ലാദനല്ല, ബുദ്ധികേന്ദ്രം മറ്റൊരാൾ; ആദ്യ ആസൂത്രണം 15 വിമാനങ്ങൾ റാഞ്ചാൻ; 9/11 സത്യവും മിഥ്യയും

2001 സെപ്റ്റംബർ 11-ന് രാവിലെ, റാഞ്ചിയ വിമാനങ്ങൾ ഇടിച്ചതിനെത്തുടർന്ന് വേൾഡ് ട്രേഡ് സെന്ററിലെ ഇരട്ട ഗോപുരങ്ങളിൽ നിന്ന് പുക ഉയരുന്നു. ( ഫയൽ ചിത്രം ) AFP
2001 സെപ്റ്റംബർ 11-ന് രാവിലെ, റാഞ്ചിയ വിമാനങ്ങൾ ഇടിച്ചതിനെത്തുടർന്ന് വേൾഡ് ട്രേഡ് സെന്ററിലെ ഇരട്ട ഗോപുരങ്ങളിൽ നിന്ന് പുക ഉയരുന്നു. ( ഫയൽ ചിത്രം ) AFP

പ്രതിരോധ്യമെന്ന അമേരിക്കൻ അഹന്തയ്‌ക്കേറ്റ തിരിച്ചടി, നാണക്കേടിന്റെ അങ്ങേയറ്റം, ലോക പോലീസ് നടുങ്ങിയ ദിവസം. എങ്ങനെയൊക്കെ വിശേഷിപ്പിച്ചാലും ശരി 2001 സെപ്റ്റംബർ 11-ന് അമേരിക്കൻ ഐക്യനാടുകളിൽ നടന്ന ഭീകരാക്രമണം ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ആഗോള രാഷ്ട്രീയത്തെയും അന്താരാഷ്ട്ര സുരക്ഷാ സമവാക്യങ്ങളെയും ഏറ്റവും കൂടുതൽ സ്വാധീനിച്ച സംഭവവികാസമാണെന്നു സമ്മതിക്കാതിരിക്കാനാകില്ല. അൽ ഖ്വയ്ദ ( Al-Qaeda) എന്ന ഭീകര സംഘടന കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയ ആക്രമണ പരമ്പര ലോക സാമ്പത്തിക-സൈനിക ശക്തിയെന്ന അമേരിക്കയുടെ അഹങ്കാരത്തിന്റെ പത്തിക്ക് മുകളിലേറ്റ അടിയായിരുന്നു. എന്നാൽ, അതുണ്ടാക്കിയ പ്രത്യാഘാതം കേവലം അമേരിക്കയിൽ മാത്രമൊതുങ്ങി നിന്നില്ല. അമേരിക്കൻ ഭൂഖണ്ഡവും കടന്ന് ലോകമാകെ അന്താരാഷ്ട്ര സുരക്ഷാ സംവിധാനങ്ങളെ ആകമാനം അത് അടിമുടി തകിടം മറിച്ചു.

ഇരുപത്തഞ്ച് വർഷമായിട്ടും ആ ഭീകരാക്രമണം ഗൂഢാലോചനയായിരുന്നുവെന്നു വിശ്വസിക്കാൻ ആഗ്രഹിക്കുന്നവരും അങ്ങനെ അടിയുറച്ച് വിശ്വസിക്കുന്നവരും ഇന്നുമുണ്ട്. അമേരിക്കയുമായി ബന്ധപ്പെട്ട ഏതൊരു ചരിത്ര സംഭവത്തേയും സംശയത്തോടെ വീക്ഷിക്കാൻ പ്രേരിപ്പിക്കുന്ന ഗൂഢാലോചന സിദ്ധാന്തങ്ങൾ നിരവധിയുണ്ട്. മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യം പോലും ഇന്നും വിശ്വസിക്കാത്തവരുണ്ട്. അപ്പോൾ 2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണത്തെയും സംശയത്തോടെ വീക്ഷിക്കുന്നവരെ തെറ്റുപറയാനുമാകില്ല.

ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിനുമേൽ ഇത്രയും വലിയൊരു ആക്രമണം ഇത്രയെളുപ്പത്തിൽ വെന്നതു പലർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല എന്നതാണ് ഇതിന്റെ പ്രധാന കാരണം. ആക്രമണം സൃഷ്ടിച്ച മാനസികാഘാതവും അജ്ഞതയുമൊക്കെ ഇത്തരം സിദ്ധാന്തങ്ങൾ വ്യാപകമായി പ്രചരിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. അമേരിക്കൻ ഭരണകൂടത്തോടുള്ള ജനങ്ങളുടെ അവിശ്വാസം അതിനെ ശക്തമാക്കുന്നതിനും വഴിതെളിച്ചു. ഈ സംഭവത്തിന്റെ പിന്നാമ്പുറ ആസൂത്രണ ചരിത്രം, ഇതിനു ചുറ്റും ഉയർന്നുവന്ന ഗൂഢാലോചന സിദ്ധാന്തങ്ങൾ, അവയുടെ പ്രചാരണത്തിന് പിന്നിലെ സമാന്തര കാരണങ്ങൾ, അന്വേഷണ നിഴലിൽ നിന്ന വ്യക്തികളും രാജ്യങ്ങളും, ആക്രമണം സൃഷ്ടിച്ച ദീർഘകാല പ്രത്യാഘാതങ്ങൾ അതിനെ തുടർന്നുണ്ടായ ഊഹാപോഹങ്ങൾ എന്തൊക്കെയാണെന്നു പരിശോധിക്കാം.

വേൾഡ് ട്രേഡ് സെന്റർ തകർന്നതിന് തൊട്ടുപിന്നാലെ, അവശിഷ്ടങ്ങൾ നിറഞ്ഞ തെരുവുകളിലൂടെ സെന്റ് പോൾസ് ചാപ്പലിന് (പശ്ചാത്തലത്തിൽ കാണുന്നത്) സമീപമുള്ള പാർക്ക് റോവിലൂടെ ഒരു പോലീസ് ഉദ്യോഗസ്ഥനും (വലതുവശത്ത്) മറ്റുള്ളവരും നടന്നുപോകുന്നു ( ഫയൽ ചിത്രം) | AFP

ആക്രമണത്തിന്റെ പിന്നാമ്പുറ കഥകളും ആസൂത്രണ ചരിത്രവും

9/11 ആക്രമണം പെട്ടെന്നുണ്ടായ ഒരു തീരുമാനമായിരുന്നില്ല, മറിച്ച് വർഷങ്ങൾ നീണ്ട കൃത്യമായ ആസൂത്രണത്തിന്റെയും തന്ത്രപരമായ തയ്യാറെടുപ്പുകളുടെയും ഫലമായിരുന്നു. ആക്രമണത്തിന്റെ പ്രധാന സൂത്രധാരൻ കുവൈത്തിൽ ജനിച്ച ഖാലിദ് ശൈഖ് മുഹമ്മദ് ആയിരുന്നു. 1990-കളുടെ മധ്യത്തിൽതന്നെ വാണിജ്യ വിമാനങ്ങൾ ആയുധമാക്കി ഉപയോഗിച്ച് വൻകിട ഭീകരാക്രമണങ്ങൾ നടത്തുക എന്നത് ഇയാളുടെ ചിന്തകളിലുണ്ടായിരുന്നുവെന്ന്‌ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 1995-ൽ ഫിലിപ്പീൻസിലെ മനില ആസ്ഥാനമാക്കി ഖാലിദ് ശൈഖ് മുഹമ്മദും അദ്ദേഹത്തിന്റെ അനന്തരവനായ റാംസി യൂസഫും ചേർന്ന് ഒരു ആക്രമണ പദ്ധതി തയ്യാറാക്കി. പസഫിക് സമുദ്രത്തിന് മുകളിലൂടെ പറക്കുന്ന 12 അമേരിക്കൻ വാണിജ്യ വിമാനങ്ങളിൽ പ്രത്യേക ബോംബുകൾ ഘടിപ്പിച്ച് തകർക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. എന്നാൽ, മനില പോലീസിന്റെ അപ്രതീക്ഷിത അന്വേഷണത്തിൽ ഈ ഗൂഢാലോചന പുറത്തുവരികയും പദ്ധതി പരാജയപ്പെടുകയും ചെയ്തു. എന്നാൽ അവിടംകൊണ്ട് നിർത്താൻ ഖാലിദ് തയ്യാറായില്ല.

1996-ൽ ഖാലിദ് ശൈഖ് മുഹമ്മദ് ഈ പദ്ധതി പരിഷ്‌കരിച്ച് അൽ ഖ്വയ്ദ തലവൻ ഉസാമ ബിൻ ലാദന് മുൻപിൽ സമർപ്പിച്ചു. അമേരിക്കയ്ക്കുള്ളിൽനിന്ന് 10 വിമാനങ്ങൾ തട്ടിയെടുത്ത് അവയിൽ 9 എണ്ണം വേൾഡ് ട്രേഡ് സെന്റർ, പെന്റഗൺ, എഫ്.ബി.ഐ ആസ്ഥാനം, സി.ഐ.എ ആസ്ഥാനം, യു.എസ്. ക്യാപിറ്റോൾ, വൈറ്റ് ഹൗസ് തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളിൽ ഇടിച്ചിറക്കുക എന്നതായിരുന്നു പരിഷ്‌കരിച്ച രൂപം. പത്താമത്തെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷം അതിലെ മുതിർന്ന പുരുഷന്മാരെ വധിച്ച്, അമേരിക്കയുടെ വിദേശനയത്തിനെതിരെ മാധ്യമങ്ങളിലൂടെ പ്രസംഗിക്കുക എന്നൊരു നിർദ്ദേശവും ഇതിലുണ്ടായിരുന്നു. എന്നാൽ, പദ്ധതി വളരെ സങ്കീർണ്ണമാണെന്ന് ചൂണ്ടിക്കാട്ടി ബിൻ ലാദൻ അക്കാലത്ത് ഇത് നിരസിക്കുകയാണുണ്ടായത്. പിന്നീട് മനസുമാറിയ ലാദൻ കാണ്ഡഹാറിലേക്ക് ഖാലിദിനെ വിളിപ്പിക്കുകയും വിശദമായ രൂപരേഖ തയ്യാറാക്കി പുതിയ ഭീകരാക്രമണ പദ്ധതി തയ്യാറാക്കുകയായിരുന്നു.

ഉസാമ ബിൻ ലാദൻ

ഉയർന്നുവന്ന പ്രധാന ഗൂഢാലോചന സിദ്ധാന്തങ്ങളും അവയുടെ ശാസ്ത്രീയ വിശകലനവും

9/11 ആക്രമണത്തിന്റെ വ്യാപ്തിയും സങ്കീർണ്ണതയും കാരണം സംഭവത്തിന് തൊട്ടുപിന്നാലെ ഒട്ടനവധി ഗൂഢാലോചന സിദ്ധാന്തങ്ങൾ പ്രചരിക്കാൻ തുടങ്ങി. അമേരിക്കൻ ഭരണകൂടം ആക്രമണം നടക്കാൻ അനുവാദം നൽകി എന്ന 'LIHOP' (Let It Happen On Purpose), അല്ലെങ്കിൽ സർക്കാർ തന്നെയാണ് ആക്രമണം നടത്തിയത് എന്ന 'MIHOP' (Make It Happen On Purpose) എന്നതാണ് അതിൽ ഏറ്റവും പ്രധാനം. ആഭ്യന്തര സുരക്ഷാ പ്രതിസന്ധിയെ മുന്നിൽനിർത്തി വിദേശ അധിനിവേശത്തിന് വഴിയൊരുക്കുകയായിരുന്നു എന്നതാണ് ഈ വാദഗതികളുടെ അടിസ്ഥാനം. 

ഇതിൽ ഏറ്റവും പ്രചാരത്തിലുള്ള വാദം കൺട്രോൾഡ് ഡെമോളിഷൻ സിദ്ധാന്തമാണ് (Controlled Demolition Theory). ഇരട്ട ഗോപുരങ്ങളും (WTC 1 & 2) വേൾഡ് ട്രേഡ് സെന്റർ കോംപ്ലക്‌സിലെ അഞ്ചാമത്തെ വലിയ കെട്ടിടമായ WTC 7-യും തകർന്നത് വിമാനങ്ങൾ ഇടിച്ചതുകൊണ്ടോ തീപിടുത്തം കൊണ്ടോ അല്ല, മറിച്ച് കെട്ടിടത്തിനുള്ളിൽ മുൻകൂട്ടി വെച്ചിരുന്ന സ്‌ഫോടകവസ്തുക്കൾ നിയന്ത്രിതമായി പൊട്ടിച്ചതുകൊണ്ടാണെന്നാണ് ഈ വാദം ഉന്നയിക്കുന്നവർ പറയുന്നത്. വിമാനം നേരിട്ട് ഇടിക്കാത്ത WTC 7 എന്ന 47 നിലകളുള്ള കെട്ടിടം അന്ന് വൈകുന്നേരം 5:20-ഓടെ തകർന്നുവീണത് പ്രധാന തെളിവായി ഇവർ ഉയർത്തിക്കാട്ടുന്നു. കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ പാട്ടത്തിനെടുത്ത വ്യവസായി ലാറി സിൽവർസ്‌റ്റൈൻ സംഭവത്തിന് പിന്നാലെ പിന്നീട് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ 'Pull it' എന്ന വാചകവും സംശയത്തിന് ആക്കം കൂട്ടി. കെട്ടിടം സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർക്കാൻ നൽകിയ ഉത്തരവാണ് ഇതെന്ന് ഗൂഢാലോചനക്കാർ ആരോപിച്ചു. കൂടാതെ, പെന്റഗണിൽ ഇടിച്ചത് ബോയിങ് വിമാനമല്ല, മറിച്ച് യു.എസ് സൈന്യം തൊടുത്തുവിട്ട മിസൈലാണെന്ന വാദവും പ്രചരിച്ചു.

ഈ ഗൂഢാലോചന വാദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാൻഡേർഡ്‌സ് ആൻഡ് ടെക്‌നോളജി(NIST) കൃത്യമായ ശാസ്ത്രീയ പഠനങ്ങൾ പുറത്തുവിട്ടിരുന്നു. വിമാനങ്ങൾ ഇടിച്ചപ്പോൾ ഉണ്ടായ ശക്തമായ ആഘാതത്തിൽ കെട്ടിടങ്ങളുടെ സ്റ്റീൽ തൂണുകളിലെ ഫയർ പ്രൂഫിങ് ഇൻസുലേഷൻ വലിയ തോതിൽ നഷ്ടപ്പെട്ടു. വിമാന ഇന്ധനം കത്തിയുണ്ടായ കഠിനമായ ചൂടിൽ ഫ്‌ളോർ ട്രസ്സുകൾ വളയുകയും അവ പുറംതൂണുകളെ ഉള്ളിലേക്ക് വലിക്കുകയും ചെയ്തു. ഇതോടെ താങ്ങുതൂണുകൾ ബക്ക്ൾ ചെയ്യപ്പെടുകയും (Buckling), മുകളിലെ നിലകൾ താഴത്തെ നിലകളിലേക്ക് വൻഭാരത്തോടെ പതിച്ച് ക്രമാനുഗതമായ തകർച്ച (Progressive Collapse) സംഭവിക്കുകയുമായിരുന്നു എന്നാണ് ഇവരുടെ റിപ്പോർട്ടിൽ പറയുന്നത്.

