യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിന്റെ വീടിന് നേരെ അക്രമം

തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിലെ ഇരട്ടക്കൊലയ്ക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ലീനയുടെ മുട്ടത്തറയിലെ വീടിന് നേരെ അക്രമം. പുലര്‍ച്ചെ രണ്ടേകാലോടെയായിരുന്നു സംഭവം. ജനല്‍ ചില്ല് കൊണ്ട് ലീനക്കും മക്കള്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ലീന ആരോപിച്ചു.
പുലര്‍ച്ചെ രണ്ടേകാലോടെ ബൈക്കിലെത്തിയ സംഘം വീട് തകര്‍ക്കുകയായിരുന്നു. ജനല്‍ചില്ലുകള്‍ പൂര്‍ണമായി അടിച്ച് തകര്‍ത്തിട്ടുണ്ട്. അക്രമത്തിന് ശേഷം ഒരാള്‍ ഓടിപ്പോയി സി.പി.എം പാര്‍ട്ടി ഓഫീസിന്റെ ഭാഗത്ത് നിന്ന് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പോവുന്നത് കണ്ടിട്ടുണ്ടെന്ന് ലീന പ്രതികരിച്ചു. അപ്പോള്‍ തന്നെ മുട്ടത്തറ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് സിപിഎം - കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ലീനയുടെ വീടിന് നേരെ അക്രമണമുണ്ടായത്.
ലീനയുടെ വീട് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് സന്ദര്‍ശിച്ചു. സെക്രട്ടേറിയേറ്റ് സമരത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ഓപ്പറേഷന് കഴിഞ്ഞ് കിടക്കുകയാണ് ലീന. പതിനഞ്ച് വര്‍ഷം മുമ്പ് സി.പി.എം വിട്ട് യൂത്ത് കോണ്‍ഗ്രസിലേക്ക് വന്നതുമാണ്. അതുകൊണ്ട് മാത്രം കഴിഞ്ഞ അഞ്ച് തവണയായി എന്ത് പ്രശ്നമുണ്ടായാലും തന്റെ വീട് സ്ഥിരമായി അക്രമിക്കപ്പെടുകയാണെന്നും ലീന പ്രതികരിച്ചു.
Content Highlights: