‘ഫസ്റ്റ് ഹാഫിൽ ഫുൾ സ്പീഡ്, സെക്കൻഡ് ഹാഫിൽ ഫൈനും കേസും, പടം വൻ പരാജയം’; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

#ന്യൂസ് ഡെസ്ക്
കേരള പോലീസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം, അശ്വന്ത് കോക്ക്
കേരള പോലീസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം, അശ്വന്ത് കോക്ക്

കോഴിക്കോട്: നടക്കാവിൽവെച്ചുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുട്യൂബർ അശ്വന്ത് കോക്കിനെ, അശ്വന്തിന്റെതന്നെ സിനിമാ റിവ്യൂ ശൈലിയിൽ ട്രോളി കേരള പോലീസ്. സിനിമകൾക്ക് റേറ്റിങ് നൽകുന്ന ശൈലി സ്വീകരിച്ച് പൊലീസും 'റേറ്റിങ്: 0/10' എന്ന കുറിപ്പിട്ടാണ് പോസ്റ്റ് പങ്കുവെച്ചത്. കേരള പോലീസ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ച പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ വലിയ ശ്രദ്ധനേടുകയാണ്.

‘ഫസ്റ്റ് ഹാഫിൽ ഫുൾ സ്പീഡ്, സെക്കൻഡ് ഹാഫിൽ ഫൈനും കേസും’ എന്ന പരിഹാസത്തോടെയാണ് പോസ്റ്റ് തുടങ്ങുന്നത്. 'മദ്യപിച്ച് വാഹനം ഓടിക്കുന്നതൊരു തമാശയോ സാഹസമോ അല്ല. സ്വന്തം ജീവൻമാത്രമല്ല, റോഡിലെ മറ്റു യാത്രക്കാരുടേയും സുരക്ഷയാണ് ഇതിലൂടെ അപകടത്തിലാകുന്നത്. ഒരു തെറ്റായ തീരുമാനം പലരുടേയും ജീവിതത്തെ ബാധിച്ചേക്കാം. അതുകൊണ്ട് മദ്യപിച്ചാൽ ഡ്രൈവ് ചെയ്യരുത്, സുരക്ഷിതമായി വീട്ടിലെത്താനുള്ള മറ്റൊരുവഴി തിരഞ്ഞെടുക്കൂ' എന്ന സന്ദേശമാണ് പിന്നീട് നൽകുന്നത്.

പോസ്റ്റിനൊപ്പം നൽകിയ ചിത്രവും സിനിമാ റിവ്യൂ പോസ്റ്ററുകളുടെ മാതൃകയിലാണ് അവതരിപ്പിച്ചത്. 'ഡ്രിങ്ക് & ഡ്രൈവ് ഒരു അനാവശ്യ ത്രില്ലർ' എന്ന തലക്കെട്ടിൽ അര റേറ്റിങ് മാത്രമാണ് അശ്വന്തിന്റെ ഡ്രൈവിങ്ങിന് നൽകിയത്.
'കഥ: സ്ഥിരം അബദ്ധം, ഒട്ടും യുക്തിയില്ലാത്ത തിരക്കഥ.
ക്ലൈമാക്‌സ്: ഒന്നുകിൽ ലോക്കപ്പ്, അല്ലെങ്കിൽ ഹോസ്പിറ്റൽ.
പ്രൊഡക്ഷൻ കോസ്റ്റ്: പിഴ, ആശുപത്രി ചെലവ്. ഓഡിയൻസ്
റെസ്‌പോൺസ്: വീട്ടുകാരുടെ കണ്ണീരും നാട്ടുകാരുടെ ശാപവും'
എന്നിങ്ങനെയാണ് പോസ്റ്ററിലെ വാക്കുകൾ. മദ്യപിച്ച് വാഹനമോടിക്കരുത് എന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പും പോസ്റ്ററിൽ നൽകിയിട്ടുണ്ട്.

'സിനിമ പാളിയാൽ അടുത്ത വെള്ളിയാഴ്ച വേറെ പടംവരും. ജീവിതം പാളിയാൽ അവിടെ തീരും എല്ലാം. ദയവായി മദ്യപിച്ച് വാഹനമോടിക്കരുതെ'ന്ന സന്ദേശം കമന്റ് ബോക്‌സ് വഴിയും പോലീസ് പങ്കുവയ്ക്കുന്നു.

കോഴിക്കോട് എരഞ്ഞിപ്പാലത്തിന് സമീപം തിങ്കളാഴ്ച വൈകീട്ട് ഏഴരയോടെയാണ് അശ്വന്ത് കോക്ക് ഓടിച്ച വാഹനം മൂന്ന് വാഹനങ്ങളിലിടിച്ച് അപകടമുണ്ടാക്കിയത്. തുടർന്ന് വാഹന ഉടമകളും നാട്ടുകാരും ഇയാളെ തടഞ്ഞുവയ്ക്കുകയും പിന്നീട് നടക്കാവ് പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിവിധ വാഹന ഉടമകളുടെ പരാതികളിൽ നടക്കാവ് പോലീസ് കേസ് രജിസ്റ്റർചെയ്തു. തുടർന്ന് അശ്വന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായാണ് റിപ്പോർട്ട്.

Content Highlights: YouTuber Aswanth Kok was arrested by Nadakkav police for a drink and drive accident in Kozhikode., Kerala Police trolled the YouTuber using his signature movie review style with a 0/10 rating. The official Facebook post emphasized road safety and warned against drunk driving.