WTC 7-ന്റെ കാര്യത്തിൽ, വടക്കേ ഗോപുരം (WTC 1) തകർന്നപ്പോൾ ഉണ്ടായ അവശിഷ്ടങ്ങൾ പതിച്ച് ആ കെട്ടിടത്തിന്റെ തെക്കേ ഭിത്തിക്ക് തകരാറുണ്ടാകുകയും ഒന്നിലധികം നിലകളിൽ തീപിടിക്കുകയും ചെയ്തു. ജലവിതരണ പൈപ്പുകൾ തകർന്നതിനാൽ ഫയർ ഫൈറ്റിങ് സംവിധാനങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടു. ഏഴ് മണിക്കൂറോളം അണയാതെ കത്തിയ തീയിൽ സ്റ്റീൽ ബീമുകൾ വികസിക്കുകയും കോളം 79 എന്ന പ്രധാന താങ്ങുതൂൺ തകരുകയും ചെയ്തതാണ് കെട്ടിടം പൂർണ്ണമായി നിലംപൊത്താൻ കാരണമായത്. ലാറി സിൽവർസ്‌റ്റൈൻ 'Pull it' എന്ന് പറഞ്ഞത് ജീവഹാനി ഒഴിവാക്കാൻ കെട്ടിടത്തിനുള്ളിൽ രക്ഷാപ്രവർത്തനം നടത്തുന്ന അഗ്‌നിശമന സേനാംഗങ്ങളെ പുറത്തേക്ക് പിൻവലിക്കാൻ ഉദ്ദേശിച്ചായിരുന്നുവെന്ന് അദ്ദേഹത്തിന്റെ വക്താക്കളും ഫയർ ഡിപ്പാർട്ട്മെന്റും പിന്നീട് വ്യക്തമാക്കുകയുണ്ടായി. ഈ വിശദീകരണങ്ങളൊക്കെ ഉണ്ടെങ്കിലും സർക്കാർ തന്നെയാണ് ആക്രമണം നടത്തിയതെന്ന സിദ്ധാന്തം വിശ്വസിക്കാനായിരുന്നു ആളുകൾക്ക് കൂടുതൽ താത്പര്യം. അതിന് കാരണം ഭരണകൂടത്തോടുള്ള അവിശ്വാസം തന്നെയായിരുന്നു.

ഇതിനൊപ്പം സാധാരണക്കാർക്ക് വിശ്വസനീയമെന്ന് തോന്നുന്ന നിരവധി സാഹചര്യങ്ങളും ഈ സിദ്ധാന്തത്തിനൊപ്പം പ്രചരിച്ചു. ഭീകരാക്രമണത്തിന് പിന്നാലെ ഗൂഢാലോചന കഥകൾ പ്രചരിച്ചതിന് പിന്നിൽ വ്യക്തമായ ചില സാമൂഹിക, സൈക്കോളജിക്കൽ കാരണങ്ങളുണ്ടായിരുന്നു. ഒന്നാമതായി, തീപ്പിടിത്തം മൂലം സ്റ്റീൽ സ്ട്രക്ചറിലുള്ള വൻകിട കെട്ടിടങ്ങൾ പൂർണ്ണമായി തകർന്നടിയുന്ന അനുഭവം അതുവരെ ചരിത്രത്തിൽ ഉണ്ടായിരുന്നില്ല. അതിനാൽതന്നെ പൊതുജനങ്ങൾക്ക് ഇതൊരു യാഥാർത്ഥ്യമായി ഉൾക്കൊള്ളാൻ പ്രയാസമായിരുന്നു. രണ്ടാമതായി, ആക്രമണത്തിന്റെ ഭീകരമായ ദൃശ്യങ്ങൾ ലോകമെമ്പാടുമുള്ള ജനങ്ങൾ തത്സമയം ടെലിവിഷനിൽ കണ്ടത് വലിയ മാനസിക ആഘാതം സൃഷ്ടിച്ചു. ഭരണകൂടത്തിന്റെ സുരക്ഷാവീഴ്ചകളിൽ ഉണ്ടായ ജനരോഷവും സംശയങ്ങളും ഇത്തരം കഥകൾക്ക് ഫലഭൂയിഷ്ഠമായ മണ്ണൊരുക്കി. മൂന്നാമതായി, വിമാനം നേരിട്ട് ഇടിക്കാത്ത WTC 7 അപ്രതീക്ഷിതമായി തകർന്നതും ബി.ബി.സി പോലുള്ള മാധ്യമങ്ങൾക്ക് വന്ന സാങ്കേതിക പിഴവുകൾ കാരണം കെട്ടിടം തകരുന്നതിന് തൊട്ടുമുമ്പ് അത് റിപ്പോർട്ട് ചെയ്യപ്പെട്ടതും ഗൂഢാലോചനക്കാർ ആയുധമാക്കി.

ആക്രമണം നടത്തിയത് അൽ ഖ്വയ്ദയല്ല, മറിച്ച് അഫ്ഗാനിസ്താനിലും ഇറാഖിലും അധിനിവേശം നടത്താൻ കാരണം കണ്ടെത്താനായി ജോർജ്ജ് ഡബ്ല്യു. ബുഷ് ഭരണകൂടവും സി.ഐ.എയും ചേർന്ന് ആസൂത്രണം ചെയ്തതാണെന്ന വാദമാണ് പിന്നീട് വന്നത്. അഫ്ഗാനിസ്താനിലും പിന്നാലെ ഇറാഖിലും നടന്ന അധിനിവേശം നിരവധി അമേരിക്കൻ സൈനികരുടെ ജീവഹാനിക്ക് കാരണമായതോടെയാണ് ഇത്തരം വാദങ്ങൾ ശക്തിപ്രാപിച്ചത്. യുദ്ധത്തിൽ പ്രിയപ്പെട്ടവർ കൊല്ലപ്പെടുകയോ കടുത്ത മാനസിക സംഘർഷത്തിലൂടെ കടന്നുപോവുകയോ ചെയ്യുന്നത് കാണുമ്പോൾ ഇത്തരം വാദങ്ങൾക്ക് കൂടുതൽ സ്വീകാര്യത കൈവരികയും ചെയ്തു. അമേരിക്കൻ ഇന്റലിജൻസ് ഏജൻസികൾക്ക് ആക്രമണത്തെക്കുറിച്ച് മുൻകൂട്ടി വിവരമുണ്ടായിരുന്നിട്ടും യുദ്ധത്തിന് വഴിമരുന്നിടാൻ അവർ അത് തടഞ്ഞില്ലെന്ന ആരോപണവും പിൽക്കാലത്ത് ഉയർന്നുവന്നിരുന്നു.

2001 സെപ്റ്റംബർ 11-ന് ഭീകരാക്രമണത്തെ തുടർന്ന് ന്യൂയോർക്കിൽ, വേൾഡ് ട്രേഡ് സെന്ററിന്റെ ഒരു ടവറിൽ നിന്ന് പുക ഉയരുന്നു. രണ്ടാമത്തെ ടവറിൽ നിന്ന് തീയും അവശിഷ്ടങ്ങളും ചിതറിത്തെറിക്കുന്നതും കാണാം| AP File Photo

