കോഴിക്കോട് വനാതിർത്തിയിൽ പശുവിനെ മേയ്ക്കാന്‍ പോയ സ്ത്രീ മരിച്ചനിലയിൽ, പശുവിന്റെ ജഡവും കണ്ടെത്തി

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ പശുക്കടവില്‍ വനാതിര്‍ത്തിക്കുസമീപം പശുവിനെ മേയ്ക്കാന്‍പോയ സ്ത്രീയെയും വളര്‍ത്തുപശുവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. ചൂളപറമ്പില്‍ ഷിജുവിന്റെ ഭാര്യ ബോബിയെയും (43) അവരുടെ വളര്‍ത്തുപശുവിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

വെള്ളിയാഴ്ച രാത്രിയായിട്ടും തിരിച്ചു വരാതായതോടെ വനംവകുപ്പും പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവര്‍ത്തകരും നടത്തിയ തിരച്ചലില്‍ രാത്രി 12 മണിയോടെ ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ബോബിയുടെ ശരീരത്തില്‍ പരിക്കുകളൊന്നുമില്ല. പശുവിന്റെ ശരീരത്തിലും പരിക്കുകള്‍ ഇല്ല. ബോബിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

പശുവിനെ മേയ്ക്കാനായി വനമേഖലയിലേക്കുപോയ ബോബിയെ വീട്ടുകാർ ഉച്ചയ്ക്ക് വിളിച്ചപ്പോൾ ഫോണിൽ കിട്ടിയിരുന്നു. വൈകീട്ട് നാലരയ്ക്ക് മക്കൾ സ്കൂളിൽനിന്ന് വീട്ടിലേക്ക് വന്നപ്പോഴാണ് അമ്മയില്ലെന്ന് മനസ്സിലായത്. തുടർന്ന് നാട്ടുകാരുംമറ്റും സമീപത്തൊക്കെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വനംവകുപ്പിലും പോലീസിലും വിവരമറിയിക്കുകയായിരുന്നു.

Content Highlights: women deadbody found in forest border