നട അടച്ചപ്പോഴത്തെ ശബരിമല ചിത്രീകരിച്ചു; യുറ്റ്യൂബർ കുടുങ്ങും, കേസെടുത്ത് പോലീസ്

#ജി. രാജേഷ് കുമാർ
ശബരിമല ക്ഷേത്രം | Photo: PTI
ശബരിമല ക്ഷേത്രം | Photo: PTI

പത്തനംതിട്ട: ശബരിമല വീഡിയോകൾ ചെയ്യാറുള്ള യുറ്റ്യൂബർ ആവേശം മൂത്ത്, നട അടച്ചിരിക്കുന്ന സമയത്തെ വീഡിയോ പോസ്റ്റ് ചെയ്ത് കുഴപ്പത്തിലായി. പമ്പ പോലീസ് എടുത്ത കേസിൽ ഇയാൾ പ്രതിയാണ്. കേസെടുത്ത വിവരം അറിഞ്ഞപ്പോൾ വീഡിയോ ഇയാൾ നീക്കി. പക്ഷേ, പോലീസ് വിടാൻ തീരുമാനിച്ചിട്ടില്ല. നട അടച്ചിരിക്കുന്ന സമയത്ത് പമ്പ മുതൽ സന്നിധാനത്ത് പതിനെട്ടാംപടിക്ക് താഴെവരെയുള്ള കാഴ്ചകൾ ചിത്രീകരിച്ചത് എങ്ങനെയെന്ന് കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നു.

യുറ്റ്യൂബ് ചാനലിലൂടെ, ‘നട അടച്ചതിനുശേഷം ശബരിമലക്കാഴ്ച’ എന്ന തലക്കെട്ടിൽ 10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഏപ്രിൽ 24-ന് ആണ് അപ്‌ലോഡ് ചെയ്തത്. അതീവ സുരക്ഷാമേഖലയായ ശബരിമലയിൽ നട അടച്ചുകഴിഞ്ഞാൽ, പമ്പയിൽനിന്ന് മുകളിലേക്ക് പോകാൻ അധികൃതർക്കല്ലാതെ അനുവാദമില്ലാത്ത പശ്ചാത്തലത്തിലാണ് ഒരുമനുഷ്യർ പോലുമില്ലാത്ത ദൃശ്യങ്ങൾ യുറ്റ്യൂബിൽ വന്നത്. പമ്പാഗണപതി ക്ഷേത്രത്തിൽനിന്നാണ് ആളില്ലാക്കാഴ്ചകൾ ആരംഭിച്ചത്.

പോലീസിന്റെ ചെക്കിങ് പോയിന്റും കടന്ന് നീലിമലയിലെ പരമ്പരാഗത പാതയിലൂടെയാണ് മുകളിലേക്ക് കയറുന്നതായി കാണിച്ചിട്ടുള്ളത്. നീലിമല ബോട്ടം, നീലിമല ടോപ്പ്, അപ്പാച്ചിമേട്, ശബരീപീഠം, മരക്കൂട്ടം, ചന്ദ്രാനന്ദൻ റോഡ്, വലിയ നടപ്പന്തൽ വഴിയാണ് സന്നിധാനത്തെത്തിയിരിക്കുന്നത്. ഈ വഴിയിലെല്ലാം ഇയാൾ വിവരണങ്ങൾ നടത്തുന്നുമുണ്ട്.

പതിനെട്ടാംപടിയുടെ താഴെവരെയുള്ള ദൃശ്യങ്ങൾ പകർത്തി. ആളൊഴിഞ്ഞ പതിനെട്ടാംപടിയും അതിനു മുകളിലെ കൊടിമരത്തിന്റെ ഭാഗങ്ങളും കാണിച്ച് വീഡിയോ അവസാനിപ്പിക്കുന്നു.

ശബരിമലയിൽ ഹൈക്കോടതി നിയോഗിച്ചിരിക്കുന്ന സ്‌പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ, പമ്പ പോലീസിനോടും വനംവകുപ്പിനോടും റിപ്പോർട്ട് തേടി. ഇതേത്തുടർന്നാണ് പമ്പ പോലീസ് കേസെടുത്തത്. പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.

വിഷു ആഘോഷം കഴിഞ്ഞ് ശബരിമലനട അടച്ചത് ഏപ്രിൽ 18-നായിരുന്നു. അതിനുശേഷമാണ് വീഡിയോ ചിത്രീകരണം നടന്നതെന്നാണ് കരുതുന്നത്. സാധാരണ, നട അടച്ചശേഷം ഭക്തരെല്ലാം ആ രാത്രിതന്നെ മലയിറങ്ങാറുണ്ട്. അതാണ് വ്യവസ്ഥയും. എന്നാൽ ചുരുക്കം ചിലർ പിറ്റേന്നുരാവിലെ ഇറങ്ങും. ഇങ്ങനെ ഇറങ്ങി വീഡിയോ പകർത്തുകയായിരുന്നോ എന്ന സംശയവും പോലീസിനുണ്ട്. പക്ഷേ, മലകയറുന്ന തരത്തിലുള്ള വീഡിയോ ആണ് ദൃശ്യങ്ങളിലുള്ളത്. സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. അതീവ സുരക്ഷാമേഖലയിൽ കടന്നുകയറിയതിനുള്ള വകുപ്പുകൾ ചേർക്കുന്നതും പോലീസിന്റെ പരിഗണനയിലാണ്.

Content Highlights: YouTuber uploaded unauthorized footage of Sabarimala after temple closure., The video captured restricted high-security areas from Pamba to Sannidhanam., Pamba police registered a case following a report from the High Court-appointed Special Commissioner., Authorities are reviewing CCTV footage to determine how the area was accessed., The video was deleted after the police case was filed.