ഇത്തരം കഥകൾ പ്രചരിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച നിരവധി ആളുകളുണ്ട്. അവയിൽ ചിലരെ പരിചയപ്പെടാം. ഡിലൻ ഏവറി (Dylan Avery) എന്ന സ്വതന്ത്ര സംവിധായകന്റെ നേതൃത്വത്തിൽ 2005-ൽ പുറത്തിറങ്ങിയ 'ലൂസ് ചേഞ്ച്' (Loose Change) എന്ന ഇന്റർനെറ്റ് ഡോക്യുമെന്ററിയാണ് 9/11 ഗൂഢാലോചന സിദ്ധാന്തങ്ങളെ ആഗോളതലത്തിൽ ട്രെൻഡിംഗ് ആക്കിയത്. അലക്‌സ് ജോൺസ് (Alex Jones) എന്ന വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകൻ തന്റെ 'ഇൻഫോവാർസ്' എന്ന മീഡിയ പ്ലാറ്റ്ഫോമിലൂടെ അമേരിക്കൻ സർക്കാർ തന്നെയാണ് ആക്രമണം നടത്തിയതെന്ന പ്രചാരണം ശക്തിപ്പെടുത്തി. ഡേവിഡ് റേ ഗ്രിഫിൻ (David Ray Griffin) എന്ന അമേരിക്കൻ തിയോളജി പ്രൊഫസറും ഇക്കാര്യത്തിൽ നിർണായക സംഭാവന നൽകിയിട്ടുണ്ട്. '9/11 Truth Movement' എന്ന പ്രസ്ഥാനത്തിന് നേതൃത്വം നൽകുകയും, അക്കാദമിക് സ്വഭാവമുള്ള പുസ്തകങ്ങളിലൂടെ സർക്കാർ തന്നെയാണ് ആക്രമണം നടത്തിയതെന്ന വാദങ്ങൾക്ക് കൂടുതൽ സ്വീകാര്യത ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തു. കൂടാതെ, അക്കാലത്ത് ഉയർന്നുവന്ന ഡിജിറ്റൽ ഫോറങ്ങളും യൂറ്റ്യൂബിന്റെ വളർച്ചയും വിവരങ്ങൾ അതിവേഗം പടർത്താൻ സഹായകരമായി.

അഫ്ഗാൻ-പാകിസ്താൻ അതിർത്തിയിലെ പക്തിക പ്രവിശ്യയിൽ യുഎസ് ആർമിയുടെ 1-506 ഇൻഫൻട്രി ഡിവിഷനിലെ സൈനികർ പട്രോളിംഗ് നടത്തുന്നു ( ഫയൽ ചിത്രം) AFP

ആക്രമണത്തിന്റെ പ്രത്യാഘാതങ്ങൾ

9/11 ആക്രമണം ലോകക്രമത്തിൽ വരുത്തിയ മാറ്റങ്ങൾ ആഴത്തിലുള്ളതും ഇപ്പോഴും നിലനിൽക്കുന്നതുമാണ് എന്നതാണ് അതിന്റെ പ്രാധാന്യം. ഈ ദുരന്തം മാനുഷിക, സാമ്പത്തിക, ഭൗമരാഷ്ട്രീയ, നിർമ്മാണ മേഖലകളിൽ ഉണ്ടാക്കിയ ആഘാതങ്ങൾ വളരെ വലുതാണ്. ആക്രമണത്തിൽ ആകെ 2,977 നിരപരാധികൾക്ക് ജീവൻ നഷ്ടപ്പെട്ടു. വേൾഡ് ട്രേഡ് സെന്ററിൽ മാത്രം 2,600-ലധികം ആളുകളും പെന്റഗണിൽ 125 പേരും നാല് വിമാനങ്ങളിലായി 256 പേരും കൊല്ലപ്പെട്ടു. രണ്ടാം ലോക മഹായുദ്ധ കാലത്തെ പേൾ ഹാർബർ ആക്രമണത്തിന് ശേഷം അമേരിക്കൻ മണ്ണിലുണ്ടാകുന്ന ഏറ്റവും വലിയ ജീവഹാനിയായിരുന്നു ഇത്. സാമ്പത്തിക തലത്തിൽ, ലോക സാമ്പത്തിക കേന്ദ്രമായ ന്യൂയോർക്കിലെ ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റ് ആഴ്ചകളോളം സ്തംഭിച്ചു. ചരിത്രത്തിൽ അപൂർവ്വമായി തുടർച്ചയായി നാല് വ്യാപാര ദിനങ്ങൾ യു.എസ് സ്റ്റോക്ക് മാർക്കറ്റുകൾ അടച്ചിടേണ്ടി വരികയും തുടർന്ന് ഓഹരി വിപണികളിൽ വൻതകർച്ച അനുഭവപ്പെടുകയും ചെയ്തു. ആഗോളതലത്തിൽ വ്യോമയാന മേഖല ദിവസങ്ങളോളം പൂർണ്ണമായി നിശ്ചലമായി. വിമാനക്കമ്പനികൾക്കും ടൂറിസം മേഖലയ്ക്കും കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടായി.

