുള്ള ഓരോരുത്തർക്കും പറയാനുള്ളത്.

ഇനി ഞാൻ അങ്ങോട്ട് പോകില്ല കാരണം എന്റെ മക്കളാണ് എനിക്ക് വലുത്. വേറെ എവിടേക്ക് പോകണമെന്നും ഞങ്ങൾക്കറിയില്ല. ഇപ്പോൾ എന്റെ രക്ഷിതാക്കളുടെ അടുത്താണ് ഞാൻ നിൽക്കുന്നത്. ഇങ്ങനെ എത്രകാലം നിൽക്കാൻ കഴിയും. എന്തെങ്കിലും പരിഹാരം ഉണ്ടാക്കണം. ഞങ്ങളെ സഹായിക്കണം. ഞങ്ങൾക്ക് വേറെ നിവൃത്തിയില്ല. ഇപ്പോ ജീവൻ തിരിച്ച് കിട്ടിയത് ദൈവത്തിന്റെ സഹായം കൊണ്ടാണ്-നിഷാന പ്രദേശവാസി

എന്റെ കുട്ടിയൊക്കെ ആകെ പേടിച്ചു കുട്ടി. നമ്മൾ മരിക്കുമെന്ന് തോന്നുന്നു നമുക്ക് പോവാം എന്നെല്ലാം പറഞ്ഞ് കരച്ചിലായിരുന്നു. ഇതിന് ശേഷം കുഞ്ഞ് ഉറങ്ങിയിട്ടില്ല. അത്രയും പേടിച്ചുപോയി. ഇപ്പോഴും അതുപോലുള്ള ഒച്ച കേട്ടു കഴിഞ്ഞാൽ ഉറക്കം പോവും. )

അതീവ ദുർബലമായ പശ്ചിമഘട്ട മലനിരകളിലെ പാറ തുരന്നാണ് തുരങ്കം പണിയുന്നത്. മണിക്കൂറുകൾ മഴ നിർത്താതെ പെയ്താൽ പോലും അപകടാവസ്ഥയിലാണ് ഈ മേഖലയിലെ മലയോരപ്രദേശം. ചൂരൽമലയും മുണ്ടക്കൈയും പുത്തുമലയും ഇവരുടെ മുന്നിലെ നേർസാക്ഷ്യവുമാണ്‌. ഇത്തവണ മഴ കുറഞ്ഞതാണ് ഒരുപക്ഷെ അപകടം നിലവിലെ അവസ്ഥയിലേക്ക് ചുരങ്ങിയത്. അങ്ങനെയല്ലെങ്കിൽ മറ്റൊരു ചൂരൽമലയ്ക്കോ പുത്തുമലയ്ക്കോ വയനാട് സാക്ഷിയാകേണ്ടിയും വന്നേനെ.

മണ്ണിടിച്ചിലിൽ തകർന്ന വീട് | ഫോട്ടോ: ഷഹീർ സി.എച്ച്‌

ഇനിയൊരു ദുരന്തത്തെ താങ്ങാനുള്ള ശേഷി ഇവിടുത്തുകാർക്കില്ല. എല്ലാവർഷവും നഷ്ടത്തിന്റെ കണക്കു പറഞ്ഞ് അതിജീവിച്ചു പോവാനും ഇവർക്കാവില്ല. അതുകൊണ്ടു തന്നെ ഭീതിയില്ലാത്ത മുന്നോട്ടുള്ള ജീവിതം ഒരുക്കേണ്ടത് ഭരണകൂടത്തിന്റെ കൂടെ ഉത്തരവാദിത്തമാണ്.

Content Highlights: Major landslide near the Kalladi tunnel site in 2026 poses significant safety risks to local residents., The 8.11 km tunnel project faces scrutiny following environmental concerns and proximity to disaster-prone zones., Residents demand permanent relocation and safety assurances after the March 2026 tunnel excavation blast., Despite the project's economic potential, the vulnerability of the Western Ghats remains a primary concern.