ഭൗമരാഷ്ട്രീയത്തിലും അന്താരാഷ്ട്ര സുരക്ഷയിലും വൻമാറ്റമാണ് ഈ സംഭവം ഉണ്ടാക്കിയത്. അമേരിക്കൻ വിദേശനയം പൂർണ്ണമായും ഭീകരവാദ വിരുദ്ധ പോരാട്ടത്തിലേക്ക് കേന്ദ്രീകരിക്കുകയും യു.എസ് നേതൃത്വത്തിലുള്ള നാറ്റോ സഖ്യസേന അഫ്ഗാനിസ്താൻ അധിനിവേശം നടത്തുകയും താലിബാൻ ഭരണകൂടത്തെ അധികാരത്തിൽനിന്ന് പുറത്താക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയായി ഇറാഖിൽ രാസ-ജൈവ ആയുധങ്ങളുണ്ടെന്ന് ആരോപിച്ച് 2003-ൽ ഇറാഖ് യുദ്ധവും ആരംഭിച്ചു. അമേരിക്കയ്ക്കുള്ളിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി രൂപീകരിക്കുകയും പേട്രിയറ്റ് ആക്ട് (Patriot Act) പാസാക്കി പൗരന്മാരുടെ നിരീക്ഷണവും വിമാനത്താവള സുരക്ഷയും കർശനമാക്കുകയും ചെയ്തു. സി.ഐ.എ, എഫ്.ബി.ഐ എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇന്റലിജൻസ് സംവിധാനങ്ങളിൽ വലിയ അഴിച്ചുപണി നടന്നു.

9/11 അന്വേഷണ റിപ്പോർട്ട് ലോകമെമ്പാടുമുള്ള വൻകിട കെട്ടിടങ്ങളുടെ നിർമ്മാണ രീതികളെയും ബിൽഡിംഗ് കോഡുകളെയും മാറ്റിയെഴുതി. ഇന്റർനാഷണൽ കോഡ് കൗൺസിൽ (ICC) വഴി കെട്ടിട നിർമ്മാണ കോഡുകളിൽ 40-ലധികം പ്രധാന മാറ്റങ്ങൾ വരുത്തുകയും എമർജൻസി എക്‌സിറ്റ് സ്റ്റെയർവേകൾ, ലിഫ്റ്റ് സുരക്ഷ, കൂടുതൽ മെച്ചപ്പെട്ട ഫയർപ്രൂഫിങ് സാങ്കേതികവിദ്യകൾ എന്നിവ നിർബന്ധമാക്കുകയും ചെയ്തു. തീപിടുത്തമുണ്ടായാൽ പുക പുറത്തുപോകാനുള്ള പ്രത്യേക സംവിധാനങ്ങളും ഉയർന്ന താപനിലയെ പ്രതിരോധിക്കുന്ന പുതിയ തരം സ്ട്രക്ചറൽ സ്റ്റീലുകളുടെ ഉപയോഗവും ലോകമെമ്പാടും നിലവിൽ വന്നു. 2001 സെപ്റ്റംബർ 11-ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണം കേവലം ഒരു ഭീകരാക്രമണം മാത്രമായിരുന്നില്ല, മറിച്ച് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള രാഷ്ട്രീയ നിയമങ്ങൾ പുനർനിർവ്വചിച്ച നിർണ്ണായക ചരിത്രസംഭവമായിരുന്നു.

Content Highlights: The September 11, 2001, terrorist attacks on the United States, orchestrated by the Al-Qaeda organization, marked a pivotal moment in global politics and international security, profoundly impacting the late 20th and early 21st centuries. Despite various conspiracy theories suggesting otherwise, the attacks were a meticulously planned assault on America's economic and military might. The repercussions extended beyond the U.S., reshaping international security frameworks worldwide.